വരുമാനത്തിനും അലങ്കാരത്തിനും ചീരക്കൃഷി ഏറെ പ്രയോജനകരം. നാട്ടിൽ പച്ചയും ചുവപ്പും നിറത്തിലെ ഏറെ ഗുണമുള്ള പച്ചക്കറിയായ ചീര എക്കാലത്തും കൃഷി ചെയ്യാമെങ്കിലും ഏറ്റവും നല്ല നടീൽ സമയം ജനുവരി മാസമാണ്. വീട്ടുമുറ്റത്ത് ഇരു നിറങ്ങളിലെ ചീര പ്രത്യേക രീതിയിൽ നട്ടാൽ അലങ്കാരവുമാകും.
നടീൽ രീതി
നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലം കൃഷിക്കായി തിരഞ്ഞെടുക്കണം. മഴക്കാലത്ത് തടങ്ങളിലും വേനൽക്കാലത്ത് ചാലിലും വേണം ചീര നടാൻ. ഒരു സെന്റ് സ്ഥലത്തേക്ക് ആറ് മുതൽ എട്ട് ഗ്രാം വിത്ത് മതിയാവും. വിത്തിടുമ്പോൾ മണലുമായി കൂട്ടിക്കലർത്തി വിതച്ചാൽ എല്ലാഭാഗത്തും എത്തും.
ഇനങ്ങൾ
അരുൺ(ചുവപ്പ് ), മോഹിനി(പച്ച )എന്നിവ കേരള കാർഷിക സർവകലാശാലയുടെ മികച്ച ചീരകളാണ്. വ്ലാത്താങ്കര ചീര പ്രശസ്തമായ ഒരു നാടൻ ഇനമാണ്. മറ്റ് ചുവപ്പ് ചീരകൾക്ക് ഇരുണ്ട ചുവപ്പ് നിറമാണെങ്കിൽ ഇതിന് നല്ല തിളക്കമുള്ള ചുവപ്പ് നിറമാണ്. ചുവപ്പും പച്ചയും ഇടകലർത്തി നടുന്നത് കീടങ്ങൾ വരാതിരിക്കാൻ സഹായിക്കും.

വളപ്രയോഗം
ചാണകം മണ്ണുമായി ചേർത്ത് അടിവളമായി കൊടുക്കണം. കുറഞ്ഞ അളവിൽ കോഴിവളവും ചേർക്കാം. ഗോമൂത്രം നേർപ്പിച്ചത്, ബയോഗ്യാസ് സ്ലറി നേർപ്പിച്ചത്, കടലപ്പിണ്ണാക്ക്, പച്ചച്ചാണകം എന്നിവ ചേർത്ത് അഞ്ചുദിവസം ഇളക്കി ആറാം ദിവസം ഇരട്ടി വെള്ളത്തിൽ നേർപ്പിച്ചത് എന്നിവയിൽ ഒന്ന് മേൽ വളമായി ആഴ്ചയിലൊരിക്കൽ ഒഴിച്ച് കൊടുത്താൽ വളർച്ചയ്ക്ക് നല്ലതാണ്. പരിപാലനം
കള നിയന്ത്രണം ചീരയ്ക്ക് വളരെ പ്രധാനമാണ്. മണ്ണുകൂട്ടി കൊടുക്കണം. മഴക്കാലത്ത് നീർവാർച്ച ഉറപ്പാക്കണം. വേനൽക്കാലത്ത് രാവിലെ നന്നായി നനക്കണം. നനയ്ക്കുമ്പോൾ വെള്ളം ഇലകളിൽ വീഴാതെ ചുവട്ടിൽ നനയ്ക്കുന്നത് ഇലപ്പുള്ളി രോഗം വരാതിരിക്കാൻ സഹായിക്കും.
വിളവെടുപ്പ്
ചീര വിത്ത് പാകി 30- 35 ദിവസം കൊണ്ട് വിളവെടുക്കാം. വേരോടെ പിഴുതെടുത്തും മുറിച്ചും രണ്ട് രീതിയിൽ വിളവെടുപ്പ് നടത്താവുന്നതാണ്. ഡിസംബർ മുതൽ മെയ് മാസം വരെ മൂന്നോ നാലോ തവണ കൃഷിചെയ്യാം.
