കോടതികളും കേന്ദ്രസർക്കാരും ഇടപെട്ടിട്ടും അമിതഭാരം ചുമന്നാണ് കേരളത്തിലെ കുട്ടികളുടെ സ്കൂൾയാത്ര. ബാഗിന്റെ തൂക്കം ശരീരഭാരത്തിന്റെ പത്തിലൊന്നിൽ കൂടിയാൽ ആരോഗ്യപ്രശ്നമുണ്ടാകും. 30 കിലോയാണ് കുട്ടിക്ക് ഭാരമെങ്കിൽ പുസ്തകങ്ങളടക്കം ബാഗ് മൂന്നു കിലോയിൽ കൂടരുത്. സ്വന്തം ഭാരത്തിന്റെ 25 ശതമാനം പേറുകയാണ് അവർ.
അമിതഭാരം വരുത്തുന്ന ദോഷങ്ങൾ ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതിയടക്കം ഉത്തരവിറക്കിയിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം 2020 ഡിസംബറിൽ മാർഗരേഖയിറക്കി. പുസ്തകങ്ങൾ വിവിധ വാല്യങ്ങളാക്കുക, ചെറിയ ക്ലാസിലെ പുസ്തകങ്ങളും ബുക്കുകളും സ്കൂളിൽ സൂക്ഷിക്കുക, ഒന്നും രണ്ടും ക്ലാസുകളിൽ ഹോംവർക്ക് ഒഴിവാക്കുക, ഉച്ചഭക്ഷണവും വെള്ളവും സ്കൂളുകളിൽ ഒരുക്കുക തുടങ്ങിയവയായിരുന്നു നിർദ്ദേശങ്ങൾ
മഹാരാഷ്ട്രയിൽ ഒരു പുസ്തകം
മഹാരാഷ്ട്രയിൽ ഒന്നു മുതൽ എട്ടുവരെ ക്ലാസുകാർക്ക് വിഷയങ്ങൾ സംയോജിപ്പിച്ച്, ഒരു ടേമിൽ ഒരു പുസ്തകവും ഒരു ബുക്കും മാത്രം.ഭാരം അരക്കിലോ ! മദ്ധ്യപ്രദേശ് ഈ വർഷം മുതൽ ആഴ്ചയിൽ ഒരുദിവസം ബാഗില്ലാ ദിനമാക്കും. അന്ന് കായിക, സംഗീതക്ലാസുകളും മറ്റുമാകും.2. കേരളത്തിൽ ചില പുസ്തകങ്ങൾ രണ്ടോ മൂന്നോ വാല്യങ്ങളാക്കിയെങ്കിലും കാര്യമായി ഭാരം കുറഞ്ഞില്ല. കേന്ദ്ര സിലബസ് സ്കൂളുകളിലും സ്ഥിതി വ്യത്യസ്തമല്ല. ഓരോ വാല്യവും 60 പേജിൽ നിജപ്പെടുത്തണമെന്ന ഹൈക്കോടതി നിർദ്ദേശവും ബുക്കിലും പുസ്തകത്തിലും ഭാരമെത്രയെന്ന് അച്ചടിക്കണമെന്ന കേന്ദ്രനിർദ്ദേശവും അവഗണിച്ചു. 120 പേജുവരെയുള്ള വാല്യങ്ങളാണ് ഇക്കുറിയും വിതരണം ചെയ്തത്.
എല്ല് മുരടിക്കും
എല്ലുവളർച്ച മുരടിക്കൽ, കടുത്തക്ഷീണം, പേശിവേദന, ശരീരത്തിന്റെ സ്വാഭാവിക വളവിൽ വ്യതിയാനം, തോളെല്ല് വേദന, പുറംവേദന, ശ്വസനപ്രശ്നങ്ങൾ, മാനസികത്തളർച്ച, പഠനത്തിൽ താത്പര്യക്കുറവ് തുടങ്ങിയവ ഉണ്ടാകാം` നടുവേദന പോലുള്ള പ്രശ്നങ്ങളെക്കുറിച്ച് കുട്ടികളുടെ കത്തുകൾ ലഭിക്കുന്നുണ്ട്. വർഷം തോറും പുസ്തകങ്ങൾ പരിഷ്കരിക്കുകയാണ്പരിഹാരം. പുതിയ വിജ്ഞാനം ഉൾപ്പെടുത്തുകയും പഴഞ്ചൻ പാഠങ്ങൾ ഒഴിവാക്കുകയും ചെയ്യുമ്പോൾ പുസ്തകത്തിന് കനം കുറയും.