കാലത്തിന് അനുസരിച്ച് സാങ്കേതികമായും അല്ലാതെയുമുള്ള മാറ്റങ്ങള്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിലും വരുത്താറുണ്ട്. 2025ല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിനുണ്ടാകാൻ പോകുന്ന പ്രധാനപ്പെട്ട അഞ്ചു മാറ്റങ്ങളുണ്ടെന്നാണ് സൂചന. യാത്രകള്‍ കൂടുതല്‍ അനായാസമാക്കാനും സാങ്കേതികമായി കൂടുതല്‍ മികവും സുരക്ഷയും നല്‍കാനും സഹായിക്കുന്ന മാറ്റങ്ങളാണിത്. ഇ– പാസ്‌പോര്‍ട്ട് മുതല്‍ പാസ്‌പോര്‍ട്ടിനായി ജനന സര്‍ട്ടിഫിക്കറ്റ് വരെ നല്‍കേണ്ട കാര്യങ്ങളുണ്ട് ഇക്കൂട്ടത്തില്‍.
∙ ഇ-പാസ്‌പോര്‍ട്ട്
ഇന്ത്യയില്‍ ഇ-പാസ്‌പോര്‍ട്ടുകള്‍ ലഭ്യമായി തുടങ്ങുമെന്നതാണ് 2025ലെ പ്രധാന പ്രത്യേകത. കാഴ്ചയില്‍ നിലവിലുള്ള പാസ്‌പോര്‍ട്ടിന് സമാനമായിരിക്കും ഇ-പാസ്‌പോര്‍ട്ടുകളും. എന്നാല്‍ ഇതിലെ ചിപ്പുകളില്‍ പാസ്‌പോര്‍ട്ട് ഉടമയുടെ ബയോമെട്രിക്ക് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടാവും. ഇത് വിമാനത്താവളങ്ങളിലെ പരിശോധന അതിവേഗത്തിലാക്കാനും സുരക്ഷ വര്‍ധിപ്പിക്കാനും സഹായിക്കും. നിങ്ങളുടെ പാസ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞാല്‍ പുതുതായി അനുവദിക്കുന്നത് ഇ-പാസ്‌പോര്‍ട്ടായിരിക്കും.
ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുന്നവരില്‍ ഒരു വിഭാഗത്തിന് ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. 2023 ഒക്ടോബര്‍ ഒന്നിനു ശേഷം ജനിച്ചവരുടെ കാര്യത്തിലാണ് ഇക്കാര്യത്തില്‍ നിര്‍ബന്ധമുള്ളത്. ഇവര്‍ക്ക് പുതിയ പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുമ്പോള്‍ ജനനസര്‍ട്ടിഫിക്കറ്റ് മാത്രമായിരിക്കും ജന്മദിനം സംബന്ധിച്ച രേഖ. അതേസമയം അതിനു മുമ്പ് ജനിച്ചവര്‍ക്ക് നേരത്തേതു പോലെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റും പാന്‍കാര്‍ഡും വോട്ടര്‍ ഐഡിയും ഡ്രൈവിങ് ലൈസന്‍സുമെല്ലാം ജനനതീയതി തെളിയിക്കാന്‍ രേഖകളായി ഉപയോഗിക്കാം

“പാസ്‌പോര്‍ട്ടില്‍ വിലാസമില്ല”
പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ മേല്‍വിലാസം നല്‍കുന്ന പതിവ് അവസാനിപ്പിക്കും. സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തുന്നതിനു പകരം ഡിജിറ്റലായി ഈ വിവരങ്ങള്‍ ബാര്‍കോഡ് രൂപത്തില്‍ രേഖപ്പെടുത്തുകയാണ് ചെയ്യുക. ഇതോടെ അധികൃതര്‍ക്കു മാത്രമായിരിക്കും പാസ്‌പോര്‍ട്ട് ഉടമയുടെ വിലാസം പരിശോധിക്കാനാവുക.
മാതാപിതാക്കളുടെ പേര് ഒഴിവാക്കും
ഇന്ത്യന്‍ പാസ്‌പോര്‍ട്ടില്‍ നിന്നും മാതാപിതാക്കളുടെ പേര് ഒഴിവാക്കുന്നതാണ് അടുത്ത പ്രധാന മാറ്റം. അനാവശ്യമായി സ്വകാര്യ വിവരങ്ങള്‍ പരസ്യപ്പെടുത്തേണ്ടി വരുന്നത് ഇതില്‍ നിന്നും ഒഴിവാക്കാനാവും. പ്രത്യേകിച്ചും കുടുംബ വിവരങ്ങള്‍ സ്വകാര്യമാക്കിവയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സിംഗിള്‍ പാരന്റ് കുടുംബങ്ങളിലുള്ളവര്‍ക്ക് ഇത് ആശ്വാസമാവും.
കളര്‍കോഡ്
വ്യത്യസ്ത തരം പാസ്‌പോര്‍ട്ടുകള്‍ക്ക് വ്യത്യസ്ത നിറങ്ങള്‍ നല്‍കുന്നതാണ് മറ്റൊരു സുപ്രധാന മാറ്റം. ഇതോടെ എളുപ്പത്തില്‍ പാസ്‌പോര്‍ട്ടുകളെ തിരിച്ചറിയാന്‍ സാധിക്കും. ഇത് ഇമിഗ്രേഷന്‍, സുരക്ഷാ പരിശോധനകളെ കൂടുതല്‍ വേഗത്തിലും കാര്യക്ഷമവും ആക്കി മാറ്റും. സാധാരണ പാസ്‌പോര്‍ട്ടുകളുടെ പുറം ചട്ടക്ക് നീലനിറവും സര്‍ക്കാര്‍ ഒഫീഷ്യലുകളുടെ പാസ്‌പോര്‍ട്ടിന് വെള്ള നിറവുമായിരിക്കും ഉണ്ടാവുക. നയതന്ത്ര പാസ്‌പോര്‍ട്ടുകള്‍ക്ക് മെറൂണ്‍ നിറവും അടിയന്തര ആവശ്യങ്ങള്‍ക്ക് അനുവദിക്കുന്ന താല്‍ക്കാലിക യാത്രാ രേഖയായ പാസ്‌പോര്‍ട്ടിന് ചാര നിറവുമായിരിക്കും ഉണ്ടാവുക.
