പരമ്പരാഗത പിൻകോഡുകളിൽ നിന്നും വ്യത്യസ്തമായി ഓരോ മേൽവിലാസത്തിനും പ്രത്യേക DIGIPIN സംവിധാനവുമായി തപാൽ വകുപ്പ്. മേൽവിലാസക്കാരന്റെ കൃത്യമായ ലൊക്കേഷൻ ലഭ്യമാക്കുന്ന സംവിധാനമാണിത്. ഐഐടി ഹൈദരാബാദ്, ഐഎസ്ആർഒ എന്നിവയുടെ സഹകരണത്തോടെയാണ് തപാൽ വകുപ്പ് ആൽഫാന്യൂമെറിക് കോഡ് വികസിപ്പിച്ചെടുത്തത്. https://dac.indiapost.gov.in/mydigipin/home സന്ദർശിച്ചാൽ ഉപയോക്താക്കൾക്ക് സ്വന്തം മേൽവിലാസത്തിന്റെ DIGIPIN ലഭിക്കും.
എന്താണ് DIGIPIN?
ജിയോകോഡഡ് അഡ്രസിംഗ് സിസ്റ്റമാണ് ഡിജിപിൻ. ഇത് ഇന്ത്യയെ ഏകദേശം 4 മീറ്റർ x 4 മീറ്റർ ഗ്രിഡുകളായി (വീടുകൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ മുതലായവ) വിഭജിക്കുകയും അക്ഷാംശ, രേഖാംശങ്ങളെ അടിസ്ഥാനമാക്കി ഓരോ ഗ്രിഡിനും 10 അക്ഷരങ്ങളും അക്കങ്ങളും ചേർന്ന കോഡ് നൽകുകയും ചെയ്യുന്നു.
പ്രധാന നേട്ടങ്ങൾ:
മേൽവിലാസത്തിന് പകരം ഡിജിപിൻ ഉപയോഗിക്കാം. പ്രദേശം, തെരുവ്, വീട്ടു നമ്പറുകൾ എന്നിവ ചേർന്നതാണ് ഒരു സാധാരണ തപാൽ വിലാസം. പ്രദേശികമായ പരിചയം വച്ചാണ് പോസ്റ്റുമാൻ മിക്കപ്പോഴും വിലാസം കണ്ടെത്തുന്നത്. എന്നാൽ ഡിജിപിന്നിലൂടെ സ്ഥലത്തിന്റെ കൃത്യമായ സ്ഥാനം തിരിച്ചറിയാൻ സാധിക്കും.
സ്വകാര്യ ഏജൻസികൾക്കും ഡിജിപിൻ സഹായകമാകും. ഓൺലൈൻ ഡെലിവറികളും അടിയന്തര സേവനങ്ങളുടെയും കാര്യക്ഷമത വർദ്ധിക്കും.
ഡിജിപിന്നിൽ വ്യക്തിഗത വിവരങ്ങൾ ലഭിക്കില്ല. ഇതിലൂടെ ലൊക്കേഷൻ മാത്രമേ ലഭിക്കൂ.
ഡിജിപിൻ ഓഫ്‌ലൈനിലും ഉപയോഗിക്കാം
DIGIPIN ഉപയോഗിച്ചാൽ തപാൽ വിലാസം മാറുമോ?
തപാൽ വിലാസം അതേപടി തുടരും. തപാൽ വിലാസത്തിനൊപ്പമുള്ള അധിക സംവിധാനമാണിത്. ഡിജിപിൻ വ്യാപകമാകുന്നതോടെ അഞ്ചും ആറും വരിയുള്ള തപാൽ വിലാസത്തിന്റെ ആവശ്യകത കുറയും.
