വാഹന പരിശോധനയ്ക്കിടെ പിഴയുടെ പേരിൽ വൻ തുക പൊലീസ് ഈടാക്കിയതായി പരാതി. റിട്ടയേർഡ് ഡിഎഫ്ഒ ആണ് മകനുണ്ടായ അനുഭവം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ജനുവരി ഏഴാം തീയതിയാണ് സംഭവം. വാഹന പരിശോധന നടത്തിയ മഞ്ചേരി പൊലീസ് മകന്റെ വാഹനത്തിന് മലിനീകരണ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ 2000 രൂപ പിഴ ഈടാക്കിയെന്ന് ഇദ്ദേഹം പറയുന്നു. 250 രൂപ ഈടാക്കേണ്ട സ്ഥാനത്തായിരുന്നു പൊലീസ് പിടിച്ചുപറി. പിന്നീട് ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ 1750 രൂപ തിരികെ നൽകിയതായും ഇദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഈ കഴിഞ്ഞ ജനുവരി ഏഴാം തീയതി എന്റെ മകൻ ബൈക്കിൽ സഞ്ചരിക്കുമ്പോൾ മഞ്ചേരി പോലീസ് ചെക്കിങ്ങിനു വേണ്ടി കൈ കാണിച്ചു. യാത്ര രേഖകൾ പരിശോധിച്ചപ്പോൾ പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ല എന്ന് ബോധ്യപ്പെട്ടു. ആയതിന്റെ അടിസ്ഥാനത്തിൽ മകൻ എന്നെ ഫോൺ ചെയ്യുകയും പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് 2000 രൂപ ഫൈൻ ഇട്ടിട്ടുണ്ടെന്നും പൈസ അയച്ചു തരാൻ ആവശ്യപ്പെടുകയും ചെയ്തു.
മകന്റെ ആവശ്യപ്രകാരം 2000 രൂപ ഞാൻ അവന്റെ അക്കൗണ്ടിലേക്ക് ഗൂഗിൾ ചെയ്തു. ശേഷം മകന്റെ അക്കൗണ്ടിൽ നിന്ന് വാഹനം പരിശോധിച്ച ഉദ്യോഗസ്ഥനായ മഞ്ചേരി എസ് ഐ അക്കൗണ്ടിലേക്ക് 2000 രൂപ ട്രാൻസ്ഫർ ചെയ്തു. ദിവസങ്ങൾക്കു ശേഷം മൊബൈലിൽ മെസ്സേജ് പരിശോധിക്കുമ്പോൾ പൊലൂഷൻ ഇല്ലാത്തതിന് 250 രൂപയുടെ റസീറ്റ് ശ്രദ്ധയിൽപ്പെട്ടു. ഉടൻതന്നെ മകനെ വിളിച്ചു ശകാരിച്ചു. കാരണം 250 രൂപയുടെ ഫൈൻ അടക്കാൻ എന്തിനാണ് 2000 ഗൂഗിൾ പേ ചെയ്യാൻ പറഞ്ഞത് എന്ന് ചോദിച്ചു.