സമുദ്രവിസ്മയങ്ങളുടെ പുത്തൻ കാഴ്ചകളിലേക്ക് സന്ദർശകരെ ക്ഷണിച്ച് ‘സീ വേൾഡ് അബുദാബി’. യാസ് ഐലൻഡിൽ പുതുതായി സജ്ജമാക്കിയ ലോകത്തിലെ ഏറ്റവും വലിയ മറൈൻ തീം പാർക്ക് 23ന് തുറക്കും. എല്ലാ പ്രായക്കാരെയും ആകർഷിക്കും വിധം 5 നിലകളിലായി 1.83 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഈ കടൽകൊട്ടാരം സജ്ജമാക്കിയത്.
സമുദ്രവുമായി മനുഷ്യരുടെ അതുല്യ ബന്ധമാണ് പാർക്ക് ഉയർത്തിക്കാട്ടുന്നതെന്ന് സീ വേൾഡ് അബുദാബി ഡപ്യൂട്ടി ജനറൽ മാനേജർ കാർലോസ് റോഡ്രിഗസ് പറഞ്ഞു. അബുദാബി സമുദ്രം, ഉഷ്ണമേഖലാ സമുദ്രം എന്നീ 2 മേഖലകളിലെ വ്യത്യസ്തതയും ഇവിടെ അനുഭവിച്ചറിയാം.

: തൊട്ടറിയാം കടൽജീവികളെ
അബുദാബി ഓഷ്യൻ എന്നു പേരിട്ട ആദ്യ ഭാഗത്ത് കടൽ ജീവികളെ തൊട്ടറിയാം. സ്വദേശികൾക്ക് സമുദ്രവുമായുള്ള ചരിത്ര ബന്ധങ്ങളും ഇവിടെ കാണാം. സമുദ്ര ജീവികളുടെ വിവിധ തലമുറകളെയും അവയിലെ മാറ്റങ്ങളും കണ്ടറിയാം. കണ്ടൽക്കാടുകൾ, ഫോസിൽ ഡ്യൂൺസ്, പർവതങ്ങൾ, ഗുഹകൾ, പാറക്കെട്ടുകൾ, പവിഴപ്പുറ്റുകൾ എന്നിവ പ്രമേയമാക്കിയുള്ള അബുദാബി ഓഷ്യൻ സന്ദർശകർക്ക് വ്യത്യസ്ത അനുഭവം സമ്മാനിക്കും.
അവിസ്മരണീയം ഉഷ്ണമേഖലാ സമുദ്രം
ഉഷ്ണമേഖലാ സമുദ്രമെന്ന രണ്ടാമത്തെ വിഭാഗത്തിൽ ഈ പ്രദേശങ്ങളിൽ വസിക്കുന്ന കടൽ ജീവികളും പക്ഷികളുമാണുള്ളത്. ഉഷ്ണമേഖലയിലെ കാഴ്ചകളും ഇവിടെ പുനരാവിഷ്ക്കരിച്ചിട്ടുണ്ട്. വിവിധ തട്ടുകളിലെ കാഴ്ചകൾ ഒരേസമയം ആസ്വദിക്കാവുന്ന 20 മീറ്റർ ഉയരമുള്ള എൻഡ്‌ലസ് വിസ്റ്റ അവിസ്മരണീയ അനുഭൂതി പകരും.
ആസ്വദിക്കാം കടലിലെ രാത്രിയും പകലും
മൈക്രോ ഓഷ്യൻ, എൻഡ്‌ലെസ് ഓഷ്യൻ, ട്രോപ്പിക്കൽ ഓഷ്യൻ, റോക്കി പോയിന്റ് എന്നിവയിലൂടെ ആഴക്കടലിലെ സാഹസികതയിലേക്കും സന്ദർശകരെ കൂട്ടിക്കൊണ്ടുപോകും. നവീന ലൈറ്റിങ് സംവിധാനത്തിൽ കടലിലെ രാത്രിയും പകലും പുനഃസൃഷ്ടിച്ചിരിക്കുന്നു. ജലത്തിന്റെ നിലവാരം നിയന്ത്രിക്കുന്ന അനിമൽ ലൈഫ് സപ്പോർട്ട് സിസ്റ്റവും (എഎൽഎസ്എസ്) പ്രവർത്തിക്കുന്നു. ജീവജാലങ്ങളും സമുദ്രവും തമ്മിലുള്ള ബന്ധത്തെ അടിസ്ഥാനമാക്കി ഉഷ്ണമേഖലാ പ്രദേശങ്ങൾ, വടക്ക് പടിഞ്ഞാറൻ പസഫിക് തീരങ്ങൾ, അറേബ്യൻ ഗൾഫ് തുടങ്ങി വിവിധ മേഖലകളാക്കി തിരിച്ച മറൈൻ പാർക്കിന്റെ വിസ്മയം മുഴുവൻ അനുഭവിക്കാൻ വൺ ഓഷ്യൻ സ്റ്റോറിയിലൂടെ സാധിക്കും.

രക്ഷാപ്രവർത്തനവും പുനരധിവാസവും
മേഖലയിലെ ആദ്യത്തെ സമർപ്പിത സമുദ്ര ഗവേഷണം, രക്ഷാപ്രവർത്തനം, പുനരധിവാസം, തിരിച്ചയക്കൽ കേന്ദ്രം എന്നിവയും ഒരുക്കിയിട്ടുണ്ട്. വംശനാശ ഭീഷണി നേരിടുന്നവയെ സംരക്ഷിക്കുന്നതിനാണ് പുനരധിവാസ കേന്ദ്രം. മൃഗങ്ങളുടെ ആവാസ വ്യവസ്ഥകൾ ഉറപ്പാക്കാൻ മുൻനിര മൃഗസംരക്ഷണ വിദഗ്ധരും ശാസ്ത്രജ്ഞരും എൻജിനീയരും അടങ്ങുന്ന വൻ സംഘവും പ്രവർത്തിക്കുന്നു.
ടിക്കറ്റ് നിരക്ക്
മുതിർന്നവർക്ക് 375 ദിർഹം കുട്ടികൾക്ക് (11ന് താഴെ) 290.
യാത്ര ഓഷ്യൻ മേഖലയിൽനിന്ന് യാത്ര ഓഷ്യൻ മേഖലയിൽനിന്ന്
അബുദാബി ഓഷ്യൻ മേഖലയിൽനിന്നാണ് അതിഥികളുടെ യാത്ര തുടങ്ങുക. തുടർന്ന് അറേബ്യൻ ഗൾഫിന്റെ ആഴം കുറഞ്ഞ തീരങ്ങളിലേക്ക് കൊണ്ടുപോകും. പിന്നീട് അന്റാർട്ടിക്കയിലെ മഞ്ഞുമൂടിയ പ്രദേശത്തുനിന്ന് ആർട്ടിക്കിലെ ജൈവവൈവിധ്യത്തിലേക്കുള്ള യാത്ര. ലോകത്തിലെ ഏറ്റവും വലിയ മൾട്ടി-സ്പീഷീസ് അക്വേറിയം, നിരീക്ഷണ ഡെക്കുകൾ, കടൽ ഗുഹ, എൻഡ്‌ലെസ് വിസ്റ്റ, റോക്കി പോയിന്റ് തുടങ്ങി വൈവിധ്യങ്ങൾ ഏറെ.