മഴ കുറവ്, ചൂടു കൂടുതലും; തുലാവർഷം ദുർബലം.

തുലാവർഷം ഒരുമാസം പിന്നിടുമ്പോൾ മഴ കിട്ടിയത് സാധാരണയെക്കാൾ അഞ്ചിലൊന്നോളം കുറവു മാത്രം. ചൊവ്വാഴ്ചമുതൽ മഴ വീണ്ടും കുറയാനും ചൂടു കൂടാനുമാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വിഭാഗം.

തുലാവർഷത്തിൽ കേരളത്തിൽ ശരാശരി 492 മി.മീ. മഴയാണ് കിട്ടാറുള്ളത്. ആദ്യമാസത്തിലാണ് ഇതിലേറെയും കിട്ടിയിരുന്നത്. എന്നാൽ ഇത്തവണ സംസ്ഥാന ശരാശരിയിൽ 18 ശതമാനം കുറവു മഴയേ കിട്ടിയിട്ടുള്ളൂ. അതു തന്നെ, ഒറ്റെപ്പട്ട ഇടങ്ങളിൽ തീവ്രമഴയായി പെയ്ത് കുത്തിയൊലിച്ചു പോയി.

മലപ്പുറംജില്ലയിലെ നിലമ്പൂർ, പാലക്കാട് അട്ടപ്പാടി മേഖല, കൊല്ലം ജില്ലയിലെ മലയോരമേഖല തുടങ്ങി ചിലയിടങ്ങളിൽ മാത്രമാണ് കുറച്ചു ദിവസമെങ്കിലും തുടർച്ചയായി മഴ ലഭിച്ചത്. അരമണിക്കൂറിൽ 50 മി.മീ. വരെയൊക്കെ മഴയാണ് നിലമ്പൂരിലും അട്ടപ്പാടിയിലും പല ദിവസങ്ങളിലും പെയ്തത്. ഇങ്ങനെ തീവ്രമഴ പെയ്യുന്നതു കൊണ്ടാണ് ആകെ ശരാശരിയിൽ ഇത്രയെങ്കിലും ഉണ്ടാകുന്നത്. സംസ്ഥാനത്ത് പൊതുവിൽ നോക്കുമ്പോൾ പലയിടങ്ങളിലും മഴ വളരെ കുറവായിരുന്നു.

ഇനിയുള്ള ദിവസങ്ങളിൽ തെക്കൻജില്ലകളിൽ ചിലയിടങ്ങളിൽ മാത്രം ഒറ്റപ്പെട്ട മഴ ലഭിക്കുന്നതല്ലാതെ വ്യാപക മഴയ്ക്ക് ഇപ്പോൾ സാധ്യതയില്ല. 23-ാം തീയതിയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കണക്കാക്കുന്നുണ്ട്. ഈ ന്യൂനമർദത്തിന്റെ ഗതി എന്തായിരിക്കുമെന്നു പറയാനാവില്ല. ഡിസംബർ പകുതിയാകുന്നതോടെ തണുപ്പു തുടങ്ങുകയും തുലാവർഷം കൂടുതൽ ദുർബലമാവുകയും ചെയ്യും.

Verified by MonsterInsights