അത്തരത്തിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന പാസ്വേഡ് ഏതാണെന്ന റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. പ്രമുഖ പാസ്വേഡ് മാനേജർ സേവനദാതാക്കളായ നോർഡ് പാസ് ആണ് സാധാരണയായി ഉപയോഗിക്കപ്പെടുന്ന 200 പാസ്വേഡുകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള റിപ്പോർട്ട് പുറത്തുവിട്ടത്. ആശങ്കപ്പെടുത്തുന്ന വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. 44 രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

ഒന്നാം സ്ഥാനത്തുള്ളത് സ്വാഭാവികമായി എല്ലാവർക്കും ഊഹിക്കാൻ കഴിയുന്നത് പോലെ 123456 തന്നെയാണ്. ആഗോളതലത്തിലും ഇന്ത്യയിലും ഇത് തന്നെയാണ് മുന്നിൽ നിൽക്കുന്ന പാസ്വേഡ്. 30,18,050 പേരാണ് ലോകമാകെ 123456 എന്ന പാസ്വേഡ് ഉപയോഗിക്കുന്നത് എന്ന് റിപ്പോർട്ടിൽ പറയുന്നു. ഹാക്ക് ചെയ്യാൻ വളരെ എളുപ്പമുള്ള പാസ്വേഡാണ് ഇത്. ശക്തമായ പാസ്വേഡ് ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവാന്മാരല്ലാത്തതിനാലാണ് ആളുകൾ ഈ പാസ്വേഡ് ഉപയോഗിക്കുന്നത് എന്നാണ് വിലയിരുത്തൽ.
ആഗോളതലത്തിൽ 123456789 ആണ് രണ്ടാം സ്ഥാനത്തുള്ള പാസ്വേഡ്. എന്നാൽ ഇന്ത്യയിൽ ഇത് നാലാമതാണ്. ആദ്യം പറഞ്ഞ പാസ്വേഡിനെക്കാൾ അൽപ്പം ശക്തമായതാണ് ഇതെങ്കിലും വളരെ സുരക്ഷ കുറഞ്ഞ പാസ്വേഡ് തന്നെയാണ് ഇത്. കീബോർഡിലെ ആദ്യവരിയിലുള്ള Qwerty, ഇതിനൊപ്പം അക്കങ്ങൾ കൂടി ചേർത്തുള്ള 1q2w3e4r5t എന്നിവയും കൂടുതലായി ഉപയോഗിക്കപ്പെടുന്ന പാസ്വേഡുകളാണ്. എന്നാൽ ഇതെല്ലാം ഹാക്കർമാർക്ക് നിമിഷങ്ങൾ കൊണ്ട് കണ്ടെത്താൻ കഴിയുന്ന പാസ്വേഡുകളാണ് എന്ന് നോർഡ് പാസ് മുന്നറിയിപ്പ് നൽകുന്നു.
