കേന്ദ്ര ആരോഗ്യ മന്ത്രാലയം ഓഫീസിന് പുറത്ത് രോഗീപരിചരണം; വ്യത്യസ്ത പ്രതിഷേധവുമായി റസിഡൻ്റ് ഡോക്ടർമാർ

നിര്‍മന്‍ ഭവന് പുറത്ത് തിരഞ്ഞെടുക്കപ്പെട്ട ഒപിഡി സേവനങ്ങളും ആശുപത്രികളില്‍ അടിയന്തര സേവനങ്ങളും ലഭ്യമാക്കും

ആര്‍ജി കര്‍ ആശുപത്രിയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ വ്യത്യസ്ത പ്രതിഷേധവുമായി ഡോക്ടര്‍മാര്‍. രാജ്യമെമ്പാടും വിവിധ തരത്തിലുള്ള പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സസി(എയിംസ്)ലെയും ഡല്‍ഹിയിലെ മറ്റ് ആശുപത്രിയിലെയും റസിഡന്റ് ഡോക്ടര്‍മാര്‍ വ്യത്യസ്ത പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ഇന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഓഫീസായ ഡല്‍ഹിയിലെ നിര്‍മന്‍ ഭവന്റെ പുറത്തെ റോഡിലിരുന്ന് ഒപിഡി സേവനങ്ങള്‍ നല്‍കുമെന്ന് റെസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന്‍ (ആര്‍ഡിഎ) പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

‘തങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കപ്പെടാത്തതിനാല്‍ കേന്ദ്ര സുരക്ഷാ നിയമം ആക്ഷന്‍ കമ്മിറ്റിയും എയിംസിലെ ആര്‍ഡിഎയുടെ ജനറല്‍ ബോഡിയും ചേര്‍ന്നുള്ള ചര്‍ച്ചയ്ക്ക് ശേഷം പ്രതിഷേധം തുടരാന്‍ ഏകകണ്‌ഠേന തീരുമാനിച്ചു. അക്കാദമിക പ്രവര്‍ത്തനങ്ങളും, തിരഞ്ഞെടുക്കപ്പെട്ട ഒപിഡി, വാര്‍ഡ്, ശസ്ത്രക്രിയ, ഐസിയു, അടിയന്തര സേവനങ്ങളും നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു,’ പ്രസ്താവനയില്‍വ്യക്തമാക്കുന്നു

എന്നിരുന്നാലും നിര്‍മന്‍ ഭവന് പുറത്ത് തിരഞ്ഞെടുക്കപ്പെട്ട ഒപിഡി സേവനങ്ങളും ആശുപത്രികളില്‍ അടിയന്തര സേവനങ്ങളും ലഭ്യമാക്കുമെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. പ്രതിജ്ഞയ്ക്കനുസരിച്ചും രാജ്യതാല്‍പ്പര്യമനുസരിച്ചും രോഗീപരിചരണ സേവനം ലഭ്യമാക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിക്കുന്നു.

 
 
 

‘രാജ്യമെമ്പാടും ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷയുടെ അഭാവത്തെ ചൂണ്ടിക്കാട്ടാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകരുടെയും സ്ഥാപനങ്ങളുടെയും സുരക്ഷയ്ക്ക് അടിയന്തര കേന്ദ്ര ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്ന ഞങ്ങളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു,’ പ്രസ്താവനയിലൂടെ അറിയിക്കുന്നു.

നിര്‍മന്‍ ഭവന് പുറത്തുള്ള രോഗീ പരിചരണത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ സജ്ജീകരിച്ച് തരണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. ശനിയാഴ്ച ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷൻ 24 മണിക്കൂര്‍ നീണ്ടുനിന്ന രാജ്യവ്യാപകമായ പ്രതിഷേധത്തിന് നേതൃത്വം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നത്തെ വ്യത്യസ്ത സമരം നടക്കുന്നത്.

ഓഗസ്റ്റ് ഒമ്പത് വെള്ളിയാഴ്ച്ച പുലര്‍ച്ചെയായിരുന്നു രാജ്യത്തെ നടുക്കി പി ജി ട്രെയിനിയായ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊലപ്പെട്ടത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആന്റ് ആശുപത്രിയിലായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. കോളേജിലെ സെമിനാര്‍ ഹാളിനുള്ളില്‍ അര്‍ധനഗ്‌നമായ നിലയിലായിരുന്നു മൃതദേഹം. ശരീരമാസകലം മുറിവേറ്റിരുന്നു. ക്രൂരമായ ലൈംഗിക പീഡനത്തിന് പെണ്‍കുട്ടി ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതോടെയാണ് രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായത്.

 
Verified by MonsterInsights