കെ.എസ്.ആർ.ടി.സി. ബസുകൾ കഴുകിവൃത്തിയാക്കാൻ യന്ത്രസംവിധാനമായി. തിരുവനന്തപുരം പാപ്പനംകോട് ഡിപ്പോയിലാണ് ആദ്യ യന്ത്രവത്കൃത ബസ് കഴുകൽ യൂണിറ്റ് പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയത്. സെൻട്രൽ ഡിപ്പോയിലെ ദീർഘദൂര ബസുകളാണ് കഴുകുക. സെൻട്രൽ ഡിപ്പോയിൽ വെള്ളം കിട്ടില്ലെന്ന് കണ്ടതോടെയാണ് പദ്ധതി തൊട്ടടുത്ത പാപ്പനംകോട് ഡിപ്പോയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ഒന്നരവർഷത്തെ കാത്തിരിപ്പിനുശേഷമാണ് പദ്ധതി യാഥാർഥ്യമാകുന്നത്.
മൂന്ന് മിനിറ്റിൽ തീരും
മൂന്നു മിനിറ്റുകൊണ്ട് ബസ് വൃത്തിയാക്കാനാകുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ബസിന്റെ രണ്ടുവശങ്ങൾ മാത്രമാണ് യന്ത്രം വൃത്തിയാക്കുക. മുൻ, പിൻവശങ്ങളും, അകവും ജീവനക്കാർതന്നെ കഴുകണം.
ബസിന്റെ ഇരുവശത്തുമായി സമാന്തരമായി നീങ്ങുന്ന രണ്ടുതൂണുകളിൽ വെള്ളം ചീറ്റുന്ന നോസിലുകളും പോളിത്തീൻ ബ്രഷുകളുമുണ്ട്. ഇരുതൂണുകളും ബസിന്റെ മുൻവശത്തുനിന്നും പിന്നിലേക്ക് വശങ്ങളിലൂടെ നീങ്ങും.
രണ്ടുതവണ നീങ്ങുമ്പോൾ ബസ് വൃത്തിയാകും. വെള്ളം ജീവനക്കാർ തുടച്ചെടുക്കണം. ഷാംമ്പൂ വാഷിങ് സംവിധാനവുമുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം ഉടനുണ്ടാകും. ഉത്തർപ്രദേശ് കമ്പനിയുടെ മെഷീനാണ് സ്ഥാപിച്ചിട്ടുള്ളത്. ഒരെണ്ണത്തിന് 15 ലക്ഷം രൂപയാണ് ചെലവ്.
