വംശീയത അവസാനിപ്പിക്കുക, സമാധാനം കെട്ടിപ്പടുക്കുക എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര സമാധാന ദിനത്തിന്റെ തീം.
ഇന്ന് (സെപ്റ്റംബർ 21) ലോകമെമ്പാടും അന്താരാഷ്ട്ര സമാധാന ദിനമായി ആചരിക്കുകയാണ്. പേര് സൂചിപ്പിക്കുന്നതു പോലെ, എല്ലാ ലോക രാഷ്ട്രങ്ങളിലും സമാധാനം ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയാനാണ് ഈ ദിവസം നീക്കിവച്ചിരിക്കുന്നത്. എന്നാൽ അത് നടപ്പിലാക്കുക എന്നത് ഏറെ ശ്രമകരമാണു താനും. സമാധാനം കൈവരിക്കുക എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് കേവലം ആയുധം താഴെയിടുക എന്നതു മാത്രമല്ല. അക്രമ പ്രവർത്തനങ്ങൾക്കെതിരെ പൊതുജനങ്ങളിൽ അവബോധം വളർത്തുക എന്നതും ഐക്യത്തോടെയും സമാധാനപരമായും ഒരുമിച്ച് ജീവിക്കാൻ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതുമാണ് ഈ ദിവസത്തിന്റെ മറ്റ് ലക്ഷ്യങ്ങൾ.
വംശീയത അവസാനിപ്പിക്കുക, സമാധാനം കെട്ടിപ്പടുക്കുക എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര സമാധാന ദിനത്തിന്റെ തീം. തങ്ങൾ സുരക്ഷിതരാണെന്ന് ഓരോ വ്യക്തിക്കും തോന്നുന്ന ഒരു സമൂഹം കെട്ടിപ്പടുക്കാനും വംശമോ ജാതിയോ നോക്കാതെ കൂട്ടായി പ്രവർത്തിക്കാനും യുഎൻ ആഹ്വാനം ചെയ്യുന്നു. ആഗോള സമാധാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ, വംശീയത ഇല്ലാതാക്കാനാണ് ഈ വർഷം കൂടുതൽ ശ്രദ്ധ നൽകുന്നത്, പ്രത്യേകിച്ചും പകർച്ചവ്യാധിയിലുടെയും യുദ്ധത്തിന്റെയുമൊക്കെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിലെ ജനങ്ങൾക്ക് സ്വന്തം വീടുകൾ പോലും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വരുന്ന സാഹചര്യത്തിൽ.
അന്താരാഷ്ട്ര സമാധാന ദിനത്തിന്റെ ചരിത്രം
1981-ലാണ്, ഐക്യരാഷ്ട്രസഭ ഏകകണ്ഠമായ പ്രമേയത്തിലൂടെ അന്താരാഷ്ട്ര സമാധാന ദിനം ആചരിക്കണമെന്ന് പ്രഖ്യാപിച്ചത്. എല്ലാ രാഷ്ട്രങ്ങൾക്കും ജനങ്ങൾക്കുമിടയിലും സമാധാനത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്താനും സമാധാനം ശക്തിപ്പെടുത്താനുമായി പ്രത്യേകമായി ഒരു ദിവസം വേണമെന്നും ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി അന്നു പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനു ശേഷം 1982 ലാണ് ആദ്യത്തെ അന്താരാഷ്ട്ര സമാധാന ദിനം ആഘോഷിച്ചത്. അതിനുശേഷം സെപ്റ്റംബർ 21 ഔദ്യോഗികമായി അന്താരാഷ്ട്ര സമാധാന ദിനമായി പ്രഖ്യാപിച്ചു. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഒരു പ്രധാന നാഴികക്കല്ല് സംഭവിച്ചു. 2001-ൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി ഏകകണ്ഠമായി ഈ ദിനത്തെ അഹിംസയുടെയും വെടിനിർത്തലിന്റെയും ആവശ്യകത ഊന്നിപ്പറയാനുള്ള ദിവസമായിക്കൂടി പ്രഖ്യാപിച്ചു.
അന്താരാഷ്ട്ര സമാധാന ദിനത്തിന്റെ പ്രാധാന്യം
സമൂഹങ്ങൾക്കിടയിലുള്ള സമാധാനത്തിന്റെ അനന്തരഫലമാണ് വിശ്വാസം, ഉൾക്കൊള്ളൽ, സഹകരണം തുടങ്ങിയ മൂല്യങ്ങൾ. രാജ്യങ്ങൾക്കിടയിലും വ്യക്തികൾക്കിടയിലുമുള്ള സഹവർത്തിത്വം ഉറപ്പു വരുത്തൽ കൂടിയാണ് അന്താരാഷ്ട്ര സമാധാന ദിനം ആഘോഷിക്കുന്നതിന്റെ പിന്നിലുള്ള ലക്ഷ്യം. സമാധാനത്തിന്റെ സംസ്കാരം കെട്ടിപ്പടുക്കുന്ന വ്യക്തികളുടെ പ്രയത്നങ്ങളെ തിരിച്ചറിയാനും അംഗീകരിക്കാനും കൂടിയുള്ള ദിവസമാണിത്. ശത്രുതക്കും വിദ്വേഷത്തിനുമെതിരെ പോരാടാൻ ലോകമെമ്പാടുമുള്ള ഓരോ വ്യക്തിയോടും ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്യുന്നു.