കാലവർഷം തെക്കൻ ബംഗാൾ ഉൾക്കടലിൽ എത്തി; കേരളത്തിൽ ഇനിയുള്ള ദിവസങ്ങളിൽ മഴ കനക്കും.

തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബർ ദ്വീപ്, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ കാലവർഷം എത്തിച്ചേർന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയായി മേയ്‌ 22 ഓടെ ആണ് ഈ മേഖലയിൽ കാലവർഷം എത്തുന്നത്. 

3-4 ദിവസത്തിനുള്ളിൽ,തെക്കൻ അറബിക്കടൽ, മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങൾ, ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ മുഴുവനായും ആൻഡമാൻ കടലിന്റെ ബാക്കി ഭാഗങ്ങൾ, മധ്യ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് കാലവർഷം വ്യാപിക്കാൻ സാധ്യതയുണ്ട്. കാലവർഷം കേരളത്തിൽ മെയ്‌ 27 ഓടെ എത്തിച്ചേരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഇനിയുള്ള ദിവസങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥ വിദഗ്ധർ പറയുന്നു.

മൺസൂൺ മഴയല്ല

മൺസൂൺ യഥാർഥത്തിൽ മഴയല്ല. മഴ കൊണ്ടുവരുന്ന കാറ്റാണ്. ലോകത്ത് ഇവിടെ മാത്രമല്ല മൺസൂൺ ഉള്ളത്. എങ്കിലും ഇവിടത്തെ മൺസൂൺ വളരെ പ്രധാന്യമുള്ളതാണ്.മൗസം എന്ന് ഈ കാറ്റിന് പേരിട്ടത് അറബികളാണ്. പിന്നീട് അത് ഇംഗ്ലിഷിലായപ്പോൾ മൺസൂണായിമാറി. ഇന്ത്യയിൽ കൃഷി കാലവർഷക്കാറ്റിനെ അടിസ്ഥാനമാക്കിയാണ്. സത്യത്തിൽ മൺസൂൺ സീസണിൽ ഉൾപ്പെടുന്നതാണ് കാലവർഷവും തുലാവർഷവും. തെക്കുപടിഞ്ഞാറൻ മൺസൂൺ കാലവർഷത്തിനും വടക്കുകിഴക്കൻ മൺസൂൺ തുലാവർഷത്തിനും കാരണമാകുന്നു.

Verified by MonsterInsights