പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം: വിദ്യാലയങ്ങളിൽ നടന്നത് മൂവായിരത്തിലധികം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം മുഖേന കിഫ്ബി, പ്ലാൻ ഫണ്ട് വഴി മാത്രം വിദ്യാഭ്യാസ മേഖലയിൽ മൂവായിരത്തിൽ അധികം കോടി രൂപയുടെ അടിസ്ഥാന വികസന പ്രവർത്തനമാണ് നടന്നതെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ആഴ്ചവട്ടം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനകർമ്മം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

 

 കിഫ്ബി വഴി മാത്രം രണ്ടായിരത്തി അഞ്ഞൂറ് കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനമാണ് വിദ്യാലയങ്ങളിൽ നടന്നത്. അഞ്ച് കോടി മുതൽ മുടക്കി 141 സ്‌കൂൾ കെട്ടിടങ്ങളും മൂന്ന് കോടി മുതൽ മുടക്കി 386 സ്‌കൂൾ കെട്ടിടങ്ങളും ഒരു കോടി മുതൽ മുടക്കി 446 സ്‌കൂൾ കെട്ടിടങ്ങളും നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. പ്ലാൻ ഫണ്ട് ഉപയോഗിച്ച് 654.45 കോടി രൂപ വകയിരുത്തി 549 സ്‌കൂൾ കെട്ടിടങ്ങൾക്ക് ഭരണാനുമതി ലഭിച്ചതായും മന്ത്രി അറിയിച്ചു.

 

വിദ്യാഭ്യാസ രംഗത്ത് കേരളം വേറിട്ട മാതൃക തീർത്ത് മുന്നേറുകയാണ്. സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന സ്കൂളുകൾ ഹൈടെക് ആയതോടെ പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് കുട്ടികളുടെ ഒഴുക്കാണ്. ഇക്കാലയളവിൽ പത്തര ലക്ഷം പുതിയ കുട്ടികളാണ് പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് എത്തിയതെന്നും മന്ത്രി പറഞ്ഞു. ഈ പ്രവർത്തനം സർക്കാർ തുടരുമെന്നും ഇതിന് ജനപിന്തുണ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം, വിദ്യാകിരണം തുടങ്ങിയ പദ്ധതികൾ പൊതുവിദ്യാഭ്യാസ മേഖലയിൽ വരുത്തിയ മാറ്റങ്ങൾ ചെറുതല്ലെന്നും ലഹരിക്കെതിരെ വിദ്യാർത്ഥികൾ കൈകോർക്കണമെന്നും മന്ത്രി പറഞ്ഞു. 

 

കിഫ്‌ബി ഫണ്ടിൽ നിന്നും മൂന്നു കോടി രൂപ വിനിയോഗിച്ചാണ് ആഴ്ചവട്ടം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നത്.

ചടങ്ങിൽ സ്കൂളിലെ വിദ്യാർത്ഥികൾക്കായി എൻ സി കോയക്കുട്ടി ഹാജി മെമ്മോറിയൽ നൽകുന്ന സൈക്കിളുകളുടെ വിതരണത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. 

 

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനും സാധാരണക്കാരുടെ മക്കൾക്ക് നൂതന വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് സ്കൂളിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിച്ച തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. 

 

സ്കൂളിന്റെ ശതാബ്ദി ആഘോഷത്തിന്റെ പ്രഖ്യാപനം എം കെ രാഘവൻ എം പി നിർവ്വഹിച്ചു. മേയർ ഡോ ബീന ഫിലിപ്പ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഡോ എം.കെ മുനീർ എം എൽ എ വിശിഷ്ടാതിഥിയായിരുന്നു. കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി രേഖ, കൗൺസിലർമാരായ ഓമന മധു, കവിത അരുൺ, എം സി അനിൽകുമാർ, സുധാമണി, ഡി ഇ ഒ കെ പി ധനേഷ്, സിറ്റി ഉപജില്ല എ ഇ ഒ എം ജയകൃഷ്ണൻ, വാർഡ് കൺവീനർ വി കെ മൊയ്‌ദീൻ കോയ, മുൻ എം എൽ എ എ പ്രദീപ്‌ കുമാർ, ഹെഡ്മിസ്ട്രസ് കെ ഹേമലത, പി ടി എ പ്രസിഡന്റ് റഷീദ് അലി, എസ് എസ് ജി ചെയർമാൻ ബാബുരാജ് പതിയേരി, എസ് എം സി ചെയർമാൻ സുനിൽ പൂളേങ്കര, മദർ പി ടി എ പ്രസിഡന്റ് എ സി ബിന്ദു, സ്കൂൾ ചെയർമാൻ അലൻകിംഗ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സ്വാഗതസംഘം ചെയർമാൻ എൻ സി മോയിൻകുട്ടി സ്വാഗതവും ഹെഡ്മാസ്റ്റർ എ ബി അശോക് കുമാർ നന്ദിയും പറഞ്ഞു.

 

 

Verified by MonsterInsights