കേന്ദ്രബഡ്ജറ്റില്‍ വിഴിഞ്ഞം തുറമുഖ വികസനത്തിനായി 5,000 കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യം.2028ല്‍ തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ കണ്ടെയ്നര്‍ ബിസിനസ് കേന്ദ്രമായി കേരളം മാറും.പാക്കേജ് അനുവദിച്ചാല്‍ തുറമുഖവുമായി ബന്ധപ്പെട്ട പദ്ധതികള്‍ സംസ്ഥാന ബഡ്ജറ്റിലുള്‍പ്പെടുത്തി നടപ്പാക്കാനാവും.വ്യവസായം, വാണിജ്യം, ഗതാഗതം, ടൂറിസം മേഖലകളില്‍ ഇതിലൂടെയുണ്ടാകുന്ന സാമ്പത്തികവളര്‍ച്ച സംസ്ഥാന വികസനത്തിന് ആക്കംകൂട്ടും.വിഴിഞ്ഞം വളരുന്നത് തലസ്ഥാനത്തിനും മെച്ചമാണ്.തുറമുഖത്തേക്ക് 1,400കോടി ചെലവില്‍ തുരങ്ക റെയില്‍പ്പാത, 6,000കോടിക്ക് ഔട്ടര്‍ റിംഗ്റോഡ്, ദേശീയപാത താത്കാലിക കണക്ടിവിറ്റിക്ക് 1.7കി.മീഅപ്രോച്ച്റോഡ് എന്നിവ വരും.പൂര്‍ണ സജ്ജമാകുന്നതോടെ 10,000കോടിയുടെ നിക്ഷേപം വരും.5,000 തൊഴിലവസരങ്ങളുണ്ടാവും.50കോടി ചെലവില്‍ തുറമുഖാധിഷ്ഠിത തൊഴില്‍ പരിശീലനകേന്ദ്രം തുടങ്ങും.തുറമുഖത്തിനുള്ള 8,867കോടിയില്‍ 5,595കോടി സംസ്ഥാന വിഹിതമാണ്.818 കോടി രൂപ മാത്രമാണ് കേന്ദ്രം വഹിക്കുന്നത്.അതിനാല്‍ തുടര്‍വികസനത്തിന് പാക്കേജ് അനിവാര്യമാണെന്നാണ് സര്‍ക്കാര്‍ വാദം.

അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിച്ചാല്‍ തുറമുഖത്തിനു ചുറ്റും സാമ്പത്തിക- വ്യവസായ മേഖലകളുയരും.അസംസ്കൃതവസ്തുക്കള്‍ എളുപ്പത്തിലെത്തിക്കാമെന്നതിനാല്‍ വ്യവസായ സാദ്ധ്യതയേറെയാണ്.സ്വകാര്യസംരംഭങ്ങള്‍ വന്‍തോതിലുണ്ടാവും.കശുഅണ്ടി, പ്ലൈവുഡ്, ഓട്, ചെരുപ്പ്, തുണിത്തരങ്ങള്‍, മത്സ്യ-ഭക്ഷ്യസംസ്കരണ വ്യവസായങ്ങള്‍ക്കും കയറ്റുമതിക്കും ഗുണകരമാവും. ഒരു അമ്മക്കപ്പല്‍ വന്നുപോവുമ്പോള്‍ ഒരുകോടിയുടെ വരുമാനമാണ് തുറമുഖത്തിനുണ്ടാവുന്നത്.
പാക്കേജ് ലഭിച്ചാല്‍
1) തുറമുഖത്തിന്റെ 50കിലോമീറ്റര്‍ ചുറ്റളവില്‍ 10,000ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത് സ്വകാര്യമേഖലയ്ക്ക് കൈമാറി സ്പെഷ്യല്‍ ഡെവലപ്മെന്റ് സോണ്‍ രൂപീകരിക്കും.
2) സര്‍ക്കാര്‍ ചെലവില്‍ നികുതി ആനുകൂല്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും നല്‍കും.