പകർച്ചവ്യാധി പ്രതിരോധം: വീട്, സ്ഥാപനങ്ങൾ എന്നിവയുടെ സമീപത്തെ പുല്ലും കുറ്റിച്ചെടികളും വെട്ടിനശിപ്പിക്കണം

ആലപ്പുഴ: ജില്ലയിൽ ചിലയിടങ്ങളിൽ  ചെള്ളുപനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് കളക്ട്രേറ്റിൽ പ്രത്യേക യോഗം ചേർന്നു.  
യോഗത്തിൽ ചർച്ച ചെയ്തു. ആഹാര അവശിഷ്ടങ്ങൾ വലിച്ചെറിയാതെ സുരക്ഷിതമായി സംസ്‌കരിക്കണം. വീട്, സ്ഥാപനങ്ങൾ എന്നിവയുടെ പരിസരത്തെ പുല്ലും കുറ്റിച്ചെടികളും വെട്ടി നശിപ്പിക്കണം. വസ്ത്രങ്ങൾ വേലിയിലും നിലത്തും ചെടികളുടെ മുകളിലും ഇട്ട് ഉണക്കരുത്. പുല്ലുവെട്ടി വൃത്തിയാക്കുന്ന ജോലി ചെയ്യുന്നവരും അത്തരം സാഹചര്യങ്ങളിൽ ഇടപെടുന്നവരും ഗംബൂട്ട്, കൈയ്യുറ തുടങ്ങിയ വ്യക്തിഗത സുരക്ഷാമാർഗങ്ങൾ സ്വീകരിക്കണം. ഇത്തരം ജോലി ചെയ്യുന്നവരും രോഗം റിപ്പോർട്ട് ചെയ്യുന്ന സ്ഥലങ്ങളിൽ പോകുന്നവരും സോപ്പും ചൂടുവെള്ളവുമുപയോഗിച്ച് ശരീരം നന്നായി തേച്ചുകുളിക്കണം. ഡെങ്കിപ്പനി, എലിപ്പനി, സ്‌ക്രബ് ടൈഫസ് (ചെള്ളുപനി) എന്നിവയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ നടപ്പാക്കേണ്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്തു.രോഗബാധിതരുള്ള വീട്, പരിസരങ്ങൾ എന്നിവിടങ്ങളിൽ ജില്ല വെക്ടർ കണ്ട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ രോഗനിരീക്ഷണം ശക്തമാക്കാനും ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും യോഗത്തിൽ നിർദേശിച്ചു.

സ്‌കൂളുകൾ കേന്ദ്രീകരിച്ച് ബോധവത്കരണം നടത്താൻ തീരുമാനിച്ചു. സ്‌കൂളുകളിൽ ബോധവത്കരണ ക്ലാസ് നടത്തും. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ യഥാക്രമം സ്‌കൂളുകൾ, സ്ഥാപനങ്ങൾ, വീടുകൾ എന്നിവിടങ്ങളിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തും. പഞ്ചായത്ത് തലത്തിൽ കുടുംബശ്രീയുടെ സഹകരണത്തോടെയാണ് വീടുകളിലെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തേണ്ടത്. പഞ്ചായത്ത്/തദ്ദേശ സ്ഥാപനങ്ങൾ ആരോഗ്യ വകുപ്പുമായി സഹകരിച്ച് മൈക്ക് അനൗൺസ്‌മെന്റ്, നോട്ടീസ് വിതരണം അടക്കമുള്ള ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തണം. ജില്ലയിലെ പകർച്ചവ്യധി പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ എ.ഡി.എം. എസ്. സന്തോഷ്‌കുമാറിന്റെ അധ്യക്ഷതയിലാണ് കളക്ട്രേറ്റിൽ യോഗം ചേർന്നത്. യോഗത്തിൽ ജില്ല മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.ജമുന വർഗീസ്, എൽ.സി.ജി.ഡി. ജോയിന്റ് ഡയറക്ടർ പ്രദീപ് കുമാർ, ആരോഗ്യ വകുപ്പിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും ഉദ്യോഗസ്ഥർ  തുടങ്ങിയവർ പങ്കെടുത്തു.

 
Verified by MonsterInsights