ചിലരുടെ മുഖത്തേക്കു നോക്കുമ്പോള്‍ തന്നെ കാണാം വലിയ കുഴികളും വരകളുമൊക്കെ. മുഖക്കുരു വന്നു പോയതിന്റെ അടയാളമാണ് ഇത്. ഇത് നന്നായി സൗന്ദര്യത്തെ ബാധിക്കുകയും ചെയ്യും. കാരണം എല്ലാവര്‍ക്കും ക്ലിയര്‍ ചര്‍മമാണ് ഇഷ്ടം. അതാണ് കാണാന്‍ ഭംഗിയും. എന്നാല്‍ ഇനി ടെന്‍ഷനാവണ്ട. ഇതിനു പ്രതിവിധി നമ്മുടെ അടുക്കളയില്‍ തന്നെയുണ്ട്.
തക്കാളി
തക്കാളിയില്‍ ധാരാളമായി ലൈക്കോപീന്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാല്‍ തക്കാളിയുടെ പള്‍പ്പ് എടുത്ത് മുഖത്തു പുരട്ടുന്നത് സുഷിരങ്ങള്‍ കുറയാന്‍ സഹായിക്കും. ഒരു തക്കാളി നടുമുറിച്ച് അതുകൊണ്ട് മുഖത്ത് ഉരസുക. അഞ്ചോ പത്തോ മിനിറ്റ് ഇങ്ങനെ ചെയ്യുക. ശേഷം ഉണങ്ങാനാവുമ്പോള്‍ കഴുകിക്കളയുക. ഇത് സുഷിരങ്ങള്‍ അടയാന്‍ സഹായിക്കും. ആഴ്ചയില്‍ 5 ദിവസമെങ്കിലും ചെയ്യുക.
നാരങ്ങ- തേന്‍
ഒരു പാത്രത്തില്‍ കുറച്ചു തേന്‍ എടുക്കുക. അതിലേക്ക് ഒന്നോ രണ്ടോ തുള്ളി നാരങ്ങാനീരും ചേര്‍ക്കുക. നന്നായി മിക്‌സ് ചെയ്ത ശേഷം ഇതു മുഖത്തിടുക. 10 മിനിറ്റ് കഴിഞ്ഞു കഴുകുക. ഇതും സുഷിരങ്ങളടയാന്‍ മികച്ച ഫലം നല്‍കും.

വെള്ളരി
തണുപ്പേകുന്ന വെള്ളരിയുടെ നീര് മുഖത്ത് തേയ്ക്കുന്നത് നല്ലതാണ്. ഇവയുടെ ജ്യൂസ് എടുത്ത് നന്നായി മുഖത്തു തേച്ചു പിടിപ്പിക്കുക. ഇത് സുഷിരങ്ങളുടെ വലുപ്പം കുറയ്ക്കുകയും മുഖത്തിന് ഉന്‍മേഷം നല്‍കുകയും ചെയ്യുന്നു.
മഞ്ഞള്‍
മഞ്ഞള്‍പൊടിയും വെള്ളവും മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് സുഷിരങ്ങളുളളിടത്ത് പുരട്ടുക. ഉണങ്ങുമ്പോള്‍ കഴുകിക്കളയുക. ഇതും സുഷിരങ്ങളുടെ വലുപ്പം കുറയാന്‍സഹായിക്കും. മഞ്ഞള്‍പൊടി തേനില്‍ ചാലിച്ചും മുഖത്ത് പുരട്ടാവുന്നതാണ്.
