സമ്മർദം പലരീതിയിലാണ് ശരീരത്തെ ബാധിക്കുന്നത്. മാനസികാരോഗ്യത്തെ മാത്രമല്ല ശാരീരികാരോഗ്യത്തെയും സമ്മർദം വിപരീതമായി ബാധിക്കും. എപ്പോഴെങ്കിലും മുഖം സാധാരണത്തേതിലും വീർത്തതായി അനുഭവപ്പെടുന്നുവെങ്കിൽ അതിന് സമ്മർദവും പ്രധാനകാരണമാണ്. കോർട്ടിസോൾ എന്ന ഹോർമോണിന്റെ അസന്തുലിതാവസ്ഥയ്ക്ക് അനുസരിച്ച് മുഖത്ത് വീക്കം രൂപപ്പെടുന്ന കുഷിങ്. സിൻഡ്രോം ആണ് ഇതിനു പിന്നിൽ.
സമ്മർദം കൂടുമ്പോൾ കോർട്ടിസോൾ കൂടുതൽ ഉത്പാദിപ്പിക്കപ്പെടുകയും മുഖത്ത് വീക്കം ഉണ്ടാവുകയും ചെയ്യുന്നതാണ് കോർട്ടിസോൾ ഫേസ് അഥവാ കുഷിങ് സിൻഡ്രോം. കോർട്ടിസോ ഉത്പാദനം കൂടുന്നതിനനുസരിച്ച് മുഖത്ത് കുരുക്കളും പ്രത്യക്ഷപ്പെടം.
എന്നാൽ ദൈനംദിന ജീവിതത്തിലെ സമ്മർദമെല്ലാം ഇത്തരത്തിൽ ചർമത്തിൽ പ്രത്യക്ഷപ്പെടണമെന്നുമില്ല. മാത്രമല്ല ഉപ്പിന്റെ അളവ് കൂടുന്നതും വെള്ളം കുടിക്കുന്നത് കുറയുന്നതും മതിയായ ഉറക്കം ലഭിക്കാത്തതുമൊക്കെ മുഖത്ത് വീക്കം ഉണ്ടാകാൻ കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു.
കുഷിങ് സിൻഡ്രോം: ശരീരത്തിന്റെ പല പ്രവർത്തനങ്ങൾക്കും ആവശ്യമായ ഹോർമോണുകളിലൊന്നാണ് കോർട്ടിസോൾ. ഭക്ഷണത്തെ ഊർജമാക്കിമാറ്റാനും രക്തത്തിലെ പഞ്ചസാരയുടെ തോത്നിയന്ത്രിക്കാനും സമ്മർദം നിയന്ത്രിക്കാനുമൊക്കെ കോർട്ടിസോൾ അത്യാവശ്യമാണ്. എന്നാൽ ഇത് കൂടുന്നത് കുഷിങ് സിൻഡ്രോം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
ശരീരത്തിൽ കോർട്ടിസോൾ നില ദീർഘസമയം ഉയർന്നിരിക്കുമ്പോഴാണ് കുഷിങ് സിൻഡ്രോം ഉണ്ടാകുന്നത്. ഹൈപ്പർകോർട്ടിസോളിസം എന്നും പറയാറുണ്ട്. ആസ്ത്മ, ആർത്രൈറ്റിസ്, ലൂപസ് തുടങ്ങിയ രോഗങ്ങൾക്ക് നൽകുന്ന ചില മരുന്നുകളും കുഷിങ് സിൻഡ്രോമിന് കാരണമാകാറുണ്ട്. ചിലരിൽ ചിലയിനം ട്യൂമറുകളും ശരീരത്തിലെ കോർട്ടിസോൾ നില വർധിപ്പിക്കും
മുഖത്ത് വീക്കം വരിക, ചർമത്തിൽ പിങ്ക്, പർപ്പിൾ നിറങ്ങളിലുള്ള പാടുകൾ തുടങ്ങിയവ ലക്ഷണങ്ങളാണ്. ചിലപ്പോഴൊക്കെ രക്തസമ്മർദം കൂടാനും അസ്ഥികളുടെ ആരോഗ്യം ക്ഷയിക്കാനും ടൈപ് 2 ഡയബറ്റിസിനും കുഷിങ് സിൻഡ്രോം കാരണമാകും.പൊതുവേ ഇരുപത്തിയഞ്ചിനും അമ്പതിനും ഇടയിൽ പ്രായമുള്ളവരിലാണ് കുഷിങ് സിൻഡ്രോം കൂടുതലായി കാണാറുള്ളത്. സമ്മർദം കുറച്ചുകൊണ്ടുവരാനും കോർട്ടിസോൾനില സാധാരണഗതിയിലാക്കാനുമൊക്കെയുള്ള ചികിത്സകൾക്കൊപ്പം എന്തൊക്കെ ലക്ഷണങ്ങളുണ്ടോ അവയ്ക്കുള്ള ചികിത്സയും നൽകാറുണ്ട്.
ലക്ഷണങ്ങൾ: കോർട്ടിസോളിന്റെ നിലയ്ക്കനുസരിച്ച് ലക്ഷണങ്ങളിലും വ്യത്യാസമുണ്ടാകും, നെഞ്ച്, അടിവയർ, ഷോൾഡർ, പെൽവിസ് തുടങ്ങിയ ഭാഗങ്ങളിൽ വണ്ണംവെക്കുന്നത് പ്രധലക്ഷണമാണ്. മുഖത്തുണ്ടാകുന്ന വീക്കം, ഷോൾഡറുകൾക്ക് ഇടയിൽ വണ്ണംവെക്കുക, വയർ, തുട, അരക്കെട്ട്, സ്തനം, കക്ഷം തുടങ്ങിയ ഭാഗങ്ങളിൽ പിങ്ക്, പർപ്പിൾ നിറങ്ങളിലുസ്ട്രെച്ച് മാർക്കുകൾ തുടങ്ങിയവയും കാണാം. പെട്ടെന്ന് മുറിവുകൾ ഉണ്ടാവുക, മുറിവുകൾ പതിയെ ഉണങ്ങുക, മുഖക്കുരു തുടങ്ങിയവയും ലക്ഷണങ്ങളാണ്. മുഖത്തും ശരീരത്തില രോമവളർച്ച, ക്രമരഹിതമായ ആർത്തവം തുടങ്ങിയവയും ചിലരിൽ കാണാം. പുരുഷന്മാരിൽ ലൈംഗിക താൽപര്യക്കുറവ്, പ്രത്യുത്പാദന തകരാറുകൾ തുടങ്ങിയവയുമുണ്ടാകാം
ഇതിനൊപ്പം അമിതക്ഷീണം, പേശീക്ഷയം, വിഷാദം, ഉത്കണ്ഠ, ഉറക്കക്കുറവ്, തലവേദന, അണുബധകൾ, ചർമം ഇരുണ്ടതാവുക, ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതാവുക തുടങ്ങിയവയും കണ്ടുവരാറുണ്ട്.