ഭിന്നശേഷിക്കാരുടെ ലോകത്തെ ഏറ്റവും വലിയ കായികോത്സവമായ പാരലിമ്പിക്സിന് ഫ്രാൻസിലെ പാരിസിൽ വർണാഭമായ തുടക്കം. ഇന്ത്യൻസമയം ബുധനാഴ്ച രാത്രി 11.30-ന് തുടങ്ങിയ ചടങ്ങ് പുലർച്ചെ രണ്ടര വരെ നീണ്ടു. സെപ്റ്റംബർ എട്ടുവരെ നീളുന്ന ഗെയിംസിൽ നാലായിരത്തിലേറെ താരങ്ങളാണ് പങ്കെടുക്കുന്നത്. ഇന്ത്യൻ ടീമിൽ 84 പേരുണ്ട്. ജാവലിൻ താരം സുമിത് ആന്റിൽ, വനിതാ ഷോട്ട്പുട്ടർ ഭാഗ്യശ്രീ ജാദവ് തുടങ്ങിയവരാണ് മാർച്ച് പാസ്റ്റിൽ ഇന്ത്യൻ സംഘത്തെ നയിച്ചത്.
പാരലിമ്പിക്‌സ് ഉദ്ഘാടനത്തിന് മുന്നോടിയായി ദീപശിഖയേന്തിയത് ഇതിഹാസതാരം ജാക്കി ചാനായിരുന്നു. മൂന്ന് മണിക്കൂര്‍ നീണ്ടതായിരുന്നു പാരലിമ്പിക്‌സ് ഉദ്ഘാടന ആഘോഷം. ജാക്കി ചാന്റെ വരവ് പാരീസിനെ പുളകമണിയിച്ചു. വെള്ള ജഴ്‌സിയും സണ്‍ഗ്ലാസുമായിരുന്നു വേഷം. ഫ്രഞ്ച് നടി എല്‍സ സില്‍ബര്‍സ്റ്റെയ്ന്‍, നൃത്തകന്‍ ബെഞ്ചമിന്‍ മില്ലേപിയഡ്, റാപ്പര്‍ ജോര്‍ജിയോ എന്നിവരും ദീപശിഖയേന്തി കൂടെയുണ്ടായിരുന്നു.
96 സ്വർണവും 60 വെള്ളിയും 51 വെങ്കലവുമടക്കം 207 മെഡൽ നേടി ചൈനയായിരുന്നു 2021 പാരാലിമ്പിക്‌സിൽ ഒന്നാമത്. 41 സ്വർണവും 38 വെള്ളിയും 45 വെങ്കലവുമായി 124 മെഡലുമായി ബ്രിട്ടൺ രണ്ടാം സ്ഥാനത്തെത്തി. 5 സ്വർണവും 8 വെള്ളിയും 6 വെങ്കലവുമടക്കം 19 മെഡൽ നേടി ഇന്ത്യ 21-ാം സ്ഥാനത്തായിരുന്നു.