നാമെല്ലാം സൗന്ദര്യ സംരക്ഷണത്തില്‍ ശ്രദ്ധാലുക്കാളാണ്. സൗന്ദര്യസംരക്ഷണം എന്ന് പറയുമ്പോള്‍ മുഖവും തലമുടിയും മാത്രം ശ്രദ്ധിച്ചാല്‍ പോര. കൈകളും കാലുകളും നഖവും എല്ലാം ഒരുപോലെ സംരക്ഷിക്കേണ്ടതുണ്ട്. പലരും ബ്യൂട്ടി പാര്‍ലറില്‍ പോകുമ്പോള്‍ വാക്‌സിങ് അടക്കം ചെയ്താലും കൈകാല്‍ നഖങ്ങളും കാല്‍പ്പാദങ്ങളുമൊന്നും ഭംഗിയാക്കാന്‍ മെനക്കെടാറില്ല. എന്നാല്‍ ഇനി അതിനുവേണ്ടി പാര്‍ലറില്‍ പോയി സമയവും പണവും കളയേണ്ടതില്ല. നിങ്ങള്‍ക്ക് വീട്ടില്‍ത്തന്നെ ഇവയെല്ലാം ചെയ്യാവുന്നതേയുള്ളൂ. ആഴ്ചയില്‍ ഒരു തവണ ഇങ്ങനെ ചെയ്താല്‍ മൃദുലമായ കൈകാലുകള്‍ സ്വന്തമാക്കാന്‍ സാധിക്കും.

പെഡിക്യൂര്‍ എങ്ങനെ വീട്ടില്‍ ചെയ്യാം
ആദ്യംതന്നെ കാല്‍നഖങ്ങളില്‍ ഇട്ടിരിക്കുന്ന നെയില്‍പോളിഷ് റിമൂവര്‍ കൊണ്ട് തുടച്ചുവൃത്തിയാക്കുക. ശേഷം നിങ്ങളുടെ ഇഷ്ടാനുസരണം നഖം വെട്ടി വൃത്തിയാക്കുക. ഇതാണ് ആദ്യത്തെ സ്റ്റെപ്പ്. ഇനി എങ്ങനെയാണ് കാല്‍പാദങ്ങള്‍ വൃത്തിയാക്കേണ്ടതെന്ന് നോക്കാം.
ഒരു ബേസനിലോ മറ്റോ ചെറു ചൂടുവെള്ളം എടുക്കുക. ഇതിലേക്ക് കുറച്ച് ഷാമ്പൂ, നാരങ്ങാനീര്, ഉപ്പ്, അല്‍പ്പം വെളിച്ചെണ്ണ ഇവചേര്‍ത്ത് യോജിപ്പിച്ച് ഇതിലേക്ക് കാലുകള്‍ ഇറക്കി വയക്കുക. പത്തോ ഇരുപതോ മിനിറ്റ് അങ്ങനെതന്നെ വച്ചതിന് ശേഷം കാലുകള്‍ പ്യുബിക്ക് സ്‌റ്റോണ്‍ ഉപയോഗിച്ചോ ഏതെങ്കിലും ഫൂട്ട് സ്‌ക്രബ്ബ് ഉപയോഗിച്ചോ നന്നായി വ്യത്തിയാക്കിയെടുക്കുക. കാലിലെ മൃതകോശങ്ങള്‍ കളയുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഇനി കാലുകള്‍ ഒരു ഉണങ്ങിയ ടൗവ്വല്‍ ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കുക. തുടർന്ന് ഏതെങ്കിലും മോയ്‌സ്ചറൈസിങ് ക്രീം പുരട്ടി നന്നായി മസാജ് ചെയ്യുക. ഇഷ്ടമുള്ള നെയില്‍ പോളിഷ് ഇട്ട് കാലുകള്‍ മനോഹരമാക്കാവുന്നതാണ്.

മാനിക്യൂര്‍ വീട്ടില്‍ ചെയ്യാം
കൈപ്പത്തിയും കൈനഖങ്ങളും വൃത്തിയാക്കുന്നത് എങ്ങനെയെന്ന് നോക്കാം. കൈകളിലെ പഴയ നെയില്‍ പോളിഷ് റിമൂവ് ചെയ്യുക. ഇഷ്ടമുളള ആകൃതിയില്‍ നെയില്‍ കട്ടറുപയോഗിച്ച് നഖം ഷെയ്പ്പ് ചെയതെടുക്കാം. ഒരു ബേസനിലേക്ക് ഇളം ചൂടുവെള്ളം ഒഴിച്ച ശേഷം അതിലേക്ക് കുറച്ച് ഷാമ്പു, നാരങ്ങാനീര്, ഉപ്പ് എന്നിവചേര്‍ത്ത് മിക്‌സ് ചെയ്ത് കൈകള്‍ അതില്‍ പത്തോ ഇരുപതോ മിനിറ്റ് മുക്കിവയ്ക്കുക. ഇനി സ്‌ക്രബ്ബര്‍ ഉപയോഗിച്ച് സ്‌ക്രബ്ബ് ചെയ്യുകയാണ് ചെയ്യേണ്ടത്. ഇതിനായി ഏതെങ്കിലും സ്‌ക്രബ്ബര്‍ ഉപയോഗിക്കാവുന്നതാണ്. മുഖം സ്‌ക്രബ്ബ് ചെയ്യാന്‍ ഉപയോഗിക്കുന്ന സ്‌ക്രബ്ബര്‍ തന്നെ കൈകാലുകളിലും ഉപയോഗിക്കാവുന്നതാണ്. അതല്ലെങ്കില്‍ കുറച്ച് അരിപ്പൊടിയും തേനും കൂടി മിക്‌സ്‌ചെയ്‌തെടുത്ത് അത് കൈകളില്‍ പുരട്ടി ഉരച്ച് കഴുകാവുന്നതാണ്. ശേഷം കൈകള്‍ ഉണങ്ങിയ ടൗവ്വല്‍ കൊണ്ട് തുടച്ചെടുത്ത ശേഷം മോയ്‌സ്ചറൈസിംഗ് ക്രീം ഉപയോഗിച്ച് നന്നായി മസാജ് ചെയ്യാം. താഴെനിന്ന് മുകളിലേക്ക് എന്ന രീതിയില്‍ വേണം മസാജ് ചെയ്യാന്‍. പിന്നീട് ഇഷ്ടമുള്ള നെയില്‍പോളിഷ് ഇട്ട് നഖങ്ങളെ മനോഹരമാക്കാം.
