യൂറോ കപ്പ് ഫുട്ബോളിലെ ആവേശപ്പോരാട്ടത്തിൽ ഓസ്‌ട്രിയയെ 2–1നു തോൽപിച്ച് തുർക്കി ക്വാർട്ടറിൽ. ഒന്നാംമിനിറ്റിൽ ആദ്യ ഗോൾ വീണതു മുതൽ കളി തീരുന്നതു വരെ ആവേശം നിറഞ്ഞതായിരുന്നു മത്സരം. ഡിഫൻഡർ മെറിഹ് ഡെമിറലാണ് തുർക്കിയുടെ 2 ഗോളും നേടിയത്.കോർണർ ക്ലിയർ ചെയ്യാൻ ഓസ്ട്രിയൻ താരങ്ങൾ പരാജയപ്പെട്ടതു മുതലെടുത്താണ് കളിയുടെ തുടക്കത്തിൽ തന്നെ സൗദി പ്രോ ലീഗ് ക്ലബ് അൽ അഹ്‍ലിയുടെ താരമായ ഡെമിറൽ ലക്ഷ്യം കണ്ടത്. 59–ാം മിനിറ്റിൽ കോർണറിൽ നിന്നുള്ള
ഹെഡറിലൂടെ രണ്ടാം ഗോളും നേടി.
ഗോൾ മടക്കാൻ അധ്വാനിച്ചു കളിച്ച ഓസ്‌ട്രിയയുടെ ശ്രമം ഫലം കണ്ടത് 66–ാം മിനിറ്റിൽ. കോർണറിൽ നിന്നു കിട്ടിയ അവസരത്തിൽ മൈക്കൽ ഗ്രിഗോറിഷ് ലക്ഷ്യം കണ്ടു. എന്നാൽ പൊരുതിക്കളിച്ചെങ്കിലും സമനില ഗോൾ നേടാൻ ഓസ്ട‌്രിയയ്ക്കായില്ല. ശനിയാഴ്ച ക്വാർട്ടർ ഫൈനലിൽ തുർക്കി നെതർലൻഡ്സിനെ നേരിടും