പ്രകൃതിദത്തമാണെന്ന് അവർ പറയും, വിശ്വസിക്കല്ലേ! തലയിൽ എണ്ണ ഉപയോഗിക്കുന്നത് ശരിയായ രീതിയിലാണോ?

എണ്ണ തേച്ചു കുളി എന്നത് മുടി സംരക്ഷണത്തിന്റെ ഭാഗമാണ്. എന്നാൽ എണ്ണതേച്ചു കുളിക്കുന്നത് മുടിക്കു നല്ലതാണോ? ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിൽ തലയിൽ എണ്ണയുണ്ടാകുന്നത് അത്ര നല്ലതല്ല. പൊടിയും അഴുക്കും തലയോട്ടിയിൽ കൂടൂതൽ അടിഞ്ഞുകൂടാൻ ഇത് കാരണാകും. ഇനി എണ്ണ തേച്ചാൽ തന്നെ അത് താളിയോ വീര്യംകുറഞ്ഞ ഷാംപൂവോ ഉപയോഗിച്ച് കഴുകിക്കളയാൻ ശ്രദ്ധിക്കുകയും വേണം.
മുടിയുടെ തരമറിഞ്ഞ് തലയില്‍ എണ്ണ പുരട്ടണം. ദിവസവും യാത്ര ചെയ്യുന്നവരും പുറത്ത് പോകുന്നവരുമാണെങ്കില്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം മാത്രം എണ്ണ തേയ്ക്കുക. എണ്ണ പുരട്ടേണ്ടത് തലയോട്ടിയില്‍ ആണോ മുടിയില്‍ ആണോ എന്ന് സംശയമുള്ളവരുമുണ്ട്. ചിലരുടെ തലയോട് വളരെ വരണ്ടതാകും, ചുരണ്ടിയാല്‍ ചെറിയ പൊടി പോലെ വരും. ചിലര്‍ക്ക് താരനുണ്ടായിരിക്കും. വരണ്ട തലയോട്ടിയുള്ളവർക്ക് ഏത് തരത്തിലുള്ള എണ്ണയും ഉപയോഗിക്കാം. എന്നാൽ തലയിൽ താരനുള്ളവർ അധികം കട്ടിയില്ലാത്ത എണ്ണ ഉപയോഗിക്കുന്നതാണ് നല്ലത്. മാത്രമല്ല, എണ്ണ ഉപയോഗിച്ചാൽ കഴുകിക്കളയാൻ മറക്കരുത്. ചെമ്പരത്തി, ഉലുവ,പയര്‍ പൊടി എന്നിവയെല്ലാം താളിയായി ഉപയോഗിക്കാം. 

എണ്ണ ഉപയോഗിക്കുന്നതു കൊണ്ടല്ല മുടിവളരുന്നത്. എണ്ണ ഉപയോഗിച്ച് തലയോട്ടിയിൽ നല്ല മസാജ് നൽകുമ്പോൾ രക്തപ്രവാഹം വര്‍ധിക്കുകയും ഇത് മുടി വളരാന്‍ സഹായിക്കുകയും ചെയ്യുന്നു. മാർക്കറ്റിൽ നിന്ന് വാങ്ങുന്ന എണ്ണ പരമാവധി ഒഴിവാക്കുക. എത്രതന്നെ നാച്വറാലാണെന്നു പറഞ്ഞാലും പൂർണമായി വിശ്വസിക്കരുത്. അതുകൊണ്ട് വീട്ടിൽ കാച്ചുന്ന എണ്ണ ഉപയോഗിക്കുക. ഇനി എണ്ണ കാച്ചാൻ ബുദ്ധിമുട്ടാണെങ്കിൽ ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിച്ചാലും മതി. മുടിയിലെ ജട കളഞ്ഞ ശേഷം മാത്രം എണ്ണ പുരട്ടുക. എണ്ണ പുരട്ടിയ ശേഷം മുടി ചീകരുത്. ഇത് മുടികൊഴിച്ചിലിനു കാരണമായേക്കാം. എണ്ണ തലയിൽ പുരട്ടി നന്നായി മസാജ് ചെയ്ത് ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാം. വരണ്ടമുടിയുള്ളവർ എണ്ണ മുടിയിൽ മാത്രം ഇടയ്ക്ക് പുരട്ടുന്നത് മുടിയുടെ അഗ്രം പിളർന്ന് പൊട്ടുന്നതിനുള്ള സാധ്യത കുറയ്ക്കും.

Verified by MonsterInsights