
ഗള്‍ഫിലെ അതേ നിലവാരത്തിലുള്ള മാളാണ് കോട്ടയത്തും ഒരുക്കിയിരിക്കുന്നത് എന്നാണ് ചങ്ങനാശേരി സ്വദേശിയും വ്യവസായിയുമായ ജോഷി മനോരമ ഓണ്‍ലൈനിനോട് പറഞ്ഞത്. ഗുണമേന്മയുള്ള സാധനങ്ങള്‍ വിലക്കുറവില്‍ കിട്ടുമെന്നതാണ് ലുലുവിന്റെ പ്രധാന ആകര്‍ഷണം. 3.22 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണു കോട്ടയം ലുലു മാള്‍ സ്ഥിതി ചെയ്യുന്നത്. ഇതില്‍ 1.4 ലക്ഷം ചതുരശ്ര അടിയും ഹൈപ്പര്‍ മാര്‍ക്കറ്റാണ്.
350 കോടി രൂപയായിരുന്നു നിര്‍മാണ ചെലവ്. ഹൈപ്പര്‍ മാര്‍ക്കറ്റില്‍ മാത്രം 23 ബില്ലിംഗ് കൗണ്ടറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് തിരക്ക് കുറയ്ക്കാന്‍ സഹായിക്കും. അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, ചൈന, ജപ്പാന്‍, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ലുലു ഫാഷന്‍, ലുലു കണക്ട് എന്നിവയും ഉണ്ട്.
.”500 പേര്‍ക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന ഫുഡ് കോര്‍ട്ടാണ് മറ്റൊരു ആകര്‍ഷണം. നാടന്‍, ഉത്തരേന്ത്യന്‍, വിദേശ ഭക്ഷണങ്ങളുടെ വ്യത്യസ്ത വിഭവങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 250 ലേറെ കുട്ടികള്‍ക്ക് ഒരേ സമയം കളിക്കാനായി 9000 ചതുരശ്ര അടിയില്‍ ഒരുക്കിയ വിനോദ കേന്ദ്രമായ ഫണ്‍ടൂറ മറ്റൊരു അത്ഭുതമാണ്. കാര്‍ണിവല്‍ തീമിലാണ് ഫണ്‍ടൂറയുടെ ഉള്‍വശം സജ്ജമാക്കിയിരിക്കുന്നത്.

ഏത് ലുലു മാളിലെയും ‘ഫണ്‍ടൂറ’ കാര്‍ഡ് ഇവിടെ സ്വീകരിക്കുന്നതാണ്. പുതിയ കാര്‍ഡ് എടുക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തെ കാലാവധിയുമുണ്ട്. ഒരേ കാര്‍ഡ് ഒന്നിലേറെ പേര്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ആദ്യ ദിവസം തന്നെ 5000 ത്തിലേറെ ഫണ്‍ടൂറ കാര്‍ഡ് നല്‍കിയിട്ടുണ്ട്. നിലവില്‍ ഉദ്ഘാടനം പ്രമാണിച്ച് ഓഫറും നല്‍കുന്നുണ്ട്. 4000 രൂപയുടെ ഗെയിമുകള്‍ കളിക്കാന്‍ നികുതി ഉള്‍പ്പടെ 2360 രൂപ അടച്ചാല്‍ മതി”. അതേസമയം ആദ്യ രണ്ട് ദിവസം ഹൈപ്പര്‍ മാര്‍ക്കറ്റിലാണ് ഏറ്റവും കൂടുതല്‍ പേര്‍ എത്തിയത് എന്ന് മാര്‍ക്കറ്റിംഗ് മാനേജര്‍ നിഖില്‍ രാജ് പറയുന്നു. ഇറക്കുമതി ചെയ്തു സാധനങ്ങള്‍ വാങ്ങാനാണ് കൂടുതല്‍ ആവശ്യക്കാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരേ സമയം ആയിരത്തിലേറെ കാറുകള്‍ക്കു പാര്‍ക്ക് ചെയ്യാവുന്ന പാര്‍ക്കിംഗ് സംവിധാനമുണ്ട്. തിരക്ക് പരിഗണിച്ചു കൂടുതല്‍ സ്ഥലങ്ങളിലും പാര്‍ക്കിംഗിന് സൗകര്യമൊരുക്കിയിട്ടുണ്ട്. നിലവില്‍ പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നില്ല.