ന്യൂസിലാന്റിലേക്ക് അനധികൃത നഴ്‌സിങ് റിക്രൂട്ട്‌മെന്റ്‌; മുന്നറിയിപ്പുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ന്യൂസിലാന്റിലേക്കുള്ള അനധികൃത നഴ്‌സിങ് റിക്രൂട്ട്മെന്റുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി കേന്ദ്രവിദേശകാര്യ മന്ത്രാലയം. കോംപീറ്റൻസി അസെസ്മെന്റ് പ്രോഗ്രാമിലും ( സിഎപി) നഴ്‌സിങ് കൗൺസിൽ രജിസ്ട്രേഷനുമായി കേരളത്തില്‍ നിന്നുള്ള നഴ്സിങ് പ്രൊഫഷണലുകള്‍ വിസിറ്റിങ് വിസയിൽ അനധികൃതമായി ന്യൂസിലന്റിൽ എത്തുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് കേന്ദ്രവിദേശകാര്യമന്ത്രാലയം ജാഗ്രതാനിര്‍ദ്ദേശം നല്‍കിയത്.

ക്യാപിൽ പങ്കെടുക്കാൻ വിസിറ്റിങ് വിസിയ്ക്ക് ഏജന്റുമാർക്ക് വലിയ തുകകളാണ് ഉദ്യോ​ഗാർത്ഥികൾ നൽകുന്നത്. സിഎപി പൂർത്തിയാക്കിയിട്ടും നഴ്‌സിങ് കൗൺസിൽ രജിസ്റ്റർ ചെയ്തശേഷവും അവിടെ ജോലി കണ്ടെത്താൻ ബുദ്ധിമുട്ട് നേരിടുന്നവരുടെ നിരവധി പരാതികൾ ന്യൂസിലാന്റ് വെല്ലിങ്ടണിലെ ഇന്ത്യന്‍ എംബസിക്ക് ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് ജാ​ഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രവിദേശകാര്യ മന്ത്രാലയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ റസിഡന്റ് കമ്മീഷണർമാർക്ക് കത്ത് നൽകിയത്.

കൊവിഡ് മ​ഹാമാരിയെ തുടർന്ന് ന്യൂസിലാന്റിൽ ഉണ്ടായിരുന്ന നഴ്‌സിങ് ക്ഷാമം ഇന്ത്യയിൽ നിന്നും ഫിലിപ്പീൻസിൽ നിന്നുമുള്ള നഴ്സുമാരുടെ വരവോടെ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ അം​ഗീകാരമില്ലാത്ത ഏജന്റുമാരുടെ വാ​ഗ്ദാനങ്ങളിൽ വഞ്ചിതരാകരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ന്യൂസിലാന്റിലെ നഴ്സിങ് മേഖലയിലെ വിസയുടെ ആധികാരികതയെ കുറിച്ചും തൊഴിലുടമയെ കുറിച്ചും pol.wellington@mea.gov.in എന്ന ഇമെയില്‍ ഐഡിയില്‍ ആവശ്യമായ രേഖകള്‍ സഹിതം ബന്ധപ്പെട്ടാല്‍ വിവരങ്ങൾ അറിയാൻ സാധിക്കും. റിക്രൂട്ട്മെന്റ് ഏജന്‍സിയുടെ ആധികാരികത ഉറപ്പാക്കാന്‍ ഇ-മൈഗ്രേറ്റ് (https://emigrate.gov.in) പോര്‍ട്ടല്‍ സന്ദര്‍ശിക്കുക. വിദേശ തൊഴിൽ തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇ-മെയിലുകള്‍ വഴിയും, 0471-2721547 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ വിളിച്ചും അറിയിക്കാവുന്നതാണ്.

Verified by MonsterInsights