മുൻപെങ്ങുമില്ലാത്തവിധം തമിഴ്നാട്ടിൽ തേങ്ങ വില കുതിച്ചുയർന്നതോടെ അടുക്കളകളിൽ പ്രതിസന്ധി പുകഞ്ഞു തുടങ്ങി. കോയമ്പേട് മൊത്തവിതരണ കേന്ദ്രത്തിൽ തേങ്ങയ്ക്കു കിലോയ്ക്ക് 60–62 രൂപയും ചില്ലറ വിപണിയിൽ 75 രൂപയുമാണു വില. നിലവിലെ സാഹചര്യത്തിൽ തൽക്കാലത്തേക്കു തേങ്ങയെ പടിക്കു പുറത്താക്കാനുള്ള തീരുമാനത്തിലാണു മലയാളി കുടുംബങ്ങൾ. തേങ്ങ ചേർക്കാത്ത വിഭവങ്ങളാണ് ഇപ്പോഴത്തെ ട്രെൻഡ്.
മലയാളികളുടെ പ്രിയപ്പെട്ട വിഭവങ്ങളായ എരിശ്ശേരിയും കൂട്ടുകറിയുമാണു തേങ്ങയുടെ വിലക്കയറ്റത്തിൽ അടുക്കളയിൽനിന്ന് അപ്രത്യക്ഷമായത്. വില കുറയുന്നതു വരെ ഇവയില്ലാതെയും ചോറ് കഴിക്കാമെന്നാണു മിക്ക വീട്ടുകാരും പറയുന്നത്. അവിയൽ ഏറെ ഇഷ്ടപ്പെടുന്നവർക്കും കഷ്ടകാലമാണ്. മറ്റു കറികളൊന്നുമില്ലെങ്കിലും അവിയൽ മാത്രം കൂട്ടി ചോറു കഴിക്കുന്നവർക്കു തേങ്ങവില വല്ലാത്ത ചതിയായി.

തേങ്ങ ഉപയോഗിച്ചുള്ള മോരുകറി, സാമ്പാർ എന്നിവയ്ക്കു പകരം തേങ്ങയില്ലാത്ത കറികളാണ് ഇപ്പോൾ വീടുകളിൽ. മലബാർ മേഖലയിൽ വലിയ പ്രചാരമുള്ള മുളകേഷ്യം എന്ന കറി ഇപ്പോൾ പല വീടുകളിലും വലിയ ഹിറ്റാണ്. തേങ്ങ ചേർക്കാതെ, പരിപ്പിനൊപ്പം ഇളവൻ, മത്തൻ, ചേന, ചേമ്പ് അങ്ങനെ ഏതു ചേർത്തും മുളകേഷ്യം തയാറാക്കാം. തേങ്ങയില്ലാത്ത മോരുകറിയോ മോരു കാച്ചിയതു കൊണ്ടോ തൃപ്തിപ്പെടുകയാണ് മിക്കവരും.
അതേസമയം, പ്രഭാത ഭക്ഷണത്തിനു വലിയ പ്രശ്നങ്ങളില്ലെന്നാണു പൊതുവേ അഭിപ്രായം. ഇഡ്ഡലിക്കും ദോശയ്ക്കും ചമ്മന്തിയും, പുട്ടിനും അപ്പത്തിനും സ്റ്റൂവും വേണമെന്നുള്ളവരെയാണു തേങ്ങവില കാര്യമായി ബാധിച്ചത്. തേങ്ങ അരച്ചുള്ള ചമ്മന്തിക്കു ബദലായി ഉള്ളിച്ചമ്മന്തിയിലേക്കും ഇഡ്ഡലിപ്പൊടിയിലേക്കും മാറിയവരുമുണ്ട്.
