‘പകല്‍ സമയത്തെ വൈദ്യുതി നിരക്ക് കുറയ്ക്കുന്നത് പരിഗണനയില്‍’; മന്ത്രി കെ. കൃഷ്ണന്‍കുട്ടി

പകല്‍ സമയത്തെ വൈദ്യുതി നിരക്ക് കുറയ്ക്കാനൊരുങ്ങി സർക്കാർ. വൈദ്യുതി നിരക്ക് കുറയ്ക്കുന്ന കാര്യം പരിഗണനയിലാണെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. കൂടുതല്‍ സോളാര്‍, ജല വൈദ്യുത പദ്ധതികള്‍ വഴി സംസ്ഥാനത്തെ വൈദ്യുതി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ചുരുങ്ങിയ ചെലവില്‍ കേരളത്തില്‍ തന്നെ വൈദ്യുതി ഉത്പാദിപ്പിക്കുകയും അതുവഴി അധിക പണത്തിനു വൈദ്യുതി വാങ്ങുന്ന സ്ഥിതി ഒഴിവാക്കാനാവുമെന്നും ചെങ്ങന്നൂര്‍ വൈദ്യുതി ഭവന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.

‘സംസ്ഥാനത്തുടനീളം തടസ്സമില്ലാത്ത വൈദ്യുതി പ്രവാഹം ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്. അതുവഴി കൂടുതല്‍ വ്യവസായങ്ങള്‍ കേരളത്തിലേക്ക് എത്തിക്കാന്‍ കഴിയും. വൈദ്യുതി ജീവനക്കാര്‍ക്കുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ സുരക്ഷിതമായ കവചിത കണ്ടക്ടറുകള്‍ സ്ഥാപിച്ചുവരികയാണ്. ഇടുക്കി ഡാമില്‍ നിന്നും 800 മെഗാവാട്ട് അധികമായി ഉത്പ്പാദിപ്പിക്കാനുള്ള പദ്ധതി കേന്ദ്ര അനുമതി ലഭ്യമായാല്‍ നടപ്പാക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്ന പള്ളിവാസല്‍, ശബരിഗിരി വൈദ്യുതി പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും’- മന്ത്രി വ്യക്തമാക്കി.

ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രിയും ചെങ്ങന്നൂര്‍ എം.എല്‍.എ.യുമായ സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. കൊടിക്കുന്നില്‍ സുരേഷ് എം.പി. മുഖ്യതിഥിയായി. ചീഫ് എന്‍ജിനീയര്‍ ജയിംസ് ജോര്‍ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 28 സെന്റ് സ്ഥലത്ത് മൂന്ന് നിലകളില്‍ എണ്ണായിരം ചതുരശ്ര അടിയില്‍ നിര്‍മിച്ചിട്ടുളള പുതിയ വൈദ്യുതി ഭവനില്‍ ചെങ്ങന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍, ഇലക്ട്രിക്കല്‍ സബ് ഡിവിഷന്‍, ഇലക്ട്രിക്കല്‍ ഡിവിഷന്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കും.

Verified by MonsterInsights