തേങ്ങയുടെയും കൊപ്രയുടെയും വില കുതിച്ചുയരുമ്പോൾ പകച്ച് വെളിച്ചെണ്ണവിപണി. ദിവസംതോറും വിലകൂടുന്നത് ചെറുകിട വെളിച്ചെണ്ണമില്ലുകളെ പ്രതിസന്ധിയിലാക്കി. ഇത് മുതലെടുത്ത് മായംകലർന്ന വെളിച്ചെണ്ണയും വിപണിയിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി.
തിങ്കളാഴ്ചത്തെ വെളിച്ചെണ്ണവില ലിറ്ററിന് 350 രൂപയാണ്. ഒരുവർഷംകൊണ്ട് കൂടിയത് ഇരട്ടിയോളം. പച്ചത്തേങ്ങയ്ക്ക് കിലോയ്ക്ക് 68 രൂപയും കൊപ്രവില ക്വിന്റലിന് 21,000 രൂപയും കടന്നതോടെ വെളിച്ചെണ്ണ ഉത്പാദകർക്ക് പ്രവർത്തനമൂലധനത്തിൽ വലിയ വർധനവന്നു. നീര ഉത്പാദനം ലക്ഷ്യമാക്കി രൂപവത്കരിച്ച നാളികേര ഉത്പാദകക്കമ്പനികളിൽ ചിലതൊക്കെ ഇപ്പോൾ പിടിച്ചുനിൽക്കുന്നത് വെളിച്ചെണ്ണ ഉത്പാദിപ്പിച്ചാണ്. കൂടാതെ സഹകരണസ്ഥാപനങ്ങളും വെളിച്ചെണ്ണമില്ലുകൾ നടത്തുന്നുണ്ട്. ഇവയെല്ലാം നിലവിൽ കടുത്തപ്രതിസന്ധിയാണ് നേരിടുന്നത്.
പണം ചെലവഴിച്ചാലും ആവശ്യത്തിന് തേങ്ങകിട്ടാത്ത സ്ഥിതി. ഇന്നത്തെ തേങ്ങവിലവെച്ച്, ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് 345 രൂപ ഉത്പാദനച്ചെലവ് വരുമെന്ന് വടകര കോക്കനട്ട് കമ്പനി ചെയർമാൻ ഇ. ശശീന്ദ്രൻ പറഞ്ഞു. വിപണിയിലെത്തുമ്പോൾ വില വീണ്ടും കൂടും. വലിയതോതിലുള്ള ഉത്പാദനവും ഇപ്പോൾ സാധ്യമാകുന്നില്ല. വില കുറയുമോ എന്ന ആശങ്കകാരണം പലമില്ലുകളും കുറച്ച് തേങ്ങമാത്രം വാങ്ങിയാണ് ഉത്പാദനം. ഇതിനാണെങ്കിൽ പഴയപോലെ വിപണിയുമില്ല. വടകര കോക്കനട്ട് കമ്പനി നേരത്തേ 20,000 ലിറ്റർ വെളിച്ചെണ്ണ മാസം വിതരണം ചെയ്തിരുന്നു. ഇപ്പോൾ ഇത് പതിനായിരമായി കുറഞ്ഞു.

വ്യാജൻവരുന്ന വഴി
വെളിച്ചെണ്ണയുടെ വിലക്കയറ്റമാണ് വ്യാജന്മാർ മുതലെടുക്കുന്നത്. വിലകുറഞ്ഞ വെളിച്ചെണ്ണ ഏതാണെന്നാണ് ഇപ്പോൾ പലരും അന്വേഷിക്കുന്നത്. ഇതോടെ നല്ല വെളിച്ചെണ്ണ പുറത്തായി. ഓഫറുകളെന്നപേരിൽ വിലകുറച്ച് വെളിച്ചെണ്ണ വിൽക്കുന്നുണ്ട്. ഇതിലെല്ലാം വ്യാജന്റെ സാന്നിധ്യമുണ്ടെന്നാണ് സംശയം. വ്യാജവെളിച്ചെണ്ണ വിപണികീഴടക്കുന്നതായി ചൂണ്ടിക്കാണിച്ച് അടുത്തിടെ കേരഫെഡ് രംഗത്തെത്തിയിരുന്നു.
പാം കെർണൽ ഓയിലും മറ്റ് വിലകുറഞ്ഞ എണ്ണചേർത്തതുമായ വെളിച്ചെണ്ണയാണ് വ്യാജനിൽ മുമ്പൻ. ശ്രീലങ്കയിൽനിന്നും മറ്റും ഇറക്കുമതിചെയ്യുന്ന തേങ്ങാപ്പിണ്ണാക്ക് ലായകം ഉപയോഗിച്ച് വീണ്ടും ആട്ടിയെടുക്കുന്ന എണ്ണ ചേർത്തുവരുന്ന വെളിച്ചെണ്ണയുമുണ്ട്. പക്ഷേ, നിശ്ചിത അളവിലാണെങ്കിൽ ഇതൊന്നും പരിശോധനയിൽ കണ്ടെത്താനാകില്ല. പെട്രോളിയം ഉപോത്പന്നമായ പാരഫിൻ ഓയിലാണ് മറ്റൊരു മായം. ഇതാണ് ആരോഗ്യത്തിന് വലിയഭീഷണി.
