നിപ സംശയം: സംസ്ഥാനത്ത് രണ്ടുപേർ നിരീക്ഷണത്തിൽ.

നിപ സംശയിച്ച് മാലൂരിലെ രണ്ടുപേരെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. പ്രത്യേക വാർഡിൽ നിരീക്ഷണത്തിലാക്കി.
ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. സ്രവസാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആസ്പത്രി സൂപ്രണ്ട് ഡോ. കെ. സുദീപ് പറഞ്ഞു.
ലോകത്തെവിടെയും ഭീഷണിയുണ്ടാക്കാവുന്ന രോഗമായാണ് നിപയെ ലോകാരോഗ്യ സംഘടന വിലയിരുത്തുന്നത്. പാരമിക്സോ വിഭാഗത്തിൽപ്പെട്ട ആർ.എൻ.എ. വൈറസ് ആണ് നിപ. ഇവയിൽതന്നെ ബംഗ്ലാദേശ് ബി., മലേഷ്യ എം. എന്നിങ്ങനെ രണ്ട് തരമുണ്ട്. ഇതിൽ ആദ്യത്തെ തരത്തിൽപ്പെട്ട വൈറസുകളാണ് സംസ്ഥാനത്ത് മുമ്പ് കണ്ടെത്തിയിട്ടുള്ളത്. ഈ വൈറസുകൾ 
പഴംതീനികളായ പെടെറോപ്പസ് (Pteropus medius) തരത്തിൽപ്പെട്ട വവ്വാലുകളിൽ, അവയിൽ യാതൊരു രോഗവുമുണ്ടാക്കാതെ കാലങ്ങളായി കഴിഞ്ഞുകൂടും. എപ്പോഴെങ്കിലും അവ വവ്വാലുകളിൽനിന്ന് ആകസ്മികമായി മനുഷ്യരിലെത്തിയാണ് രോഗം ഉണ്ടാക്കുന്നത്.








വവ്വാലിലുള്ള നിപ വൈറസുകൾ അവയുടെ ശരീരസ്രവങ്ങൾ (ഉമിനീർ, ശുക്ലം), മൂത്രം, മലം വഴി വിസർജിക്കപ്പെടുന്നുമുണ്ട്. വവ്വാലുകളുടെയും മനുഷ്യരുടെയും ശരീരത്തിനുപുറപുറത്ത് ഈ വൈറസുകൾക്ക് അതിജീവന സാധ്യത 23 മണിക്കൂറുകൾ മാത്രമേയുള്ളൂ. പഴങ്ങളിൽ ഇവ പരമാവധി മൂന്നുദിവസത്തോളം ജീവിക്കാം.
രോഗാണുക്കൾ പ്രധാനമായും ശ്വാസകോശ സ്തരങ്ങൾ വഴിയാണ് അകത്ത് കടക്കുന്നത്. അവ പെരുകി തലച്ചോറിനെയോ ശ്വാസകോശങ്ങളെയോ ബാധിക്കാം. 2018-ൽ കോഴിക്കോട് ജില്ലയിൽ അൻപത്തിരണ്ടോളം വവ്വാലുകളെ പരിശോധിച്ചപ്പോൾ പത്തെണ്ണത്തിലും (19%) നിപ വൈറസിനെതിരെയുള്ള ആൻറിബോഡി കണ്ടെത്തിയിരുന്നു. കേരളത്തിൽ കണ്ടെത്തിയിട്ടുള്ള പഴംതീനി ബാറ്റ് സ്പീഷിസുകളിൽ, ഏഴ് സ്പീഷിസുകളിൽ സിറം പരിശോധനയിൽ നിപയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.








രോഗമുണ്ടായവരിൽ 70 മുതൽ 100 ശതമാനംവരെ മരണസാധ്യതയുള്ളതിനാൽ കരുതിയിരിക്കേണ്ട രോഗമാണ് ഇത്. ഇതിനെ പ്രതിരോധിക്കാൻ വാക്സിനുകളോ ചികിത്സിക്കാനായി ഔഷധങ്ങളോകണ്ടെത്തിയിട്ടില്ല.

മനുഷ്യരിലെത്താനുള്ളകാരണങ്ങൾ.

വവ്വാലുകളുടെ സ്വാഭാവിക താവളങ്ങൾ നഷ്ടപ്പെടുമ്പോഴും ആവാസവ്യവസ്ഥ കൈയേറ്റം ചെയ്യപ്പെടുമ്പോഴും അവയ്ക്ക് ഭക്ഷ്യക്ഷാമം ഉണ്ടാകുമ്പോഴും ഉണ്ടാകുന്ന ഉത്കണ്ഠകൾ
അവയുടെപ്രതിരോധശേഷി കുറക്കും.അപ്പോൾ അവയിലെ വൈറസുകളുടെ പെരുപ്പം കൂടി വൈറസ് വിസർജനം ഉണ്ടാക്കാം. ഏപ്രിൽ മുതൽ ജൂൺ വരെയാണ് വവ്വാലുകളുടെ പ്രജനനകാലം. ഈ സമയങ്ങളിൽ മുതിർന്ന വവ്വാലുകളിൽ വൈറസ് പെരുപ്പത്തിന് സാധ്യതയുണ്ട്. മിക്കവാറും ഈ സീസണുകളിലാണ് നിപ ഔട്ട്ബ്രെയ്ക് ഉണ്ടായിട്ടുള്ളത്. പറക്കമുറ്റാത്ത വവ്വാൽ കഞ്ഞുങ്ങളും അവയുടെ മൂത്രത്തിലൂടെ കൂടുതൽ വൈറസുകളെ പുറത്തുവിടാൻ സാധ്യതയുണ്ട്. പരിക്ക് പറ്റിയ വവ്വാലുകളെയോ വവ്വാൽ കുഞ്ഞുങ്ങളെയോ വെറും കൈക്കൊണ്ട് തൊടരുത്.











Verified by MonsterInsights