“കേരളം അവ്‌ക്കാഡോ എന്ന പേര് പരിചയപ്പെട്ടു വരുന്നതേയുളളൂവെങ്കിലും വെണ്ണപ്പഴമെന്ന പേര് പണ്ടേ പരിചിതം. എന്നാല്‍ നാടന്‍ വെണ്ണപ്പഴത്തേക്കാള്‍ സ്വാദിലും ഗുണത്തിലും ഇപ്പോള്‍ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഹൈബ്രിഡ് അവ്‌ക്കാഡോ ഏറെ മെച്ചം.
മെക്സിക്കോയിലും മധ്യഅമേരിക്കയിലുമൊക്കെയായി ഉത്ഭവിച്ച വാണിജ്യകൃഷിക്കനുയോജ്യമായ അവ്‌ക്കാഡോ ഇനങ്ങള്‍ അടുത്തയിടെയാണ് കേരളത്തിലെത്തുന്നത്. മറുനാടന്‍ പഴത്തൈകളുടെ ഉൽപാനവിതരണരംഗത്തെ ഹോംഗ്രോണ്‍ തന്നെയാണ് ഇതിനെ മലയാളക്കരയില്‍ പ്രചരിപ്പിച്ചതും മുന്തിയ ഇനങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നതും. അതിവേഗം വികസിക്കുന്ന ആഭ്യന്തരവിപണിയും വിദേശത്ത് ഇതിനു ലഭിക്കുന്ന വിപണനസാധ്യതയും അതിലൂടെ ലഭിക്കുന്ന വരുമാന സാധ്യതയും മുന്നിൽക്കണ്ട് ഒട്ടേറെ പേർ അവ്‌ക്കാഡോയിലേക്ക് തിരിയുന്നുണ്ട്.
ലോകമാകെയെടുത്താല്‍ അവ്‌ക്കാഡോയില്‍ വെസ്റ്റ് ഇന്ത്യന്‍, ഗ്വാട്ടിമാലന്‍, മെക്സിക്കന്‍ എന്നീ മൂന്ന് വര്‍ഗ്ഗങ്ങള്‍/വംശങ്ങള്‍ ഉണ്ട്. ഓരോ വംശങ്ങളിലും ഒട്ടേറെ ഇനങ്ങളും ഉണ്ട്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിലവിലുളള കാലാവസ്ഥാ പ്രത്യേകതകള്‍ മുമ്പില്‍ കണ്ട് അതാത് കാലാവസ്ഥയ്ക്ക് യോജിച്ച ഈ മൂന്ന് വംശങ്ങളിലുമുളള ഇനങ്ങളാണ് എത്തിച്ചിട്ടുള്ളത്. ഉദാഹരണത്തിന് താരതമ്യേന ചൂട് കൂടിയ പ്രദേശങ്ങളിലാണ് വെസ്റ്റ് ഇന്ത്യന്‍ വംശത്തില്‍പ്പെട്ട ഇനങ്ങള്‍ മെച്ചം. കേരളത്തിലെ ചൂടുകൂടിയ, തികവൊത്ത ഉഷ്ണമേഖല കാലാവസ്ഥയുളള ഇടനാടന്‍ താഴ്വാര പ്രദേശങ്ങള്‍ക്ക് വെസ്റ്റ് ഇന്ത്യന്‍ ഇനം യോജിക്കും. എന്നാല്‍ ഉയരംകൂടിയ, തണുപ്പേറിയ ഹൈറേഞ്ച് മേഖലകളില്‍ മികച്ച ഫലം തരുന്നത് ഗ്വാട്ടിമാലന്‍, മെക്സിക്കന്‍ വംശത്തില്‍പ്പെട്ട ഇനങ്ങളാണ്.

കേരളത്തില്‍ അവ്‌ക്കാഡോയ്ക്ക് മികച്ച ഭാവിയാണുളളതെന്നു പറയാന്‍ കാരണങ്ങള്‍ പലതാണ്. ഒന്നാമതായി ഓരോ ഇനത്തിനും യോജിച്ച കാലാവസ്ഥ ഏതെങ്കിലും പ്രദേശങ്ങളില്‍ സദാ നിലനില്‍ക്കുന്നു എന്നതു തന്നെ. വിപണി വളരണമെങ്കില്‍ ആണ്ടുവട്ടം മുഴുവന്‍ വിപണിയിലേക്ക് ഉല്‍പ്പന്നം എത്തിക്കൊണ്ടിരിക്കണമല്ലോ. അവ്‌ക്കാഡോയിലാണെങ്കില്‍ ഓരോ ഇനത്തിന്റെയും പൂവിടലിനും കായ്പിടുത്തത്തിനും വ്യത്യസ്ത കാലങ്ങളാണുളളത്. മൂന്നിനങ്ങളും കേരളത്തില്‍ ഒരിടത്തല്ലെങ്കില്‍ മറ്റൊരിടത്തു കൃഷി ചെയ്യാനാവുന്നതിനാല്‍ വിപണിയില്‍ സ്ഥിരമായി ഉല്‍പന്നമെത്തിക്കുക ക്ലേശകരമാവില്ല. ഇത്തരം കാലാവസ്ഥാ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്ന മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും അവ്‌ക്കാഡോ പ്രതീക്ഷ നല്‍കുന്നു.
