കഴിഞ്ഞ ദിവസം കൊച്ചിയിൽ പെയ്തത് ആസിഡ് മഴയാണെന്നും അല്ലെന്നും ഉള്ള വാദപ്രതിവാദങ്ങൾ കൊഴുക്കുമ്പോൾ മഴ വെള്ളത്തിന്റെ സാമ്പിൾ ശേഖരിക്കുന്നതിൽ മലിനീകരണ നിയന്ത്രണ ബോർഡിന് ഗുരുതര വീഴ്ച. ആസിഡ് എന്ന വാദത്തിന് തെളിവായി ലിറ്റ്മസ് ടെസ്റ്റിൻറെ ഫലവും വെള്ളത്തിലെ നുരയും പതയുമെല്ലാം പ്രചരിക്കുന്നുണ്ട്.
ബ്രഹ്മപുരം തീപിടിത്തത്തിന്റെ സാഹചര്യത്തിലാണ് കഴിഞ്ഞദിവസം പെയ്ത മഴയിൽ ആസിഡ് സാന്നിധ്യമുണ്ടെന്ന് പ്രചരണം ശക്തമായത്. മാലിന്യക്കൂമ്പാരത്തില്‍ തുടർച്ചയായി കത്തിയതുമൂലം വായുവിൽ രാസമലിനീകരണതോത് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. അതിനാൽ തന്നെ ആസിഡ് മഴയെന്ന വാദമുന്നയിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു.
എന്നാൽ ആസിഡ് സാന്നിധ്യം പരിശോധിക്കേണ്ട മലിനീകരണ നിയന്ത്രണ ബോർഡ് ആദ്യമഴയുടെ സാമ്പിൾ ഒന്നും ശേഖരിച്ചില്ല. പ്രോട്ടോകോൾ പ്രകാരം സാമ്പിൾ ശേഖരിക്കേണ്ടതില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ ന്യായം.ആസിഡ് സാന്നിധ്യം പരിശോധിക്കേണ്ടതിന്റെ ഉത്തരവാദിത്വം മലിനീകരണ നിയന്ത്രണ ബോർഡാണെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ നിലപാട്. തീപിടിത്തത്തിന് ശേഷം കൊച്ചിയിൽ ആദ്യ മഴ ലഭിച്ചത് ബുധനാഴ്ച വൈകീട്ടാണ്. പക്ഷെ ആദ്യമഴയുടെ സാമ്പിൾ ശേഖരിച്ചിട്ടില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് അറിയിക്കുന്നത്.