ഐഎന്‍എസ് വിക്രാന്തും നടൻ ജയനും തമ്മിൽ എന്താണ് ബന്ധം; അത് സിനിമാക്കഥ പോലെ കൗതുകകരം

2022 സെപ്റ്റംബർ 2നാണ് ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യത്തെ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ നാവിക സേനക്ക് നൽകയത്. ഇന്നേക്ക് രണ്ട് വർഷം മുമ്പായിരുന്നു ഇന്ത്യയുടെ നാവിക പ്രതിരോധത്തിൻ്റെ കരുത്തായി ഐഎന്‍എസ് വിക്രാന്ത് മാറിയത്. 20,000 കോടി രൂപ ചെലവില്‍ ഇന്ത്യയുടെ സമുദ്ര ചരിത്രത്തില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും വലിയ കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്. ഇന്ത്യയുടെ നാവിക കാവലിന് ​ഐഎൻഎസ് വിക്രാന്താണ് നായകത്വം വഹിക്കുന്നത്. ‘ജയേമ സം യുധി സ്പൃധാ’ അഥവാ ‘എന്നോടു യുദ്ധംചെയ്യുന്നവരെ ഞാന്‍ പരാജയപ്പെടുത്തും’ എന്ന ഋഗ്വേദത്തിലെ ആപ്തവാക്യം കപ്പലിൽ ആലേഘനം ചെയ്തിട്ടുണ്ട്. കൊച്ചിയിലെ കപ്പൽ ശാലയിൽ നിർമ്മിച്ചെടുത്ത കപ്പലിൽ അനുമതികൂടാതെ ഒരീച്ചയ്ക്കുപോലും കടന്നുചെല്ലാന്‍ കഴിയില്ല

1961ലെ ഇന്ത്യയുടെ ആദ്യ വിമാനവാഹിനി യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രാന്തിൻ്റെ പേരുതന്നെയാണ് പുതിയ കപ്പലിനും നൽകിയിരിക്കുന്നത്. ഹെര്‍ക്കുലീസ് എന്ന വിമാനവാഹിനിയാണ് 1961ല്‍ വിക്രാന്ത് എന്ന പേരില്‍ കമ്മീഷന്‍ ചെയ്തത്. 1971ലെ ഇന്ത്യ പാകിസ്താന്‍ യുദ്ധത്തില്‍ നിര്‍ണായക പങ്കാണ് വിക്രാന്ത് വഹിച്ചത്. പാകിസ്താന്‍ നാവികസേനയുടെ നീക്കം ബംഗാള്‍ ഉള്‍ക്കടലില്‍ ചെറുത്തത് വിക്രാന്തായിരുന്നു. 1997-ലാണ് പഴയ വിക്രാന്ത് ഡീകമ്മീഷന്‍ ചെയ്തത്. ഡീകമ്മീഷന്‍ ചെയ്ത ശേഷം 2012 വരെ മുംബൈയില്‍ നാവിക മ്യൂസിയമായി സൂക്ഷിച്ച ഈ കപ്പല്‍ പിന്നീട് ലേലത്തില്‍ വിറ്റു.

പഴയ ഐഎൻഎസ് വിക്രാന്തിനെ പറ്റി ഓർമ്മിക്കുമ്പോൾ മലയാളികളെ അതിലേക്ക് ബന്ധിപ്പിക്കുന്ന, അതിശയിപ്പിക്കുന്ന, എന്നാൽ പലർക്കും ഇപ്പോഴും അറിയാത്തൊരു കഥയുണ്ട്.

ഐഎൻഎസ് വിക്രാന്തും നടൻ ജയനും തമ്മിലുള്ള ബന്ധം

1960-ൽ മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് ‘ബോയിങ് 707’ വിമാനം പറന്നുയർന്നു. ഇന്ത്യൻ നാവിക സേനാം​ഗങ്ങളായിരുന്നു ആ വിമാനത്തിൽ. ഒന്നര വർഷം അവർ യു കെയിലെ ബെൽഫാസ്റ്റ് നഗരത്തിൽ താമസിച്ചു. സുപ്രധാനമായൊരു ദൗത്യം നിർവ്വഹിച്ചതിന് ശേഷമായിരുന്നു സംഘത്തിൻ്റെ മടക്കം. ഐഎൻഎസ് വിക്രാന്തിനെ ഏറ്റെടുത്ത് ഇന്ത്യയിലേക്ക് കൊണ്ടുവരുക എന്നതായിരുന്നു ആ ദൗത്യം. ആ ദൗത്യത്തിൽ മലയാളികളായ രണ്ട് പേരും ഉണ്ടായിരുന്നു. തൃശ്ശൂർ സ്വദേശി ‌ഇബ്രാഹിമും കൊല്ലം സ്വദേശി കൃഷ്ണൻ നായരും. ഈ കൃഷ്ണൻ നായരാണ് പിൽക്കാലത്ത് മലയാള സിനിമയുടെ എക്കാലത്തെയും വലിയ ആക്ഷൻ ഹീറോ ആയി മാറിയ ജയൻ

ബെൽഫാസ്റ്റിലെ കപ്പൽ നിർമാണ കേന്ദ്രത്തിൽ വിക്രാന്ത് പൂർണ സജ്ജമാകാൻ ഒന്നര വർഷത്തോളമെടുത്തു. ഈ സമയമെല്ലാം സംഘം ബെൽഫാസ്റ്റിൽ തന്നെയായിരുന്നു. പിന്നീട് 1961ൽ സംഘം വിക്രാന്തുമായി ഇന്ത്യയിലേക്ക് മടങ്ങി. ബം​ഗ്ലാദേശ് യുദ്ധത്തിലടക്കം കൃഷ്ണൻ നായർ എന്ന ജയൻ വിക്രാന്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1973ലാണ് കൃഷ്ണൻ നായരും ഇബ്രാഹിമും സേനയിൽ നിന്ന് വിരമിച്ചത്. പിന്നീട് ഇരുവരും സിനിമയിലേക്ക് കാലെടുത്ത് വെച്ചു. അങ്ങനെ ‘ശാപമോക്ഷം’ എന്ന സിനിമയിലൂടെ കൃഷ്ണൻ നായർ വരവറിയിച്ചു. കൃഷ്ണ നായർ മാഞ്ഞ് ‘ജയൻ’ എന്ന നടൻ്റെ പിറവിയുടെ തുടക്കമായിരുന്നു ഇത്. പിന്നീട് ഈ സു​ഹൃത്തുകൾ പല സിനിമകളിലും ഒന്നിച്ച് അഭിനയിച്ചു. പിന്നീട് ഇരുവരും രണ്ട് മേഖലകളിലായി തിരിഞ്ഞു

Verified by MonsterInsights