മഹാരാഷ്ട്രയിൽ പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ചു; കനത്ത ജാഗ്രതാ നിർദേശം, പോളിങ്ങിനെ ബാധിക്കുമോയെന്ന് ആശങ്ക.

മഹാരാഷ്ട്രയിൽ പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ചു. ഇതേതുടർന്ന് സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന പൂനെ, അഹമ്മദ്‌നഗർ, ഔറംഗബാദ് അടക്കമുള്ള സ്ഥലങ്ങളിലാണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കനത്ത ചൂടും കൊവിഡ് പരിഭ്രാന്തിയും പോളിങ്ങിനെ ബാധിക്കുമോയെന്ന ആശങ്കയും ഉണ്ട്.പൂനെയിൽ 51 കേസുകളും താനെയിൽ 20 കേസുകളും റിപ്പോർട്ട് ചെയ്തു. പൂനെയ്ക്കും താനെയ്ക്കും പുറമെ അമരാവതിയിലും ഔറംഗബാദിലും ഏഴ് കേസുകൾ വീതം കണ്ടെത്തി. സോലാപ്പൂരിൽ രണ്ട് കേസുകളും അഹമ്മദ്‌നഗർ, നാസിക്, ലാത്തൂർ, സംഗ്ലി എന്നിടങ്ങളിൽ ഓരോ കേസുകൾ വീതം കണ്ടെത്തി. എന്നാൽ മുംബൈയിൽ ഇതുവരെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തിട്ടില്ല.പല രാജ്യങ്ങളിലും കേസുകൾ വർദ്ധിപ്പിക്കുന്ന കൊവിഡ് 19 ഒമിക്രോൺ സബ് വേരിയന്റ് കെപി2ന്റെ 91 കേസുകളാണ് മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ചത്. ആഗോളതലത്തിൽ ജനുവരിയിലാണ് ഈ വകഭേദം ആദ്യമായി കണ്ടെത്തിയത്.2023 അവസാനത്തോടെയാണ് ഏറ്റവും കൂടുതൽ അപകടകാരിയായ ജെഎൻ 1-ൽ നിന്നും കെപി2 ഉത്ഭവിച്ചത്. മാർച്ചിൽ സംസ്ഥാനത്ത് കേസുകളിൽ നേരിയ വർദ്ധനവ് ഉണ്ടായിരുന്നുവെങ്കിലും നിയന്ത്രണാധീനമായിരുന്നു. അതേസമയം മഹാരാഷ്ട്രയിൽ നാലാം ഘട്ട വോട്ടെടുപ്പിൽ നന്ദുര്‍ബാര്‍, ജല്‍ഗാവ്, റേവര്‍, ജല്‍ന, ഔറംഗബാദ്, മാവല്‍, പൂനെ, ഷിരൂര്‍, അഹമ്മദ് നഗർ, ഷിര്‍ദി, ബീഡ് എന്നീ 11 മണ്ഡലങ്ങളിലാണ് ഇന്ന് ജനവിധി തേടുന്നത്.

Verified by MonsterInsights