കേരളത്തിൽ 2021-2022 സാമ്പത്തിക വർഷം 4071 കോടിയുടെ നിക്ഷേപം വ്യവസായ മേഖലയിൽ സൃഷ്ടിക്കാൻ സാധിച്ചതായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോവിഡിന്റെ പ്രതിസന്ധികൾക്കിടയിലും നിക്ഷേപകരെ ആകർഷിക്കാൻ സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കെഎസ്ഐഡിസി വഴി 895 കോടിയുടെ നിക്ഷേപവും 2959 തൊഴിൽ അവസരങ്ങളും സൃഷ്ടിക്കാനായി. ക്രിൻഫ്രയിലൂടെ 1600 കോടിയുടെ നിക്ഷേപവും 22,000 തൊഴിൽ അവസരങ്ങളും ഡിഐസിയിലൂടെ 1576 കോടിയുടെ നിക്ഷേപവും 57,399 തൊഴിൽ അവസരങ്ങളും സൃഷ്ടിച്ചു. 82,358 പുതിയ തൊഴിൽ അവസരങ്ങൾ ഈ ഒരു വർഷം കൊണ്ട് സൃഷ്ടിക്കാൻ വകുപ്പിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കോവിഡ് കാരണം പ്രതിരോധത്തിലായ ചെറുകിട വ്യവസായികൾക്ക് 1,416 കോടി രൂപയുടെ സഹായ പദ്ധതി ആദ്യഘട്ടത്തിൽ നടപ്പാക്കുകയും 50 കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് കെ-സ്വിഫ്റ്റ് അക്നോളജ്മെന്റിലൂടെ അനുമതിയില്ലാതെ മൂന്ന് വർഷം വരെ പ്രവർത്തനം സാധ്യമാക്കാനും സർക്കാരിനു സാധിച്ചത് വലിയ നേട്ടമാണ്.
50 കോടിയിലധികം മൂലധന നിക്ഷേപമുള്ള വ്യവസായങ്ങൾക്ക് മതിയായ രേഖകൾ സഹിതം അപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ കോംപോസിറ്റ് ലൈസൻസ് നൽകാനുള്ള നിയമം പാസാക്കി. കെ-സിസ് പോർട്ടലിലൂടെ അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ച് ഏകീകൃത പരിശോധന സംവിധാനം ആവിഷ്കരിച്ചു. ഈ സംവിധാനത്തിന് കീഴിൽ അഞ്ച് ലക്ഷത്തിലധികം സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
2022-2023 സംരംഭക വർഷമായി സർക്കാർ ആചരിക്കുന്നതിന്റെ തുടർച്ചയെന്നോണം ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാനും 4 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിടുന്നു. വകുപ്പിന്റെ പ്രവർത്തനങ്ങളുടെ ഫലമെന്നോണം ഇന്ത്യയിലെ ഏറ്റവും അധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന നഗരമായി കൊച്ചി മാറിയതായുള്ള നൗക്കരി ഡോട്ട് കോമിന്റെ റിപ്പോർട്ട് സർക്കാരിനുള്ള അംഗീകാരമാണെന്നും ഇത്തരം വാർത്തകൾ കേരളത്തിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്നതിനു സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
എംഎസ്എംഇ മേഖലയിൽ നിക്ഷേപങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലുണ്ടാകുന്ന സംശയങ്ങൾ പരിഹരിക്കാനായി 168 വിദഗ്ധ പാനലിസ്റ്റുകളെ ഉൾപ്പെടുത്തി എല്ലാ ജില്ലകളിലും എംഎസ്എംഇ ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്. നിക്ഷേപകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സംരംഭകത്വവുമായി ബന്ധപ്പെട്ട പരാതികൾ നേരിട്ട് കേട്ട് നടപടികൾ സ്വീകരിക്കുന്നതിനും വേണ്ടി ആരംഭിച്ച ‘മീറ്റ് ദി മിനിസ്റ്റർ’ പരിപാടി 12 ജില്ലകളിൽ പൂർത്തിയായി. ഈ പരിപാടിയിലൂടെ ആയിരത്തിലധികം പരാതികളിൽ തീർപ്പ് കൽപ്പിച്ചു.
‘മീറ്റ് ദി ഇൻവെസ്റ്റർ’ പരിപാടിയിലൂടെ 7000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ഒരു വർഷത്തിനുള്ളിൽ ലഭിച്ചു. കഴക്കൂട്ടത്തെ കിൻഫ്ര പാർക്കിൽ 75 കോടി രൂപയുടെ നിക്ഷേപ പദ്ധതിക്ക് ടാറ്റാ എലക്സിയുമായി കരാർ ഒപ്പുവെച്ചു പത്ത് മാസത്തിനുള്ളിൽ കെട്ടിടവും കൈമാറി. ഈ പദ്ധതിയിലൂടെ ആറായിരം പേർക്ക് തൊഴിൽ ലഭിക്കും.
കാക്കനാട് കിൻഫ്ര ഇലക്ട്രോണിക്സ് ആന്റ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിൽ 1200 കോടി രൂപ ചെലവിൽ ഐ.ടി, ഐ.ടി.ഇ.എസ്, ഡാറ്റ പ്രോസസിംഗ് ക്യാമ്പസ് ആരംഭിക്കുന്നതിനായി ടിസിഎസ്സുമായി ധാരണാപത്രം ഒപ്പുവച്ചു. ഇതിലൂടെ 20,000 പേർക്ക് തൊഴിൽ ലഭിക്കും. സ്വകാര്യ വ്യവസായ പാർക്കുകൾ ആരംഭിക്കാനായി 14 അപേക്ഷകൾ ആണ് ഇതുവരെ ലഭിച്ചത്. ഈ വർഷം 14 പാർക്കുകൾ തുടങ്ങാൻ സാധിക്കുമെന്നാണ് വകുപ്പിന്റെ പ്രതീക്ഷ. 10 ഏക്കറിലധികം ഭൂമിയുള്ള സ്വകാര്യവ്യക്തികൾക്ക് വ്യവസായ പാർക്കിനായി 3 കോടി രൂപ വരെ സംസ്ഥാന സർക്കാർ ധനസഹായം നൽകും. കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയം തയ്യാറാക്കിയ റിപ്പോർട്ടിൽ കിൻഫ്രയുടെ കീഴിലുളള അഞ്ച് പാർക്കുകൾക്ക് ദേശീയ അംഗീകാരം ലഭിച്ചിരുന്നു. സുസ്ഥിര വികസന സൂചികയിൽ വ്യവസായ വികസനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഉയർന്ന നേട്ടം കൈവരിച്ച് ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു.
കേരളത്തിൽ ഫുഡ് പ്രോസസിംഗ് പാർക്ക് ആരംഭിക്കാൻ ദുബായ് എക്സ്പോയ്ക്കിടെ നടന്ന ചർച്ചയിൽ യുഎഇ സർക്കാർ സന്നദ്ധത അറിയിച്ചിരുന്നു. ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന ട്രൈസ്റ്റാർ ഗ്രൂപ്പ് കേരളത്തിൽ ബൃഹത്ത് നിക്ഷേപ പദ്ധതിക്ക് ഒരുങ്ങുകയാണ്. സംസ്ഥാന സർക്കാരുമായുള്ള ചർച്ചകൾ തുടരുകയാണ്.
കേരള ബ്രാൻഡിംഗ് സ്ഥാപിക്കാനുളള ശ്രമത്തിലാണ് സർക്കാർ. ഇതിന്റെ ഭാഗമായി സർക്കാർ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന മികച്ച കൈത്തറി ഉത്പന്നങ്ങൾക്ക് കേരള കൈത്തറി ബ്രാന്റ് നൽകും. ഇതിനൊപ്പം മെയ്ഡ് ഇൻ കേരള എന്ന ബ്രാൻഡിൽ കേരളത്തിൽ നിർമ്മിക്കുന്ന ഗുണമേൻമയിൽ മികവ് പുലർത്തുന്ന ഉത്പന്നങ്ങൾ അന്തരാഷ്ട്ര മാർക്കറ്റിലടക്കം എത്തിക്കാനുള്ള ശ്രമങ്ങളും വകുപ്പിന്റെ ഭാഗത്ത് നിന്നു നടക്കുന്നുണ്ട്. പരമ്പരാഗത വ്യവസായ യൂണിറ്റുകളിൽ നിന്ന് നിർമ്മിക്കുന്ന ഉത്പന്നങ്ങൾക്ക് വിപണി ഉറപ്പ് വരുത്താനായി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം നിർമ്മാണം അവസാനഘട്ടത്തിലാണ്.
41 പൊതുമേഖല സ്ഥാപനങ്ങളെ ഏഴു വിഭാഗങ്ങളിലായി തിരിച്ച് 2030ഓടെ എല്ലാ പൊതുമേഖല സ്ഥാപനങ്ങളും ലാഭകരമാക്കാനുള്ള മാസ്റ്റർപ്ലാൻ തയ്യാറാക്കി. പതിനായിരം കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന പെട്രോ കെമിക്കൽ പാർക്കിന്റെ നിർമ്മാണം ആരംഭിച്ചു. കേന്ദ്ര സർക്കാരിൽ നിന്ന് ഏറ്റെടുത്ത ഭെൽ-ഇ.എം.എൽ കാസർഗോഡ് നവീകരിച്ച് സർക്കാർ ആരംഭിച്ച കെൽ-ഇ.എം.എൽ പ്രവർത്തനം ആരംഭിച്ചു. ഏറ്റെടുത്ത ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡ് കുടിശ്ശികയുൾപ്പെടെ തീർത്ത് ഏറ്റെടുത്ത് പുതുതായി രൂപീകരിച്ച കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡ് പ്രവർത്തനമാരംഭിച്ചു. കേരള റബ്ബർ ലിമിറ്റഡിന്റെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. ഒരു ലക്ഷം തൊഴിൽ അവസരങ്ങൾ തുറക്കുന്ന കൊച്ചി-ബാംഗ്ലൂർ വ്യവസായ ഇടനാഴിക്കായി നിശ്ചയിച്ച 2220 ഏക്കർ ഭൂമിയുടെ 70 ശതമാനം സർക്കാർ 10 മാസം കൊണ്ട് ഏറ്റെടുത്തു.
ഈ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വകുപ്പിന് കീഴിലെ പൊതുമേഖല സ്ഥാപനങ്ങൾ 384.68 കോടി രൂപയുടെ പ്രവർത്തനലാഭം കൈവരിച്ചു. ഏകീകൃത ലാന്റ് അലോട്ട്മെന്റ് പോളിസി രൂപീകരിക്കുന്നതിന്റെ അവസാനഘട്ടത്തിലാണ്. വിവിധ വ്യവസായ എസ്റ്റേറ്റുകളിലേയും പാർക്കുകളിലെയും ഭൂമിയുടെ സ്റ്റാറ്റസ് റിപ്പോർട്ട് തയ്യാറാക്കി ഡിജിറ്റലൈസ് ചെയ്യാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
പ്ലാന്റേഷൻ ഡയറക്ട്രേറ്റ് രൂപീകരിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു. കോട്ടയം, കോഴിക്കോട് കേന്ദ്രമാക്കി രണ്ട് മേഖലകൾ ഡയറക്ട്രേറ്റിന് കീഴിലുണ്ടാകും. സംസ്ഥാനത്തെ തോട്ടങ്ങളുടെ മാപ്പിംഗ് ഉടനെ നടപ്പിലാക്കും. സംസ്ഥാനത്ത് അഞ്ച് കേന്ദ്രങ്ങളിൽ ബാംബൂ ബസാർ ഒരുക്കും. ബാംബൂ കോർപ്പറേഷന്റെ നേതൃത്വത്തിൽ കുമരകത്ത് ആദ്യ ബാംബൂ ബസാർ ആരംഭിച്ചു. മൈനിംഗുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും പൂർണമായും ഇ-ഓഫീസിലേക്ക് മാറാൻ നടപടി തുടങ്ങിയതായും മന്ത്രി പറഞ്ഞു.