ലണ്ടനില്‍ വായുമലിനീകരണം വര്‍ധിക്കുന്നു; അനാവശ്യ കാര്‍ യാത്രകള്‍ ഒഴിവാക്കണമെന്ന് മുന്നറിയിപ്പുമായി മേയർ

ലണ്ടന്‍: ലണ്ടനില്‍ വായു മലീനികരണം വര്‍ധിക്കുന്നുവെന്ന് മുന്നറിയിപ്പ് നല്‍കി മേയര്‍ സാദീഖ് ഖാന്‍. അതിനാല്‍ ജനങ്ങളോട് അടുത്ത ദിവസങ്ങളില്‍ കാറുകളുമായി റോഡിലിറങ്ങുന്നത് കുറയ്ക്കണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും മേയര്‍ നിര്‍ദ്ദേശം നല്‍കി. ശൈത്യകാലം തുടരുന്നതിനിടയില്‍ ലണ്ടനില്‍ വായു മലിനീകരണം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.

വാഹനങ്ങളുടെ പുകയിൽ നിന്നും മറ്റുമാണ് അന്തരീക്ഷ മലിനീകരണം വര്‍ധിക്കുന്നത്. മലിനീകരണ മുന്നറിയിപ്പുകള്‍ ലണ്ടനിലെ ട്രാന്‍സ്‌പോര്‍ട്ട് സംവിധാനമായ ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ മേഖലയിലും സ്‌കൂള്‍ മേഖലയിലും നല്‍കിയിട്ടുണ്ട് എന്നും പുറത്തു വരുന്ന റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. ചൊവ്വാഴ്ച മുതലാണ് ഏറ്റവും കുറഞ്ഞ താപനില ലണ്ടനില്‍ രേഖപ്പെടുത്തിത്തുടങ്ങിയത്.

അതുകൊണ്ട് തന്നെ രൂക്ഷമായ വായു മലിനീകരണവും ഉണ്ടാകുമെന്ന് മേയര്‍ അറിയിച്ചു. വായുമലിനീകരണം ലണ്ടനിലെ ജനങ്ങളെ സാരമായി ബാധിക്കാനിടയുണ്ട്. അതുകൊണ്ടാണ് പരിഹാര നടപടികള്‍ വേഗത്തില്‍ എടുക്കുന്നതെന്നും മേയര്‍ പറഞ്ഞു. അടുത്ത ഓരോ ദിവസവും നിര്‍ണ്ണായകമാണ്. ആവശ്യമില്ലാതെ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കി മറ്റ് മാർഗങ്ങൾ തേടണം.

അല്ലെങ്കില്‍ സൈക്കിളോ, പൊതുഗതാഗത സംവിധാനമോ ഉപയോഗിക്കണം. അനാവശ്യമായി മാലിന്യങ്ങള്‍ കത്തിക്കുന്നത് ഒഴിവാക്കണം. വായു മലിനീകരണത്തെ ചെറുക്കാനായിട്ടാണ് ഇവയെല്ലാം നിയന്ത്രിക്കാന്‍ പറയുന്നത്,’ സാദിഖ് ഖാന്‍ പറഞ്ഞു. മേയറുടെ വായു മലിനീകരണ മുന്നറിയിപ്പുകള്‍ ലണ്ടന്‍ ഇംപീരിയല്‍ കോളേജ്, ഗവണ്‍മെന്റിന്റെ പരിസ്ഥിതി, ഭക്ഷ്യ, ഗ്രാമീണ കാര്യ വകുപ്പ്, കാലാവസ്ഥാ ഓഫീസ് എന്നിവയുള്‍പ്പെടെ നിരവധി സ്ഥാപനങ്ങളുടെ മുന്നറിയിപ്പുകളുടെ അടിസ്ഥാനമാക്കിയുള്ളതാണ്.

വായു മലിനീകരണം പരിശോധിക്കാനുള്ള ഏറ്റവും മികച്ച സംവിധാനമാണ് ലണ്ടനിലുള്ളതെന്നും മേയറുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ആവശ്യക്കാര്‍ക്ക് സൗജന്യമായി തന്നെ വായു ഗുണനിലവാരം പരിശോധിക്കാന്‍ സാധിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

വിഷവായു മലിനീകരണം കുറയ്ക്കുന്നതിന് അള്‍ട്രാ ലോ എമിഷന്‍ സോണ്‍ ലണ്ടനിലുടനീളം വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും മേയര്‍ പറഞ്ഞു. ഏറ്റവും മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങളെ ലക്ഷ്യമിട്ട് കൊണ്ടാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. നഗരത്തിലെ വായു മലിനീകരണം തടയാനായി ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ഈ സംവിധാനം വിപുലപ്പെടുത്തിയത്.

Verified by MonsterInsights