സൗന്ദര്യസംരക്ഷണത്തിൽ എക്കാലത്തും പ്രകൃതിദത്ത മാർഗങ്ങൾക്കാണ് മുൻഗണനയുള്ളത്. പാർശ്വഫലങ്ങളില്ല എന്നത് മാത്രമല്ലാതെ പോക്കറ്റ് കാലിയാകില്ല എന്നുള്ളതും ഇത്തരം സൗന്ദര്യമാർഗങ്ങളുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്നു. ഇത്തരത്തിൽ നാട്ടുവൈദ്യത്തിന്റെ ഭാഗമായി പലതരത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങൾക്ക് പരിഹാരമായി ഉപയോഗിക്കാവുന്ന ഒന്നാണ് കറ്റാർവാഴ..
കറ്റാർ വാഴ തുടർച്ചയായി മുഖത്ത് തേച്ചുപിടിപ്പിക്കുന്നത് വഴി ഗുണങ്ങൾ മാത്രമായിരിക്കും നിങ്ങൾക്ക് ലഭിക്കുക. എന്നാൽ കറ്റാർ വാഴയുടെ തണ്ട് പൊട്ടിച്ച് കഴിഞ്ഞാൽ അത് ഉപയോഗിക്കുന്നതിന് സമയപരിധിയുണ്ട്. ദിവസങ്ങൾ കഴിയുന്തോറും പൊട്ടിച്ച തണ്ടിൽ നിന്നുള്ള ജലാശം നഷ്ടമാകും. അതിനാൽ ഉടനെ തന്നെ ഉപയോഗിച്ചില്ലെങ്കിൽ കറ്റാർ വാഴ തണ്ടിലെ ജെൽ നഷ്ടമാകും. കൂടാതെ ദിവസവും കറ്റാർ വാഴ തണ്ട് പൊട്ടിക്കുന്നത് ചെടി വേഗത്തിൽ ഉപയോഗിച്ച് തീരാൻ കാരണമാകും..

അതിനാൽ ഉപയോഗിക്കാനെടുക്കുന്ന കറ്റാർ വാഴ ജെൽ ദിവസങ്ങൾ ഉപയോഗിക്കാൻ സഹായിക്കുന്ന മാർഗമാണ് താഴെ ചേർക്കുന്നത്.
കറ്റാർ വാഴ ജെൽ ഐസ് ക്യൂബായി ഉപയോഗിക്കുന്നതാണ് ഈ പ്രശ്നത്തിന് പരിഹാരം. ഇത്തരം ഐസ് ക്യൂബ് മുഖത്ത് പുരട്ടുന്നത് എണ്ണമയമടക്കം ഒഴിവാക്കാൻ സഹായിക്കും. ഇതിനായി കറ്റാർ വാഴ ജെൽ മിക്സി ഉപയോഗിച്ച് അടിച്ചെടുക്കാവുന്നതാണ് ഈ മിശ്രിതം ഐസ് ട്രേയിൽ വെച്ച് തണുപ്പിച്ച് ഐസ് ക്യൂബാക്കി മാറ്റാം. കറ്റാർ വാഴ ജെല്ലിനോടൊപ്പം മഞ്ഞൾപ്പൊടി ചേർത്തും ഐസ് ക്യൂബ്സ് നിർമിക്കാം. ചർമ്മത്തിലെ അലർജി മാറ്റാൻ ഇത് സഹായിക്കും..
മഞ്ഞളിന് പുറമേ റോസ് വാട്ടർ, റോസ് ഇതളുകൾ എന്നിവ കറ്റാർ വാഴയോടൊപ്പം ചേർത്ത് മിശ്രിതമാക്കിയും ഐസ് ക്യൂബ്സ് നിർമിക്കാം.
