ലോറിയിൽ കൊണ്ടുവന്നു ഇൻസ്റ്റാൾ ചെയ്യാം! കാശും ലാഭം; കേരളത്തിൽ പ്രചാരമേറി GFRG വീടുകൾ

ചെലവ് കുറഞ്ഞതും, വേഗം പണി പൂർത്തിയാക്കാവുന്നതും, പ്രകൃതി സൗഹാർദ്ദവുമായ വീട് നിർമാണ രീതി എന്നതാണ് GFRG അഥവാ ഗ്ലാസ് ഫൈബർ റെയ്ൻഫോഴ്സ്ഡ് ജിപ്സം പാനലുകളെ പ്രിയങ്കരമാക്കുന്നത്. ഫൗണ്ടേഷൻ, ബെയ്സ്മെന്റ് ഒഴികെ ഭിത്തി, റൂഫ്, സ്റ്റെയർ, സീലിങ് ഇവയെല്ലാം GFRG പാനലുകളാൽ നിർമിക്കാൻ സാധിക്കുന്നു. ചുമരുകൾക്ക് പ്ലാസ്റ്ററിങ് ഒഴിവാക്കാമെന്ന പ്രത്യേകതയും ഈ നിർമാണരീതിക്കുണ്ട്.

പ്രത്യേകതകൾ

1. ഭൂകമ്പത്തെ പ്രതിരോധിക്കാനുള്ള കഴിവ് GFRG പാനൽ ഉപയോഗിച്ച വീടുകൾക്കുണ്ട്.

2. വീടിന് പുറത്തെ ചൂടിനേക്കാൾ അകത്ത് മൂന്നു ഡിഗ്രി സെൽഷ്യസ് മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ കുറയ്ക്കുന്നു.

3. പാനൽ ഭിത്തിയുടെ കനം അഞ്ച് ഇഞ്ചായതിനാൽ കൂടുതൽ കാർപ്പറ്റ് ഏരിയാ അനുപാതം ലഭിക്കുന്നതിനാൽ വീട് നിർമാണ ചെലവ് നന്നായി കുറയുന്നു.

4. പാനലുകൾക്ക് പ്ലാസ്റ്ററിങ് ഇല്ലാതെ തന്നെ ഫിനിഷിങ് ലഭിക്കുന്നതിനാൽ പെയിന്റിങ് ചെലവ് ചുരുക്കാൻ സാധിക്കുന്നു.

5. GFRG പാനലുകൾ ഉപയോഗിക്കുമ്പോൾ മേൽക്കൂരയ്ക്കും, ടോയ്‌ലറ്റ്, ബാത്റൂമുകൾക്കും ജലപ്രതിരോധശക്തി സ്വാഭാവികമായി നൽകുന്നു.

6. 12 മീറ്റർ നീളവും, മൂന്നു മീറ്റർ വീതിയും അഞ്ച് ഇഞ്ച് കനവുമുള്ള ഹോളോ ക്യാവിറ്റി വീടിന്റെ ഭാരം നന്നായി നിയന്ത്രിക്കുന്നു.

7. സിമന്റ്, മണൽ, സ്റ്റീൽ തുടങ്ങിയ നിർമാണ വസ്തുക്കളുടെ ആവശ്യം കുറയ്ക്കുന്നു.

8. പ്ലാൻ അനുസരിച്ച് ഹോളോ ക്യാവിറ്റി പാനലുകൾ മുറിച്ചെടുത്ത്, കതക്, ജനൽ, മറ്റ് ഓപ്പണിങ്ങുകൾ ഇവയ്ക്കാവശ്യമായ സ്ഥലം നീക്കം ചെയ്ത് ഉപയോഗിക്കുന്നതിനാൽ സമയം ലാഭിക്കുന്നു.

9. എം എം കമ്പി മുകളിലേക്ക് ഭിത്തി നിർത്തി അതിലേക്ക് പാനലുകൾ ക്രെയിൻ ഉപയോഗിച്ച് ഇറക്കിവച്ച്, 12 എം എം മെറ്റലുപയോഗിച്ച് കോൺക്രീറ്റ് ചെയ്ത് ഭിത്തിപ്പണികൾ ചെയ്യുന്നതിനാൽ ബലം ഇരട്ടിക്കുന്നു.

10. സ്ക്വയറടിക്ക് 1500 രൂപ മുതൽ ആരംഭിക്കുന്ന GFRG വീടുകൾ, മറ്റ് വീടുകളുടെ ചെലവിനേക്കാൾ 30% കുറയും, പണിസമയലാഭവും ഉറപ്പ് തരുന്നു.

11. പാനലിന്റെ ക്യാവിറ്റികളിലൂടെ ഇലക്ട്രിക് പൈപ്പുകൾ എളുപ്പത്തിൽ കടത്തിവിട്ട് വീടിന്റെ വയറിങ് ജോലികൾ ചെയ്യാൻ സാധിക്കുന്നു.

പാനലുകളുടെ നിർമാണരീതി

ഫോസ്ഫോ ജിപ്സം (ഫോസ്ഫോറിക് ആസിഡിന്റെ ബൈപ്രോഡക്ട്), റോവിങ് ഗ്ലാസ്, അമോണിയം കാർബണേറ്റ് ഇവയാണ് GFRG പാനലുകളുടെ പ്രധാന അസംസ്കൃതവസ്തു‌ക്കൾ.

നിർമാണ രീതിയും സൈസും

140–150 ഡിഗ്രി ചൂടിൽ ഫോട്ടോ ജിപ്സം നീറ്റി എടുക്കുന്ന മിശ്രിതം വോൾ പാനൽ നിർമാണസ്ഥലത്തേക്ക് എത്തിക്കുന്നു. മൂന്നു മീറ്റർ വീതിയും, 12 മീറ്റർ നീളവുമുള്ള അച്ചുകളിൽ എത്തിച്ച് ജലത്തിനും, മറ്റ് കെമിക്കലുകൾക്കുമൊപ്പം കലർത്തി അച്ചിൽ നിരത്തുന്നു. ആദ്യ ലെയറിനുമേൽ ഗ്ലാസ് മിശ്രിതം സ്ക്രീൻ റോളർ ഉപയോഗിച്ച് ലയിപ്പിച്ച് ചേർക്കുന്നു. വീണ്ടും ജിപ്സം നിരത്തി ഒരു ലെയർ ഗ്ലാസ് മിശ്രിതം കൂടി ലയിപ്പിച്ച് ചേർത്ത് മുകൾ ലെയറിൽ ഗ്ലാസ് മിശ്രിതം ഉപയോഗിച്ച് ഫിനിഷ് ചെയ്യുന്നു. അതിനുശേഷം പാനൽ 275 ഡിഗ്രി സെന്റിഗ്രേഡിൽ 60 മിനിറ്റ് ഉണങ്ങാൻ അനുവദിക്കുന്നു. അതിനുശേഷം സ്റ്റോറേജ് സ്ഥലത്ത് എത്തിച്ച് ആവശ്യാനുസരണം പീസുകളാക്കി മുറിച്ച് സൈറ്റുകളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.
Verified by MonsterInsights