കോട്ടയം: ആയുഷ് വകുപ്പിന്റെയും നാഷണല്‍ ആയുഷ് മിഷന്റെയും നേതൃത്വത്തില്‍ ഇന്ന് (ജൂണ്‍ 21) രാവിലെ 10ന് അന്താരാഷ്ട്ര യോഗ ദിനം ആചരിക്കും. ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ പി.എസ്. പുഷ്പമണി അധ്യക്ഷത വഹിക്കും. യോഗ സെമിനാര്‍, യോഗ പരിശീലനം, യോഗ ഫുഡ്ഫെസ്റ്റ്, യോഗ മെഡിക്കല്‍ ക്യാമ്പ് എന്നിവ ഇതോടനുബന്ധിച്ച് സംഘടിപ്പിക്കും. കോട്ടയം ജില്ലയിലെ എല്ലാ ആയുഷ് സ്ഥാപനങ്ങളിലും തദ്ദേശസ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, ക്ലബുകള്‍ എന്നിവയുമായി സഹകരിച്ച് യോഗ ദിനം ആചരിക്കും.
കോട്ടയം: ജില്ലാ നെഹ്റു യുവകേന്ദ്ര, ആയുഷ് മന്ത്രാലയം, ചിന്മയ വിദ്യാലയ, നാഷണൽ സർവീസ് സ്കീം, എൻ.സി.സി, ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്, നെഹ്റു യുവകേന്ദ്ര അഫിലിയേറ്റഡ് ക്ലബുകൾ, മഹിളാ സമാജം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഇന്ന് ( ജൂൺ 21) ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ അന്തർദേശീയ യോഗാദിനാചരണ പരിപാടികൾ സംഘടിപ്പിക്കും.
കോട്ടയം ജില്ലാതല പരിപാടി ഇല്ലിക്കൽ ചിന്മയ വിദ്യാലയത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ബ്ലോക്ക്തല പരിപാടികൾ ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും നെഹ്റുയുവകേന്ദ്രയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള സംഘടനകളുടെ നേതൃത്വത്തിൽ വിപുലമായി നടത്തുമെന്ന് നെഹ്റുയുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ എച്ച്. സച്ചിൻ അറിയിച്ചു.