മലപ്പുറം: ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോൾ കാണാൻ അഞ്ചുകുട്ടികളുടെ അമ്മയായ മലയാളി യുവതി മഹീന്ദ്ര ഥാറോടിച്ച് ഖത്തറിലേക്ക്. ട്രാവൽ വ്ലോഗർ കൂടിയായ നാജി നൗഷി സ്വദേശമായ തലശ്ശേരിക്കടുത്ത മാഹിയിൽ നിന്ന് യാത്ര ആരംഭിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു.
യാത്രയുടെ സ്‌പോണ്‍സര്‍മാരിലൊന്നായ പെരിന്തല്‍മണ്ണയിലെ ‘ടീ ടൈം’ റസ്റ്റോറന്റ് നജിക്ക് യാത്രയയപ്പ് ഒരുക്കി. ഓള് എന്ന പേരിട്ട വാഹനമോടിച്ച് മൂന്നരയോടെ നാജി പെരിന്തല്‍മണ്ണയിലെത്തി. ‘ടീ ടൈം’ മാനേജ്മെന്റും ജീവനക്കാരും വ്യാപാരപ്രമുഖരും യുവാക്കളും ചേര്‍ന്ന് സ്വീകരിച്ചു. ചലച്ചിത്ര നടി സ്രിന്ദ തുടര്‍യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു. കിക്കോഫിലൂടെ പ്രശസ്തയായ ദിയ ഫാത്തിമയും സ്വീകരണത്തിലെത്തിയിരുന്നു. അഞ്ചോടെ നാജി നൗഷി യാത്ര തുടര്‍ന്നു.
മുംബൈ വരെ നാജി ഥാറില്‍ പോകും. തുടര്‍ന്ന് വാഹനവുമായി കപ്പലില്‍ ഒമാനിലെത്തും. അവിടെനിന്ന് ഇതേ വാഹനത്തില്‍ യു എ ഇ, ബഹ്റൈന്‍, കുവൈത്ത്, സൗദി എന്നീ രാജ്യങ്ങളിലൂടെ ഡിസംബര്‍ ആദ്യം ഖത്തറിലെത്തും. മുന്‍പ് ഇന്ത്യ മുഴുവനും പിന്നീട് നേപ്പാളിലും എവറസ്റ്റ് ബേസ് ക്യാംപിലും യാത്രചെയ്ത് എത്തിയിട്ടുണ്ട്. 34കാരിയായ നാജി ഏഴുവര്‍ഷത്തോളം ഒമാനില്‍ ഹോട്ടല്‍മേഖലയില്‍ പ്രവര്‍ത്തിക്കുകയാണ്. ഭര്‍ത്താവും അഞ്ച് കുട്ടികളുമുണ്ട്.