കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകരുടെ കൂട്ടരാജി

കോട്ടയം: കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ടരാജി. ഡീന്‍ ഉള്‍പ്പെടെ എട്ട് പേരാണ് രാജിവച്ചത്. രാജിവച്ച ഡയറക്ടര്‍ ശങ്കര്‍ മോഹനുമായി അടുപ്പമുള്ളവരാണ് രാജി വച്ചത്. രാജി ജനുവരി 18 ന് തന്നെ ശങ്കര്‍ മോഹന് നല്‍കിയിരുന്നതായി ഇവർ വ്യക്തമാക്കി.

അധ്യാപകര്‍ക്ക് ഗുണനിലവാരം ഇല്ലെന്ന പരാതി അംഗീകരിക്കാനാകില്ലെന്ന് രാജിവച്ചവർ പറയുന്നു.
തിങ്കളാഴ്ച വൈകുന്നേരത്തോടെ 50 ദിവസമായി വിദ്യാർത്ഥികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സമരം അവസാനിപ്പിക്കുന്നതായി വിദ്യാർത്ഥികള്‍ അറിയിച്ചത്. സമരം ഒത്തുതീര്‍ന്നതായി മന്ത്രി ആര്‍ ബിന്ദുവും പ്രതികരിച്ചു.

ഡയറക്ടറെ പുറത്താക്കുക എന്നതായിരുന്നു വിദ്യാർത്ഥികളുടെ പ്രധാന ആവശ്യം. അദ്ദേഹം കഴിഞ്ഞദിവസം രാജിവെച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ ഡയറക്ടറെ കണ്ടെത്താനായി സെര്‍ച്ച് കമ്മിറ്റിയെ നിയോഗിച്ച് ഉത്തരവിറക്കി. പുതിയ ഡയറക്ടറുടെ നിയമനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോവുകയാണ്. ഒഴിഞ്ഞുകിടക്കുന്ന സംവരണസീറ്റുകള്‍ നികത്തും. കെ ജയകുമാര്‍ സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

തങ്ങള്‍ ഉന്നയിച്ച ബാക്കി 14 ആവശ്യങ്ങള്‍ക്കും മന്ത്രിയില്‍നിന്ന് രേഖാമൂലം ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

Verified by MonsterInsights