ചെന്നൈ: നാടന്‍ ഇനത്തില്‍പ്പെട്ട നൂറിലധികം നായകളെ സംരക്ഷിച്ച യുവ കര്ഷകന് 2022ലെ ബ്രീഡ് കണ്‍സര്‍വേഷന്‍ അവാര്‍ഡ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ചും കര്‍ണാലിലെ ദി നാഷണല്‍ ബ്യൂറോ ഓഫ് അനിമല്‍ ജെനറ്റിക് റിസോഴ്സും ചേര്‍ന്ന് നല്കുന്ന അവാര്‍ഡിനാണ് യുവ കര്‍ഷകനായ എ. സതീഷ് അര്‍ഹനായത്.
തമിഴ്നാട്ടില്‍ പ്രാദേശികമായി കണ്ടുവരുന്ന നൂറിലധികം നായകളെയാണ് സതീഷ് സംരക്ഷിച്ച് വരുന്നത്. ചെന്നൈയിലെ ഒരു പ്രമുഖ കമ്പനിയിലെ സോഫ്റ്റ് വെയര്‍ എന്‍ജീനിയര്‍ കൂടിയാണ് സതീഷ്. എന്നാല്‍ നായകളോടുള്ള സ്നേഹം കാരണം അവയെ സംരക്ഷിക്കാന്‍ ഇറങ്ങുകയായിരുന്നു. മധുരയിലെ ഉസിലാംപെട്ടിയിലാണ് നായകള്‍ക്കായി സതീഷ് ഒരു ഫാം തുടങ്ങിയത്.
ഡോളിസ് കെന്നല്‍ എന്ന പേരിട്ടിരിക്കുന്ന ഫാം ഏകദേശം ഒരേക്കറിലാണ് സ്ഥിതി ചെയ്യുന്നത്. തമിഴ്നാട്ടിലെ തന്നെ ഏറ്റവും പ്രശസ്തമായ നാടന്‍ ഇനം നായയാണ് ചിപ്പിപ്പാറ. വേട്ടയാടാനാണ് ഇവയെ ഉപയോഗിക്കുന്നത്. അവയുടെ സംരക്ഷണത്തിനാണ് എനിക്ക് ഈ അംഗീകാരം ലഭിച്ചത്. നാടന്‍ നായ്ക്കള്‍ ഏറ്റവും അധികം കാണപ്പെടുന്നത് തെക്കന്‍ തമിഴ്നാട്ടിലാണ്. കന്നി, ചിപ്പിപ്പാറ ഇനങ്ങള്‍ തൂത്തുക്കുടി, തിരുനെല്‍വേലി എന്നിവിടങ്ങളില്‍ ധാരാളമായി കാണുന്നു.
കോമ്പൈ എന്നൊരു ഇനമുണ്ട്. അത് തേനി ജില്ലയിലെ കോമ്പൈ ഗ്രാമത്തിലാണ് കാണപ്പെടുന്നത്. നാടന്‍ ഇനത്തില്‍പ്പെട്ട നായ്ക്കള്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന സംസ്ഥാനമാണ് തമിഴ്നാട്,’ എന്ന് സതീഷ് പറയുന്നു. അതേസമയം ഈ പുരസ്കാരത്തിനായുള്ള അപേക്ഷയും മറ്റ് ഡോക്യുമെന്റേഷനും തയ്യാറാക്കാന്‍ സഹായിച്ചത് തേനിയിലെ വെറ്റിനറി കോളേജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണെന്നും സതീഷ് കൂട്ടിച്ചേര്‍ത്തു.
മൂന്ന് വര്‍ഷം മുമ്പാണ് നായ്ക്കളെ സംരക്ഷിക്കാനായി ഫാം എന്നൊരു ആശയം മനസ്സിലുദിച്ചതെന്നും സതീഷ് പറഞ്ഞു. നാല് ജോലിക്കാരാണ് ഫാമില്‍ ഇപ്പോള്‍ ഉള്ളത്. രാജപാളയം, കോമ്പൈ ഇനത്തില്‍ 8 ആണ്‍നായ്ക്കളും, 22 പെണ്നായ്ക്കളുമാണുള്ളത്. രാമനാഥപുരം മണ്ടായി ഇനത്തില്‍പ്പെട്ട 10 നായ്ക്കളാണുള്ളത്. കന്നി ഇനത്തില്‍ 4 ആണ്‍നായ്ക്കളും 11 പെണ്നായ്ക്കളും ഉണ്ടെന്ന് സതീഷ് കൂട്ടിച്ചേര്‍ത്തു.
യുണൈറ്റഡ് കെന്നല്‍ ക്ലബ് ഓഫ് ഇന്ത്യ അംഗീകാരം നല്കിയ നായ്ക്കളാണ് തന്റെ ഫാമിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. നായ്ക്കളുടെ ഇനം, അവയുടെ ജനനതീയതി, എന്നിവയെപ്പറ്റിയുള്ള വിശദമായ വിവരങ്ങള്‍ പരിശോധിച്ച ശേഷമാണ് കെന്നല്‍ ക്ലബ് അംഗീകാരം നല്‍കിയത്. വിദേശയിനം നായ്ക്കളെക്കാള്‍ എന്തുകൊണ്ടും മികച്ചതാണ് ഈ നാടന്‍ നായ്ക്കളെന്ന് തെളിയിക്കുകയാണ് സതീഷ് തന്റെ ഫാമിലൂടെ.
ജര്‍മ്മന്‍ ഷെപ്പേര്‍ഡ് പോലുള്ള ഇനങ്ങള്‍ക്ക് നമ്മുടെ കാലാവസ്ഥയില്‍ ജീവിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. അതിനെക്കാള്‍ എളുപ്പമാണ് ഈ നാടന്‍ നായ്ക്കളെ പരിപാലിക്കല്‍. വിലകൂടിയ ഭക്ഷണം ഇവയ്ക്ക് നല്‍കേണ്ടതില്ല. ചിക്കന്‍, ബീഫ്, അരി എന്നിവ തുല്യ അനുപാതത്തില്‍ നല്കിയാല് മതിയാകും. ഇക്കാര്യങ്ങള്‍ ജനങ്ങള്‍ അറിയേണ്ടതുണ്ടെന്നും സതീഷ് കൂട്ടിച്ചേര്‍ത്തു.
അതേസമയം നായ്ക്കളുടെ ഫാം എന്നത് വലിയ ലാഭമൊന്നുമില്ലാത്ത ഒരു ബിസിനസ്സ് ആണെന്നും സതീഷ് സമ്മതിക്കുന്നു. പശുക്കള്‍, ആട്, എന്നിവയുടെ ഫാമില്‍ നിന്ന് ലഭിക്കുന്ന അത്രയും ലാഭം ഈ ബിസിനസ്സില്‍ ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നായ്ക്കളെ സംരക്ഷിക്കുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്നും സതീഷ് കൂട്ടിച്ചേര്‍ത്തു.
ഏകദേശം 1000ലധികം നായ്ക്കുട്ടികളെ ഫാമില്‍ ഉല്‍പ്പാദിപ്പിച്ചിട്ടുണ്ട്. അവയില്‍ ചിലതിനെ വനംവകുപ്പ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് വാങ്ങിയത്. വേട്ടയിനമായ ചിപ്പിപ്പാറയില്പ്പെട്ട നായ്ക്കുട്ടികളെ തമിഴ്നാട് വനംവകുപ്പ് വാങ്ങിയിരുന്നു.
തഞ്ചാവൂരിലെ എയര്‍ഫോഴ്സ് ബേസിലെ റണ്‍വേകളുടെ സുരക്ഷയ്ക്കായി രാജപാളയം ഇനത്തില്‍പ്പെട്ട നായ്ക്കുട്ടികളെയും വിട്ടുനല്കിയിരുന്നുവെന്നും സതീഷ് പറഞ്ഞു.നാടന്‍ നായ് വര്‍ഗങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ കൂടി മുന്‍കൈ എടുക്കണമെന്ന് സതീഷ് പറയുന്നു.