മഴക്കാലത്ത് രോഗപ്രതിരോധശേഷി കൂട്ടാം; ഡയറ്റില്‍ ശ്രദ്ധിക്കാം.

കാലാവസ്ഥ മാറിയതോടെ രോഗങ്ങള്‍ വരാനുള്ള സാധ്യതയും കൂടി. മഴക്കാലത്ത് ശരീരത്തിന്റെ രോഗ പ്രതിരോധശേഷി കൂട്ടേണ്ടത് അത്യാവശ്യമാണ്. ജലദോഷവും ചുമയും  തുമ്മലുമെല്ലാം സര്‍വ്വസാധാരണമാകുന്ന സമയം കൂടിയാണ്. നമ്മള്‍ കഴിക്കുന്ന ഭക്ഷണമാണ് നമ്മുടെ ആരോഗ്യം സംരംക്ഷിക്കുന്നത്. രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷ്യവസ്തുക്കളെ അറിഞ്ഞിരിക്കാം. 

മഴക്കാലത്ത് വെളുത്തുള്ളി ചേര്‍ത്തുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ആലിസിന്‍ രോഗ പ്രതിരോധശേഷി കൂട്ടാന്‍ നല്ലതാണ്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ മറക്കരുത്. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ഏലയ്ക്കയും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

ഇഞ്ചി കഴിക്കുന്നതും രോഗപ്രതിരോധശേഷി കൂട്ടാന്‍ വളരെ നല്ലതാണ്. ആന്റി ഓക്‌സിഡന്റ്, ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ഇതിനുണ്ട്. ഇഞ്ചിയിലെ ജിഞ്ചറോളാണ് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നത്. ഇത് ദഹനത്തെ മെച്ചപ്പെടുത്തുകയും പ്രമേഹത്തെ നിയന്ത്രിക്കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ എന്ന രാസവസ്തുവും ശരീരത്തിന് നല്ലതാണ്. ഇത് പല രോഗാവസ്ഥകളില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കും. ബാക്റ്റീരിയ ഉണ്ടാക്കുന്ന രോഗങ്ങള്‍, ശ്വാസകോശത്തെ ബാധിക്കുന്ന വൈറസുകള്‍ എന്നിവയ്‌ക്കെതിരെ മഞ്ഞള്‍ ഫലപ്രദമെന്ന് തെളിഞ്ഞിട്ടുണ്ട്. രോഗപ്രതിരോധശേഷി കൂട്ടാനും മഞ്ഞള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.

കുരുമുളകിന്‍ വിറ്റാമിന്‍ എ, കെ, സി, കാത്സ്യം, പൊട്ടാസ്യം, സോഡിയം എന്നിവ അടങ്ങിയിട്ടുണ്ട്. ജലദോഷവും തുമ്മലുമൊക്കെ കുറയാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇത് ഉപകരിക്കും.ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ കറുവപ്പട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശരീരത്തിന് നല്ലതാണ്. 

Verified by MonsterInsights