പച്ചക്കറികള്‍ വേവിച്ച് കഴിയ്ക്കാനും വേവിക്കാതെ കഴിയ്ക്കാനും ഇഷ്ടപ്പെടുന്നവരുണ്ട്. എന്നാല്‍ ഇതില്‍ ഏതാണ് കൂടുതല്‍ ഗുണപ്രദം എന്നറിയണ്ടേ. സംശയമില്ല വേവിക്കാതെ കഴിയ്ക്കുന്ന പച്ചക്കറികള്‍ക്ക് തന്നെയാണ് ഗുണം കൂടുതല്‍. അസംസ്‌കൃത പച്ചക്കറികള്‍ അല്ലെങ്കില്‍ വേവിക്കാത്ത പച്ചക്കറികള്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണപ്രദമാണെന്ന് പണ്ടുകാലംമുതലേ പറഞ്ഞുവരുന്ന കാര്യമാണ്.
വേവിക്കാത്ത പച്ചക്കറികള്‍ എങ്ങനെ ഗുണപ്രദമാകുന്നു
- വേവിച്ച പച്ചക്കറികളെ അപേക്ഷിച്ച് വേവിക്കാത്ത പച്ചക്കറികളില്‍ കൂടുതല്‍ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ചൂടാക്കുമ്പോള്‍ വിറ്റാമിന്‍ സി പോലെയുളള പോഷകങ്ങള്‍ നഷ്ടപ്പെടും.
- വേവിക്കാത്ത പച്ചക്കറികളില്‍ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ടാവും.
- ഇവ ആന്റി ഓക്‌സിഡന്റുകളുടെ കലവറയായതുകൊണ്ടുതന്നെ രോഗങ്ങള്‍ വരാതെയിരിക്കാന്‍ സഹായിക്കുന്നു
- പച്ചക്കറികള്‍ പാചകം ചെയ്യുമ്പോള്‍ അവയിലെ പ്രകൃതിദത്ത എന്‍സൈമുകള്‍ നശിക്കാനിടയാകുന്നു. പ്രകൃതിദത്ത എന്‍സൈമുകള്‍ ദഹനത്തെ സഹായിക്കുന്നവയാണ്.
- വേവിക്കാത്ത പച്ചക്കറികളില്‍ കലോറി കൂടുതലാണ്.
- ഇവയിലടങ്ങിയിരിക്കുന്ന നാരുകള്‍ മലബന്ധം തടയുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.

പച്ചക്കറികള്‍ വേവിക്കാതെ കഴിയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വേവിക്കാത്ത പച്ചക്കറികള്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്നു പറയുന്നതുപോലെതന്നെ പച്ചക്കറികള്‍ വേവിക്കാതെ കഴിയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുമുണ്ട്. പച്ചക്കറികളിലെ ബാക്ടീരിയകളെക്കുറിച്ചും കീടനാശിനികളെക്കുറിച്ചുമൊക്കെയുള്ള പേടികൊണ്ടാണ് പലരും പച്ചയ്ക്ക് കഴിയ്ക്കുന്നതിനോട് വിയോജിപ്പ് കാണിക്കുന്നത്. ചില ശുചിത്വ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ വേവിക്കാത്ത പച്ചക്കറികള്‍ ആരോഗ്യത്തിന് ഹാനികരമാകും. ഇകോളി , സാല്‍മൊണെല്ല തുടങ്ങിയ രോഗകാരികളുണ്ടാക്കുന്ന അപകടങ്ങള്‍ പോലെതന്നെ കൃഷിയിടങ്ങളില്‍ തളിയ്ക്കുന്ന കീടനാശിനികള്‍ ക്യാന്‍സര്‍ പോലുളള അവസ്ഥകളിലേക്ക് നയിച്ചേക്കാം.

വേവിക്കാതെ കഴിയ്ക്കരുതാത്ത പച്ചക്കറികള്‍
പച്ചക്കറികള്‍ പച്ചയ്ക്ക് കഴിയ്‌ക്കേണ്ടതിന്റെ ഗുണങ്ങള്‍ പറഞ്ഞുകഴിഞ്ഞു. എന്നാല്‍ ചില പച്ചക്കറികള്‍ ഒരിയ്ക്കലും വേവിക്കാതെ കഴിയ്ക്കരുത് . അവ ഏതൊക്കെയാണെന്ന് നോക്കാം.
വഴുതനങ്ങ, ചുരയ്ക്ക അതുപോലെ ഉരുളക്കിഴങ്ങ് പോലെയുള്ളവ ഒന്നും വേവിക്കാതെ കഴിയ്ക്കരുത്. വഴുതനങ്ങയിലും ഉരുളക്കിഴങ്ങിലും അടങ്ങിയിരിക്കുന്ന സോളനൈന്‍ എന്ന രാസവസ്തു തലവേദന, ഓക്കാനം, ഛര്‍ദ്ദി എന്നിവയ്ക്ക് കാരണമാകും. ചുരയ്ക്ക പാകംചെയ്യാതെ കഴിച്ചാല്‍ പലതരം ഉദരരോഗങ്ങള്‍ ഉണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
