നിലവിൽ ആഴ്ചയിൽ 3 ദിവസം സ്പെഷലായി ഓടിക്കുന്ന ബെംഗളൂരു കന്റോൺമെന്റ്–എറണാകുളം ജംക്‌ഷൻ വന്ദേഭാരത് എക്സ്പ്രസ് (06001/ 06002 പ്രതിദിന സർവീസാക്കണമെന്ന ആവശ്യം ശക്തം. നിലവിൽ ദിവസേന ഇന്റർസിറ്റി മാത്രം ഓടുന്ന സ്ഥാനത്ത് ഒരു പകൽ ട്രെയിൻ കൂടി ലഭ്യമായാൽ ബെംഗളൂരു മലയാളികളുടെ യാത്രാ ദുരിതത്തിന് ഒരു പരിധി വരെ പരിഹാരമാകും. തെക്കൻ കേരളത്തിലേക്കു രാവിലെ ബസ് സർവീസുകൾ ഇല്ലാത്തതിനാൽ കെഎസ്ആർ ബെംഗളൂരു–എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിനെയാണ് കൂടുതൽ പേർ ആശ്രയിക്കുന്നത്. വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിൽ പുലർച്ചെ 5.30ന് കന്റോൺമെന്റിൽ നിന്ന് പുറപ്പെടുന്ന വന്ദേഭാരത് ഉച്ചയ്ക്ക് 2.20നു എറണാകുളത്തെത്തും.ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.50നു എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 10നു ബെംഗളൂരുവിലെത്തും. ഓഗസ്റ്റ് 26 വരെയാണ് സർവീസ്. 7 ചെയർകാർ കോച്ചുകളിലായി 447 പേർക്കും ഒരു എക്സിക്യുട്ടീവ് ചെയർകാറിൽ 44 പേർക്കും യാത്ര ചെയ്യാം. 620 കിലോമീറ്റർ ദൂരം ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് 8 മണിക്കൂർ 10 മിനിറ്റും തിരിച്ച് ബെംഗളൂരുവിലേക്ക് 9 മണിക്കൂർ 10 മിനിറ്റുമാണ് യാത്രാസമയം. സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലാണ് സ്റ്റോപ്.

(ആർ.മുരളീധർ (ജനറൽ കൺവീനർ, കർണാടക കേരള ട്രാവലേഴ്സ് ഫോറം)-2
റേക്കുകൾ അനുവദിച്ചാൽ ഒരേ ദിവസം തന്നെ ഇരുവശങ്ങളിലേക്കും സർവീസ് നടത്താൻ സാധിക്കും. ഇതു കൂടുതൽ പേർക്ക് ഉപകാരപ്രദമാകും. ഓണക്കാലത്ത് സ്ഥിരം സർവീസാക്കി മാറ്റുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണം. ബെംഗളൂരുവിൽ കെആർ പുരത്ത് കൂടി സ്റ്റോപ് അനുവദിക്കുന്നത് പരിഗണിക്കണം.ബെംഗളൂരു കന്റോൺമെന്റ്–എറണാകുളം ജംക്‌ഷൻ വന്ദേഭാരത് സ്പെഷൽ എക്സ്പ്രസിന്റെ (06002) ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചയുടൻ തന്നെ നിർത്തിവച്ച റെയിൽവേ നടപടി ആശങ്കയ്ക്കിടയാക്കി. ഓഗസ്റ്റ് 1ന് ബെംഗളൂരുവിൽ
നിന്നുള്ള ആദ്യ സർവീസിന്റെ ബുക്കിങ് ഇന്നലെ ഉച്ചയോടെയാണ് ആരംഭിച്ചത്. 2 മണിക്കൂറിനുള്ളിൽ തന്നെ ഐആർസിടിസി വെബ്സൈറ്റിലെ ബുക്കിങ് ജാലകം അപ്രത്യക്ഷമായി.അതേസമയം എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള ട്രെയിനിന്റെ (06001) ബുക്കിങ് തുടരുന്നുണ്ട്. ജൂലൈ 31,ഓഗസ്റ്റ് 2,4 തീയതികളിലെ ബുക്കിങ് മാത്രമാണ് സ്വീകരിക്കുന്നത്. മറ്റു ദിവസങ്ങളിലെ റിസർവേഷൻ റദ്ദാക്കിയതായും സൈറ്റിൽ വ്യക്തമാക്കിയിരിക്കുന്നു. ബെംഗളൂരുവിൽ നിന്ന് എറണാകുളം വരെ ചെയർകാറിൽ ഭക്ഷണം ഉൾപ്പെടാതെ 1255 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിൽ 2525 രൂപയുമാണ് നിരക്ക്. എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് ചെയർകാറിൽ 1465 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിൽ 2945 രൂപയുമാണ്.