വണ്‍മില്യണ്‍ ഗോള്‍ മത്സരത്തിന് തുടക്കമായി ഫുട്ബോള്‍ ലോകകപ്പിന്റെ ആവേശത്തെ ജില്ലയും നെഞ്ചേറ്റി

ഫുട്ബോളിനോടുള്ള നമ്മുടെ ആവേശം കളിക്കളത്തിലേക്കും പകരാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കം കുറിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. ലോകകപ്പ് ഫുട്ബോള്‍ മേളയുടെ പ്രചാരണാര്‍ഥം സംസ്ഥാന കായിക വകുപ്പ് സംഘടിപ്പിച്ചിരിക്കുന്ന വണ്‍മില്യണ്‍ ഗോള്‍ മത്സരം ജില്ലാ സ്റ്റേഡിയത്തില്‍ ഗോളടിച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

 

കാല്‍പ്പന്ത് കളിയുടെ ആരവത്തിലേക്ക് ലോകം കാതോര്‍ക്കെ, ഫുട്ബോള്‍ ലോകകപ്പിന്റെ ആവേശത്തെ ജില്ലയും നെഞ്ചേറ്റിയിരിക്കുകയാണ്. അടിസ്ഥാനപരമായ പരിശീലനം മുതല്‍ മികവുള്ള താരങ്ങളെ വാര്‍ത്തെടുക്കുന്നതിന് ജില്ലയിലെ അഞ്ച് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഫുട്ബോള്‍ പരിശീലനം നടത്തുന്നത്. ഫുട്ബോള്‍ അതിമനോഹരമായ കലയും മതവുമാണ്. രാജ്യങ്ങളുടേയും ഭാഷയുടേയും സംസ്‌കാരത്തിന്റേയും ഭേദങ്ങളില്ലാതെ മനുഷ്യരെ ഒന്നിപ്പിക്കുന്ന മാസ്മരികമായിട്ടുള്ള ഒന്നാണ് ഫുട്ബോള്‍.

നമ്മുടെ കണ്ണുകളും കാതുകളും ദോഹയിലെ കളിക്കളത്തിലാണ്. ഓരോ ചലനവും ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ ആവേശം കേരളത്തിലെ കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലും അലയടിക്കുന്നുണ്ട്. പത്തനംതിട്ട ജില്ലയെ സംബന്ധിച്ചിടത്തോളം ഈ ഘട്ടം വളരെ പ്രധാനപ്പെട്ടതാണ്. ജില്ല ഫുട്ബോളിലേക്ക് അതിശക്തമായി തിരിച്ച് വരികയാണെന്നും അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും അഭിനന്ദനം അര്‍പ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, ഡിവൈഎസ്പി എസ്. നന്ദകുമാര്‍, കോച്ച് കെ.ടി ജോര്‍ജ്, സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി അമല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 
Verified by MonsterInsights