കാറ്റടിച്ചാൽ പറക്കുവോ? 100 കിലോ ഭാരം കുറയും മൈലേജ് കൂടും, പുതിയ ആൾട്ടോ വരുന്നത് ഈ മാറ്റങ്ങളോടെ.

ഒരു കാർ എന്ന സ്വപ്‌നവും പേറിനടന്നവരുടെയെല്ലാം മോഹങ്ങൾ പൂവണിയിച്ചവരാണ് മാരുതി സുസുക്കി എന്ന ഇന്തോ-ജാപ്പനീസ് വാഹന നിർമാതാക്കൾ. അങ്ങ് ജപ്പാനിൽ നിന്നും പറന്നിറങ്ങി ഇന്ധിര ഗാന്ധി സർക്കാരുമായി സുസുക്കി കൈകോർത്തപ്പോൾ ഇന്ത്യയെന്ന മഹാരാജ്യത്തിന് കിട്ടിയത് പുതിയൊരു മുഖഛായ തന്നെയായിരുന്നു. 800 ഹാച്ച്ബാക്ക് നിരത്തുകൾ കീഴടക്കിയപ്പോൾ മാരുതി എന്ന പേര് ഓരോ ഇന്ത്യക്കാരന്റെയും മനസിൽ ആഴത്തിൽ പതിയുകയായിരുന്നു. അത് ഇന്നുവരെ അതേപടി നിലനിൽക്കുന്നുണ്ട് എന്നത് കൂടി കണക്കിലെടുക്കുമ്പോൾ ഈ കമ്പനിയുടെ റേഞ്ച് തന്നെ മനസിലാക്കാം. 800 പടിയിറങ്ങിയപ്പോൾ പകരക്കാരനായി ബ്രാൻഡ് നിയമിച്ചത് ആൾട്ടോ എന്നൊരു സുന്ദരനെയായിരുന്നു.ഇപ്പോൾ മുൻഗാമിയേക്കാൾ കൂടുതൽ ജനകീയനായി ആൾട്ടോ സ്ഥാനം പിടിച്ചപ്പോൾ ഏകദേശം 50 ലക്ഷത്തിന് അടുത്ത് ആളുകൾ വാങ്ങിയ കാർ എന്ന ബഹുമതിയും ആൾട്ടോയ്ക്ക് മാത്രമുള്ളതാണ്. ഇപ്പോൾ K10 വേഷത്തിലാണ് വിപണിയിലെത്തുന്നതെങ്കിലും ആളുകളുടെ പ്രിയപ്പെട്ടവനായി അരങ്ങുവാഴുകയാണ്. ഇതിനിടയിൽ അടുത്ത 10 വർഷത്തേക്കുള്ള സാങ്കേതിക തന്ത്രം ആവിഷ്ക്കരിച്ചിരിക്കുകയാണ് സുസുക്കി മോട്ടോർ കോർപ്പറേഷൻ.

ഇതിൽ കാറുകളെ കൂടുതൽ സാങ്കേതികമായി പുരോഗമിപ്പിക്കാൻ പോകുന്നതിനെ കുറിച്ചുള്ള കമ്പനിയുടെ പദ്ധതിയാണ് വിശദീകരിക്കുന്നത്. അതോടൊപ്പം തന്നെ CO2 ഉദ്‌വമനം കുറയ്ക്കാനും കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാനും വാഹന നിർമാതാക്കൾ ലക്ഷ്യമിടുന്നുണ്ട്. അക്കൂട്ടത്തിലെ ഏറ്റവും നിർണായകമായൊരു തീരുമാനമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. മറ്റൊന്നുമല്ല ആൾട്ടോയുടെ വരാനിരിക്കുന്ന പുതുതലമുറ ആവർത്തനത്തിന്റെ ഭാരം കമ്പനി കുറക്കാൻ പോവുന്നുവെന്ന തീരുമാനമാണ് ശ്രദ്ധനേടിയിരിക്കുന്നത്.നിലവിലെ മോഡലിനേക്കാൾ ഏകദേശം 100 കിലോ ഭാരം കുറവായിരിക്കും ഇനി നിർമിക്കാൻ പോവുന്ന ആൾട്ടോയ്ക്ക് എന്നാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ പുറത്തുവിട്ടിരിക്കുന്ന വിവരം. സുസുക്കിയുടെ അഭിപ്രായത്തിൽ ഒരു വാഹനത്തിൻ്റെ ഭാരം 200 കിലോ കുറച്ചാൽ അതിന്റെ നിർമാണത്തിന് കുറച്ച് മെറ്റീരിയലുകൾ മാത്രമാണ് ആവശ്യമായി വരിക. കൂടാതെ പ്രൊഡക്ഷൻ സമയത്ത് ഏകദേശം 20 ശതമാനം ഊർജവും ഡ്രൈവിംഗ് സമയത്ത് ആറ് ശതമാനം ഊർജവും കുറവ് മതിയാകുമെന്നും കമ്പനി പറയുന്നു.

 

ആയതിനാൽ ആൾട്ടോയ്ക്ക് ഏകദേശം മൂന്ന് ശതമാനം കൂടുതൽ ഇന്ധനക്ഷമത നൽകാൻ സാധിക്കുമെന്നുമാണ് സുസുക്കി അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇത് പ്രവർത്തനക്ഷമമാക്കുന്നതിന് ഷാസികൾക്കും എഞ്ചിൻ ഘടകങ്ങൾക്കുമായി ഭാരം കുറഞ്ഞ മെറ്റീരിയലുകൾ സുസുക്കി ഉപയോഗിക്കും. പുതിയ സ്വിഫ്റ്റിനൊപ്പം കാണുന്ന പുതിയ Z12 എഞ്ചിനാണ് ഇതിന് പ്രസക്തമായ ഉദാഹരണം.ഈ ഭാരം കുറഞ്ഞതും ഉയർന്ന കാര്യക്ഷമതയുള്ളതുമായ എഞ്ചിൻ പിന്നീട് വാഗൺആർ, ഡിസയർ, ബലേനോ, ഫ്രോങ്ക്സ് തുടങ്ങിയ മാരുതി കാറുകൾക്കൊപ്പവും ഉപയോഗിക്കാനുള്ള പദ്ധതിയും ബ്രാൻഡ് മുന്നോട്ടുവെക്കുന്നുണ്ട്. ഇന്ത്യയിൽ മൂന്നാംതലമുറ ആവർത്തനത്തിലാണെങ്കിലും വിദേശത്ത് ആൾട്ടോയ്ക്ക് പത്താംതലമുറ മാറ്റമാണ് അടുത്തതായി ലഭിക്കുന്നത്. ഇതിന് ഹാർട്ട്‌ടെക്റ്റ് പ്ലാറ്റ്‌ഫോമിൻ്റെ മെച്ചപ്പെട്ട പതിപ്പ് ഉപയോഗിക്കാനാണ് സാധ്യത.

Verified by MonsterInsights