ഓട്ടിസം ബാധിച്ച കുരുന്നുകള്‍ക്ക് സ്‌നേഹ സാന്ത്വനവുമായി പെരിങ്ങാവ് ഓട്ടിസം സ്‌പെഷ്യല്‍ സ്‌കൂളിലെത്തി ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍. പെരിങ്ങാവ് ഓട്ടിസം ശിശുക്ഷേമകേന്ദ്രം സ്‌പെഷ്യല്‍ സ്‌കൂളില്‍ തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെയും കെയര്‍ ഗിവേഴ്‌സ് പരിശീലന പരിപാടിയുടെയും ഉദ്ഘാടനത്തിന് എത്തിയതായിരുന്നു കലക്ടര്‍. പരിശീലനത്തിന്റെ ഭാഗമായി കുട്ടികള്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ കാണാനും നിര്‍മാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അഭിനന്ദിക്കാനും കലക്ടര്‍ മറന്നില്ല. നിഷ്‌കളങ്കമായ നിറഞ്ഞ ചിരിയോടെയാണ് കുട്ടികള്‍ കലക്ടറെ സ്വീകരിച്ചത്.
ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ പരിശീലനം നല്‍കേണ്ടതിന്റെ പ്രാധാന്യം കലക്ടര്‍ വിശദീകരിച്ചു. വ്യത്യസ്ത കഴിവുകളുള്ള കുട്ടികളെ വളര്‍ത്തിയെടുക്കാനുള്ള സംവിധാനങ്ങള്‍ സമൂഹത്തില്‍ കുറവാണ്. ഓട്ടിസം ബാധിച്ചവര്‍ക്ക് കൃത്യമായ പരിശീലനം നല്‍കിയാല്‍ അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കാനാകും. അവര്‍ക്ക് ശരിയായ പരിശീലനം നല്‍കുകയാണ് ഓട്ടിസം സെന്റര്‍ പോലെയുള്ള കേന്ദ്രങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്നും കലക്ടര്‍ പറഞ്ഞു. ഓട്ടിസം അടക്കമുള്ള ശാരീരിക, മാനസിക വൈകല്യങ്ങള്‍ നേരിടുന്നവര്‍ക്ക് അതിജീവനത്തിന് ആവശ്യമായ പരീശീലനം നല്‍കാനും ഓട്ടിസം സെന്ററിന് കഴിയുമെന്നും കലക്ടര്‍ അഭിപ്രായപ്പെട്ടു.
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ 2008ല്‍ തൃശുരില്‍ ആരംഭിച്ച ഓട്ടിസം ചൈല്‍ഡ് വെല്‍ഫെയര്‍ സെന്റര്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രത്യേക കഴിവുകളുള്ള കുട്ടികള്‍ക്കായുള്ള പരിശീലന പരിപാടിയില്‍ ഏറെ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. സ്പീച്ച് തെറാപ്പി, യോഗ, ഡാന്‍സ്, മ്യൂസിക് തെറാപ്പി, കൗണ്‍സിലിംഗ്, ബിഹേവിയര്‍ തെറാപ്പി, കംപ്യൂട്ടര്‍ പരിശീലനം, ചൈല്‍ഡ് സൈക്കോളജി തുടങ്ങിയ മേഖലകളില്‍ ഇവിടെ ക്ലാസുകള്‍ നല്‍കുന്നുണ്ട്.
ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാള്‍സി എന്നീ അവസ്ഥയിലുള്ള കുട്ടികളെ പരിപാലിക്കുന്നതിനുള്ള ഒരു മാസം നീണ്ടുനില്‍ക്കുന്ന സൗജന്യ പരിശീലന പരിപാടിയാണ് കെയര്‍ ഗിവേഴ്‌സ് ട്രെയിനിംഗ്. 9745614208 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്.
ശിശുക്ഷേമകേന്ദ്രം കണ്‍വീനര്‍ എം കെ പശുപതി മാസ്റ്റര്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എന്‍വി രാധിക, സ്‌പെഷ്യല്‍ സ്‌കൂള്‍ ഡയറക്ടര്‍ ഡോ.കെ എസ് വിജയലക്ഷ്മി, പേട്രണ്‍ കമ്മിറ്റി പ്രസിഡന്റ് ഗിരിജ അനന്തരാമന്‍, സെക്രട്ടറി സിടി അജിത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.