കേരളം വീണ്ടും സ്റ്റാർട്ട്പ്പ് രംഗത്ത് ആഗോളതലത്തിൽ അംഗീകാരം നേടിയിരിക്കുകയാണ്. സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റത്തിന്റെ ബെഞ്ച്മാർക്ക് പഠനത്തിൽ ലോകത്തെ മികച്ച അഞ്ച് ബിസിനസ് ഇൻകുബേറ്ററുകളിൽ ഒന്നായി കേരള സ്റ്റാർട്ടപ്പ് മിഷനെ തിരഞ്ഞെടുത്തു. സ്വീഡൻ ആസ്ഥാനമായുള്ള ഇന്നൊവേഷൻ ഇന്റലിജൻസ് കമ്പനിയായ യുബിഐ ഗ്ലോബൽ ആണ് പഠനം നടത്തിയത്. പഠനത്തിന്റെ ആറാം പതിപ്പിനായി 1,800-ലധികം സ്ഥാപനങ്ങളെ ആണ് വിലയിരുത്തിയത്.അതില്‍ നിന്നാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ തെരഞ്ഞെടുക്കപ്പെട്ടത്.

എന്നാൽ പട്ടികയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ സംസ്ഥാനം ഉൾപ്പെട്ടിരിക്കുന്നതിനെകുറിച്ച് മാത്രമാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത് എന്നുംകൃത്യമായ സ്ഥാനം ജൂണിൽ മാത്രമേ പ്രഖ്യാപിക്കൂവെന്നും ഒരു സ്റ്റാർട്ടപ്പ് മിഷൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കൂടാതെ നാടിന്റെ ശോഭനമായ ഭാവി സാക്ഷാല്‍ക്കരിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുയോജ്യമായ അന്തരീക്ഷം ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നയത്തിന്റെ ഗുണഫലമാണ് ഈ നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രതികരിച്ചു.
“കൂടുതല്‍ നിക്ഷേപങ്ങള്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ കൊണ്ടുവരാന്‍ ഈ അംഗീകാരം സഹായകരമാകും. ഇനിയും മികവിലേയ്ക്കുയരാൻ ഇത് സ്റ്റാര്‍ട്ടപ്പ് മിഷനു പ്രചോദനമാകട്ടെ. ഹാര്‍ദ്ദവമായ അഭിനന്ദനങ്ങള്‍” എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
