പാലക്കാട് ധോണി നിവാസികളുടെ പേടി സ്വപ്നമായിരുന്ന PT സെവൻ എന്ന കാട്ടാന ഇനിമുതൽ നാടിന്റെ പേരിൽ അറിയപ്പെടും. PT സെവന്റെ പേര് ധോണി എന്ന് മാറ്റിയതായി വനം മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. വനംവകുപ്പിന്റെ നേതൃത്വത്തിൽ ആനയെ പിടികൂടി കൂട്ടിലടച്ചതിനു പിന്നാലെയാണ് പേരുമാറ്റം. ധോണി ഫോറസ്റ് സ്റ്റേഷനിലെ കൂട്ടിലേക്കാണ് ആനയെ മാറ്റിയത്.
മന്ത്രി എംബി രാജേഷിനൊപ്പമാണ് ശശീന്ദ്രൻ ധോണി ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിയത്. PT സെവനെ വനം വകുപ്പിന്റെ സ്വത്തായി സംരക്ഷിക്കുമെന്ന് മന്ത്രി പറഞ്ഞു. ദൗത്യത്തിൽ പങ്കാളിയായവരെ മന്ത്രി അഭിനന്ദിച്ചു. കാട്ടാനയെ കുങ്കിയാനയാക്കി മാറ്റാനാണ് തീരുമാനം.
പി ടി സെവനുമായുള്ള വനം വകുപ്പിന്റെ ലോറി പന്ത്രണ്ടരയോടെയാണ് ഫോറസ്റ് സ്റ്റേഷനിൽ എത്തിച്ചത്. ആനയെ മയക്കുവെടിവെച്ച് പിടികൂടാൻ രാവിലെ അഞ്ചേമുക്കലോടെയാണ് ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘം വനത്തിനു ഉള്ളിൽ പ്രവേശിച്ചത്. കോർമ വന മേഖലയിൽ നിലയുറപ്പിച്ച ആനയെ ഏഴേകാലോടെ മയക്കുവെടിവെച്ചു വീഴ്ത്തി.