കേന്ദ്ര സർക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ട്രെയിനി തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ന് മുതലാണ് അപേക്ഷകൾ സ്വീകരിച്ച് തുടങ്ങുന്നത്. ഈ തസ്‌തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത് എഴുത്ത് പരീക്ഷയിലൂടെ ആയിരിക്കില്ല. ഏപ്രിൽ 30 ആണ് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി.
അപേക്ഷിക്കുന്നവരിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരെ അഭിമുഖത്തിനായി ക്ഷണിക്കും. നിലവിൽ 400 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. തിരഞ്ഞെടുക്കുന്നവർക്ക് പരിശീലന കാലം പൂർത്തിയാക്കിയ ശേഷം പ്രൊമോഷൻ ഉൾപ്പെടെയുണ്ടാകും. ഈ ജോലിയിൽ പ്രവേശിക്കുന്നവർക്ക് കരിയർ വളർച്ചയ്‌ക്കും വികസനത്തിനും മികച്ച അവസരങ്ങൾ ലഭിക്കുമെന്നാണ് ഔദ്യോഗിക വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ളത്.

“npcilcareers.co.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഗേറ്റ് 2023, 2024, 2025 സ്‌കോറുകൾ നേടിയ ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ഇതിൽ അപേക്ഷകൾ സമർപ്പിക്കാൻ അർഹതയുള്ളു. 2022നോ അതിന് മുൻപോ ഉള്ള ഗേറ്റ് സ്‌കോറുകൾ ഇതിനായി പരിഗണിക്കില്ല. ജനറല്‍ / ഇ ഡബ്ല്യു എസ് / ഒബിസി വിഭാഗങ്ങളിൽപ്പെട്ട പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ 500 രൂപയും ബാധകമായ ബാങ്ക് ചാര്‍ജുകളും ഉള്‍പ്പടെയുള്ള അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടതുണ്ട്.
അപേക്ഷാ ഫീസ് ഇന്ന് (ഏപ്രിൽ പത്ത് ) രാവിലെ മുതൽ ഏപ്രിൽ 30 വൈകിട്ട് നാല് മണിവരെ അടയ്‌ക്കാവുന്നതാണ്. എസ് സി/എസ് ടി, ബെഞ്ച്മാര്‍ക്ക് വൈകല്യമുള്ളവര്‍, മുന്‍ സൈനികര്‍, ഡിഒഡിപികെഐഎ, വനിതാ ഉദ്യോഗാര്‍ത്ഥികള്‍, എന്‍ പി സി ഐ എല്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് അപേക്ഷാ ഫീസില്ല.
