രാജ്യത്ത് കൃത്യസമയം പാലിക്കുന്ന ആഭ്യന്തര വിമാന സര്‍വ്വീസുകളില്‍ ഒന്നാം സ്ഥാനം ടാറ്റ ഗ്രൂപ്പിന്റെ എയര്‍ ഇന്ത്യയ്ക്ക്. ഡിജിസിഎയുടെ പ്രതിമാസ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൃത്യസമയം പാലിക്കുന്ന വിമാന സര്‍വ്വീസുകളെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടിലാണ് എയര്‍ ഇന്ത്യ മുന്നിൽ എത്തിയത്. ഇക്കഴിഞ്ഞ ഒക്ടോബറിൽ ഏകദേശം 90.8 ശതമാനമായി കമ്പനിയുടെ ഓണ്‍ ടൈം പെര്‍ഫോമന്‍സ് നിലവാരം ഉയർന്നതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
നാല് ആഭ്യന്തര വിമാനത്താവളങ്ങളിലെ പ്രകടനം വിലയിരുത്തിയാണ് ഓണ്‍ ടൈം പെര്‍ഫോമന്‍സ് ഡാറ്റ പുറത്തു വിട്ടിരിക്കുന്നത്. ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളിൽ കൃത്യസമയം പാലിച്ച് സർവ്വീസ് നടത്തിയതിലാണ് എയർ ഇന്ത്യ ഒന്നാമതെത്തിയത്.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയെ ലേലത്തിൽ സ്വന്തമാക്കിയത്. തുടര്‍ന്ന് ജനുവരി 27ന് എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തു. ആറ് മാസത്തിന് ശേഷം സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ കാംബെല്‍ വില്‍സണ്‍ എയര്‍ ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായി ചുമതലയേല്‍ക്കുകയും ചെയ്തിരുന്നു.
എയര്‍ലൈനിന്റെ ഓണ്‍ ടൈം പെര്‍ഫോമന്‍സ് (ഒടിപി) സൂചിക മെച്ചപ്പെടുത്തുക എന്നതായിരുന്നു അന്ന് കമ്പനിയുടെ മുന്നിലുണ്ടായിരുന്ന പ്രധാന ലക്ഷ്യം. കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ആയിരുന്നപ്പോള്‍ ഡിജിസിഎയുടെ ഒടിപി ലിസ്റ്റിൽ ഏറ്റവും പിന്നിലായിരുന്നു എയര്‍ ഇന്ത്യയുടെ സ്ഥാനം.
അതേസമയം ഒടിപി ലിസ്റ്റില്‍ മറ്റ് എയർലൈനുകളെ പരാജയപ്പെടുത്തുക മാത്രമല്ല എയര്‍ ഇന്ത്യ ചെയ്തത്. മറിച്ച് ഒരു മാസത്തിനുള്ളില്‍ ഏറ്റവും അധികം യാത്രക്കാര്‍ ഉപയോഗിച്ച വിമാന സര്‍വ്വീസ് എന്ന നേട്ടവും എയര്‍ ഇന്ത്യ സ്വന്തമാക്കി കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഏകദേശം 10 ലക്ഷത്തിലധികം ആളുകളാണ് യാത്രയ്ക്കായി എയര്‍ ഇന്ത്യയെ ആശ്രയിച്ചത്.
നേരത്തെ ടാറ്റയ്ക്ക് കീഴിലുള്ള നിലവിലെ നാല് എയര്‍ലൈനുകളും എയര്‍ ഇന്ത്യയില്‍ ലയിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ടെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എയര്‍ ഇന്ത്യ തിരിച്ചുപിടിച്ച ശേഷമുള്ള ടാറ്റ ഗ്രൂപ്പിന്റെ പുതിയ തീരുമാനമായിരുന്നു ഇത്. എയര്‍ലൈന്‍ രംഗത്ത് തങ്ങളുടെ ബിസിനസ്സ് കൂടുതല്‍ ശക്തമാക്കാനാണ് ടാറ്റയുടെ ശ്രമമെന്ന് വിദഗ്ധര്‍ പറഞ്ഞിരുന്നു
അതേസമയം, ടാറ്റയുടെ സിംഗപ്പൂര്‍ കേന്ദ്രമായുള്ള എയര്‍ലൈന്‍ സര്‍വ്വീസായ വിസ്താര ബ്രാന്‍ഡിനെ ഒഴിവാക്കുന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നുവെന്നല്ലാതെ അവയില്‍ ഔദ്യോഗികമായി ഒരു തീരുമാനം കമ്പനി അധികൃതര്‍ പുറപ്പെടുവിച്ചിട്ടില്ല. ടാറ്റയുടെയും വിസ്താരയുടെയും നിലവിലെ പ്രതിനിധികള്‍ ഈ പരാമര്‍ശങ്ങളോട് പ്രതികരിക്കാനും തയ്യാറായിട്ടില്ല.
നിലവില്‍ ടാറ്റയുടെ കീഴില്‍ എയര്‍ ഇന്ത്യയെ പൂര്‍ണ്ണമായി നവീകരിക്കാനുള്ള ശ്രമത്തിലാണ്. എയര്‍ലൈന്‍ ചരിത്രത്തില്‍ തന്നെ നിര്‍ണ്ണായകമായേക്കാവുന്ന ചില തീരുമാനങ്ങളും ടാറ്റ ഗ്രൂപ്പില്‍ നിന്ന് പുറത്തായിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ കീഴില്‍ ഏകദേശം 300 ജോഡി ജെറ്റ് വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 113 എയര്‍ക്രാഫ്റ്റുകള്‍ കൂടി കമ്പനിയിലേക്ക് എത്തുമെന്ന് എയര്‍ ഇന്ത്യ ഗ്രൂപ്പ് മേധാവി കാംപെല്‍ വില്‍സണ്‍ പറഞ്ഞിരുന്നു.