2024 പാരാലിമ്പിക്‌സിന് പാരിസിൽ കൊടിയിറങ്ങി. ഏഴ് സ്വർണമടക്കം 29 മെഡലുകളുമായി ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ച്ചവെച്ചിരിക്കുന്നത്. കഴിഞ്ഞ മാസം പാരിസിൽ തന്നെ നടന്ന ഒളിംപിക്സിൽ 71-ാം സ്ഥാനത്ത് മാത്രം ഫിനിഷ് ചെയ്ത ഇന്ത്യയ്ക്ക് അതിന്റെ ക്ഷീണം കൂടി തീർക്കുന്നതായിരുന്നു പാരാലിമ്പിക്‌സിലെ ഈ നേട്ടം. ആ നേട്ടത്തിൽ തന്നെ എടുത്ത് പറയാവുന്ന ഒരു അപൂർവ്വ നേട്ടമാണ് നാഗാലന്‍ഡുകാരന്‍ ഹൊകാട്ടോ ഹൊട്ടോസെ സെമ നേടിയത്. പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ (എഫ് 57) വിഭാഗത്തിലാണ് താരം വെങ്കലം നേടിയത്. 14.65 മീറ്റര്‍ എറിഞ്ഞ് കരിയറിലെ മികച്ച ദൂരത്തോടെയാണ് സെമ ഷോട്ട് പുട്ട് പിറ്റിൽ മെഡല്‍ നേടിയത്. ശാരീരിക പരിമിതികളെ കഠിന പരിശീലനവും നിശ്ചയദാര്‍ഢ്യവും കൊണ്ട് മറികടന്ന പാരാലിമ്പിക്‌സിലെ മറ്റെല്ലാ അത്‌ലറ്റുകളെ പോലെ തന്നെയാണ് ഹൊട്ടോസെ സെമയും. എന്നാൽ സെമയുടെ കഥ വ്യത്യസ്തമാകുന്നത് അയാൾ ഷോട്ട്പിറ്റിലേക്ക് കയറിവന്ന അനുഭവത്തിന്റെ കൂടി തീക്ഷണതയിലാണ്.
ഇന്ത്യ ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടിയ വർഷം 1983 ഡിസംബറിൽ നാഗാലാന്‍ഡിലെ ദിമാപൂരിൽ ഒരുകര്‍ഷക കുടുംബത്തിലായിരുന്നു സെമയുടെ ജനനം. വീട്ടിലെ നാലു മക്കളില്‍ രണ്ടാമനായിരുന്ന സെമയ്ക്ക് സൈനികനാവുക എന്നതായിരുന്നു ജീവിത ലക്ഷ്യം. സ്‌കൂളിൽ പഠിച്ചു തുടങ്ങുന്ന മുതൽ അതിന് വേണ്ടി പ്രയത്നം നടത്തിയ സെമ ഒടുവില്‍ ആ സ്വപ്നം നേടിയെടുത്തു. ശേഷം സ്വപ്‍ന സാക്ഷാത്കാരത്തിൽ പുതിയ ദൂരങ്ങൾ താണ്ടാൻ ഒരുങ്ങവേയാണ് സെമയുടെ ജീവിതം കീഴ്മേൽ മറിക്കുന്ന സംഭവമുണ്ടാകുന്നത്. 2002 ഒക്ടോബര്‍ 14 ന് ജമ്മു കശ്മീരിലെ ചൗക്കിബാലിലെ സൈനിക നടപടിക്കിടെ കുഴിബോംബ് പൊട്ടി സെമയ്ക്ക് അദ്ദേഹത്തിന്റെ ഇടത് കാല്‍ മുട്ടിന് താഴെ നഷ്ടമായി. 19 വയസ് തികയുന്നതിന് വെറും രണ്ടു മാസം ശേഷിക്കെ നടന്ന സംഭവത്തിൽ സെമയുടെ ജീവിതം പൂർണ്ണമായും അനിശ്ചിതത്വത്തിലായി.
കടുത്ത വിഷാദത്തിലേക്ക് വീണുപോയേക്കാവുന്ന സമയത്ത് നിശ്ചയദാർഢ്യം വീണ്ടെടുത്ത് സെമ വീണ്ടും പൊരുതി. നടക്കാൻ പോലും സാധിക്കാത്ത നാളുകളിൽ നിന്ന് പുതിയ ലോകം കണ്ടെത്താൻ പരിശ്രമം തുടങ്ങി. ആറ് വർഷങ്ങൾക്ക് മുമ്പ് 2016 ൽ പുണെയിലെ ബിഇജി സെന്ററിലെ ആര്‍മി പാരാലിമ്പിക് നോഡില്‍ ചേർന്നു. സെമയുടെ ഫിറ്റ്‌നസ് കണ്ട് പുണെയിലെ ആര്‍ട്ടിഫിഷ്യല്‍ ലിമ്പ് സെന്ററിലെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരാണ് അദ്ദേഹത്തോട് ഷോട്ട്പുട്ടില്‍ ശ്രദ്ധചെലുത്താന്‍ നിര്‍ദേശിച്ചത്. അങ്ങനെ മുപ്പത്തി രണ്ടാമത്തെ വയസ്സിൽ തുടങ്ങിയ പുതിയ യാത്രയിൽ എട്ടു വര്‍ഷം കൊണ്ട് സെമ രാജ്യത്തിന്റെ അഭിമാനമായി. കായിക താരത്തിന്റെ കരിയറവാസനമെന്ന് പലരും പറയുന്ന മുപ്പതിന് ശേഷം മാത്രം തുടങ്ങിയ കരിയറിൽ നിന്ന് നാല്പതിലെത്തി നിൽക്കുമ്പോൾ വെങ്കല തിളക്കത്തോടെ പാരലിമ്പിക്‌സ് മെഡല്‍ നേടുന്ന ആദ്യ നാഗാലന്‍ഡുകാരനുമായി സെമ.
‘എനിക്കായി, ഈ നേട്ടത്തിനായി എത്രയോ ത്യാഗം ചെയ്ത എന്റെ ഭാര്യക്കുള്ളതാണ് ഈ നേട്ടം. എനിക്കായി എത്രയോ തവണ അവൾ പട്ടിണി കിടന്നു. അതുകൊണ്ടാണ് എനിക്ക് ഭക്ഷണം കഴിക്കാനും പരിശീലനം നടത്താനും സാധിച്ചത്. കാരണം ഒരു ദിവസം മൂന്നു നേരം ഭക്ഷണം കഴിക്കാനുള്ള സാമ്പത്തിക സ്ഥിതി ഞങ്ങള്‍ക്കില്ലായിരുന്നു. ഞാന്‍ തളര്‍ന്നുപോകുമ്പോഴെല്ലാം എന്നെ താങ്ങിനിര്‍ത്തിയത് അവളായിരുന്നു. അവളില്ലായിരുന്നുവെങ്കില്‍ ഇന്നീ വേദിയില്‍ ഞാനുണ്ടാകുമായിരുന്നില്ല, മെഡൽ നേട്ടത്തിന് ശേഷം സെമ പറഞ്ഞു. ജീവിതത്തിൽ ചെറിയ വെല്ലുവിളികൾ കടന്നു വരുമ്പോഴേക്കും മനസ്സ് മടുത്ത് ശിഷ്ടകാലം മുഴുവൻ നിരാശരായി ജീവിക്കുന്ന മനുഷ്യർക്ക് മുന്നിൽ നിശ്ചയ ദാർഢ്യത്തിന്റെയും കഠിനാ ദ്ധ്വാനത്തിന്റെയും കരുത്തിൽ ഏത് താഴ്‌ചയിൽ നിന്നും ഉയർന്ന് വരാൻ മനുഷ്യർക്ക് കഴിയുമെന്ന് തെളിയിക്കുക കൂടിയാണ് ഈ മനുഷ്യൻ.